അന്നും ഇന്നും എന്നും ഇന്ത്യക്കാരുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡൽ ഏതെന്ന് ചോദിച്ചാൽ ഒറ്റപ്പേരേയുള്ളൂ, മാരുതി സുസുക്കി സ്വിഫ്റ്റ്. ഈ വാഹനം രാജ്യത്തുണ്ടാക്കിയ ഓളം അത്രത്തോളമുണ്ട്. ഇന്ത്യൻ മണ്ണിൽ സ്വിഫ്റ്റ് എത്തിയിട്ട് 20 വർഷം പൂർത്തിയാവുകയാണ്. ഈ കാലയളവിനുള്ളിൽ വിറ്റഴിച്ചതോ 30 ലക്ഷത്തിലധികം യൂണിറ്റുകൾ. ഈ സുപ്രധാന നാഴികക്കല്ല് ആഘോഷമാക്കുകയാണ് കമ്പനി.
നിലവിൽ, സ്വിഫ്റ്റിന് അതിന്റെ ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഏകദേശം 31 ശതമാനം വിപണി വിഹിതമുണ്ട്. കൂടാതെ, മാരുതി സുസുക്കിയുടെ ഇന്ത്യയിലെ വിൽപ്പനയുടെ ഏകദേശം 10 ശതമാനം ഈ ഹാച്ച്ബാക്ക് സംഭാവന ചെയ്യുന്നു.
സ്വിഫ്റ്റിന്റെ ഓരോ തലമുറയും രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും മികച്ച മാറ്റങ്ങളുമായാണ് വന്നത്. ആദ്യ തലമുറ സ്വിഫ്റ്റ് 2005-ലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ഈ മോഡൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ ഒരു പുതിയ ഡിസൈൻ സമീപനം തന്നെയായിരുന്നു. പിന്നീട് 2011-ൽ രണ്ടാം തലമുറ മോഡൽ എത്തി. കൂടുതൽ ലുക്ക് സമ്മാനിക്കുന്ന ഡിസൈൻ രീതി ആയിരുന്നു ഇത്.
മൂന്നാം തലമുറ മോഡൽ അവരിപ്പിച്ചത് 2018-ൽ ആയിരുന്നു. ഫീച്ചറുകളും ഡിസൈൻ മാറ്റങ്ങളും ഉൾപ്പെടുത്തിയായിരുന്നു ആ വരവ്. നിലവിലെ നാലാം തലമുറ സ്വിഫ്റ്റ് കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ അരങ്ങേറിയത്. മികച്ച ഇന്ധനക്ഷമതയ്ക്കായി രൂപകൽപ്പന ചെയ്ത ഒരു Z-സീരീസ് എൻജിനുമായിട്ടായിരുന്നു ഈ മോഡൽ എത്തിയത്.
നാലാം തലമുറ സ്വിഫ്റ്റ്: സവിശേഷതകൾ
വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള ഫ്ലോട്ടിംഗ് 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6 സ്പീക്കർ ആർക്കാമിസ് ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നാവിഗേഷൻ, സുസുക്കി കണക്ട് വഴിയുള്ള 40-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, റിയർ എസി വെന്റുകൾ, ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.

1.2 ലിറ്റർ 3-സിലിണ്ടർ എൻജിനാണ് സ്വിഫ്റ്റിന് കരുത്തേകുന്നത്. പഴയ 1.2 ലിറ്റർ 4-സിലിണ്ടർ കെ-സീരീസ് യൂണിറ്റിന് പകരമാണിത്. 81 ബിഎച്ച്പി കരുത്തും 112 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്മിഷനുകളാണുള്ളത്. ഈ എഞ്ചിൻ സിഎൻജി പതിപ്പിലും ലഭ്യമാണ്. ഇത് 69 ബിഎച്ച്പി കരുത്തും 102 എൻഎം ടോർക്കും നൽകുന്നു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ സ്വിഫ്റ്റ് സിഎൻജി ലഭ്യമാകൂ.
Content Highlights: Maruti Suzuki Swift completes 20 years in India
Published: 20 Jun 2025, 08:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented