മാരുതിയുടെ വാഹനങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ വായ്പാ സൗകര്യമൊരുക്കുന്നതിനായി മാരുതി സുസുക്കിയും മഹീന്ദ്ര ഫിനാന്‍സും സഹകരണം പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിച്ചുള്ള സുരക്ഷിത യാത്രയ്ക്കായി കൂടുതല്‍ ആളുകള്‍ക്ക് വാഹനം സ്വന്തമാക്കാന്‍ സഹായിക്കുന്നതിനാണ് ഇരുകമ്പനികളും കൈകോര്‍ക്കുന്നതെന്നാണ് സഹകരണം സംബന്ധിച്ച വിശദീകരണം.
മഹീന്ദ്ര ഫിനാന്‍സുമായുള്ള സഹകരണത്തിലൂടെ അര്‍ദ്ധ-ഗ്രാമീണ, ഗ്രാമീണ മേഖലകളിലെയും വരുമാനം തെളിയിക്കുന്ന രേഖകളില്ലാത്തവരെയും മാരുതിയുടെ ഉപയോക്താക്കളാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വാഹന വായ്പകള്‍ക്കായി ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവരുമായി മാരുതി മുമ്പുതന്നെ സഹകരണം പ്രഖ്യാപിച്ചിരുന്നു.
മാരുതി-മഹീന്ദ്ര സഹകരണത്തിലൂടെ പ്രധാനമായി മൂന്ന് ആനുകൂല്യങ്ങളാണ് ഒരുക്കുന്നത്. ബൈ നൗ, പേ ലേറ്റര്‍ സൗകര്യമാണ് ഇതില്‍ പ്രധാനം. വാഹനം വാങ്ങി രണ്ട് മാസത്തിനുശേഷം മുതല്‍ മാത്രം പണം നല്‍കുന്നതാണ് ഈ പദ്ധതി. സ്റ്റെപ്പ്-അപ്പ് ഇഎംഐ പ്ലാനിലൂടെ ആറ് മാസത്തേക്ക് കുറഞ്ഞ ഇഎംഐ നല്കാന് കഴിയും. കരാര്‍ തുകയുടെ 25 ശതമാനം അവസാന ഇഎംഐക്കൊപ്പം അടയ്ക്കുന്നതാണ് മൂന്നാമത്തെ പ്ലാന്‍.
ഇവയ്ക്ക് പുറമെ, കര്‍ഷക ഉപയോക്താക്കള്‍ക്കായി കുറഞ്ഞ തിരിച്ചടവിലുള്ള ത്രൈമാസ ഇഎംഐ പദ്ധതിയും ഒരുക്കുന്നുണ്ട്. വരുമാന രേഖകള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അതിവേഗം വായ്പ അനുവദിക്കുമെന്നാണ് മഹീന്ദ്ര നല്കുന്ന ഉറപ്പ്. എന്നാല്‍, മാരുതിയുടെ വാഹനങ്ങള്‍ക്കുള്ള വായ്പയ്ക്ക് മാത്രമായിരിക്കും ഈ രേഖകളിലെ ഇളവ് നല്‍കുകയെന്നും മഹീന്ദ്ര അറിയിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാരുതിയുടെ ആറ് ലക്ഷത്തിലധികം വാഹനങ്ങള്‍ക്ക് മഹീന്ദ്ര ഫിനാന്‍സ് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. ഇരു കമ്പനികള്‍ക്കും ഇന്ത്യയില്‍ വലിയ നെറ്റ്വര്‍ക്കാണുള്ളത്. മഹീന്ദ്ര ഫിനാന്‍സിന് രാജ്യത്തുടീളം 1450 ബ്രാഞ്ചുകളാണുള്ളത്. അതേസമയം, മാരുതിക്ക് ഇന്ത്യയില്‍ 3086 ഷോറുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: Maruti Suzuki Ties With Mahindra Finance For Easy Car Loans
Published: 09 Jun 2020, 03:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented