ഡീസലില്‍നിന്ന് പെട്രോളിലേക്കുള്ള യാത്രയാണ് മാരുതി സുസുക്കിയുടേത്. അതിന്റെ ഉദാഹരണങ്ങളായിരുന്നു പുതിയ ബ്രെസയും ബെലേനോയും ഇഗ്‌നിസുമെല്ലാം. അതില്‍ കൂടെക്കൂട്ടുന്നതാണ് 'എസ് ക്രോസ്'എന്ന പ്രീമിയം എസ്.യു.വി.യേയും. എസ്.യു.വി. എന്നതിന് പകരം ക്രോസ് ഓവര്‍ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ഭംഗി. ഹാച്ച്ബാക്കിന്റെ രൂപവും എസ്.യു.വി. യുടെയും സെഡാന്റെയും സൗകര്യങ്ങളുമെല്ലാം ഒത്തൊരുമിക്കുന്ന സങ്കരരൂപമാണ് എസ് ക്രോസ്. 

To advertise here,

എന്നാല്‍, ഡീസലില്‍നിന്ന് സ്വന്തം കണ്ടുപിടിത്തമായ പുതിയ 1.5 പെട്രോള്‍ എന്‍ജിനിലേക്കുള്ള ഹൃദയമാറ്റവുമായാണ് എസ് ക്രോസിന്റെ പുതിയ അവതാരം. വന്ന് നാലഞ്ചുമാസത്തിനുള്ളില്‍ത്തന്നെ നല്ല പേരെടുക്കാന്‍ എസ് ക്രോസിന് കഴിഞ്ഞിട്ടുണ്ട്. 2015-ലായിരുന്നു എസ് ക്രോസ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്.യു.വി.), മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ (എം.യു.വി.) വിഭാഗങ്ങള്‍ ഒരുമിക്കുന്നെന്നായിരുന്നു സങ്കല്‍പ്പം. 

കാഴ്ചയുടെ ഭംഗികൊണ്ട് വരവില്‍ത്തന്നെ ആരാധകരെ സൃഷ്ടിക്കാന്‍ എസ് ക്രോസിന് കഴിഞ്ഞു. അന്ന് ഡീസലായിരുന്നു ഹൃദയം. 1.3 ലിറ്റര്‍, 1.6 ലിറ്റര്‍ എന്നിവയായിരുന്നു ഡീസല്‍ എന്‍ജിനുകള്‍. ഇതില്‍ രണ്ടാമത്തെ വിഭാഗമായിരുന്നു കരുത്തുകൊണ്ട് ഹിറ്റായത്. 2017-ല്‍ ആദ്യ മാറ്റവുമായി എസ് ക്രോസെത്തി. 1.6 ലിറ്റര്‍ എന്‍ജിന്‍ പക്ഷേ, ഉണ്ടായിരുന്നില്ല. പിന്നീട് മാരുതിയില്‍നിന്ന് ഡീസല്‍ എന്‍ജിനുകള്‍ വിടവാങ്ങി. അപ്പോള്‍ ആദ്യമായി എസ് ക്രോസിന് പെട്രോള്‍ എന്‍ജിന്‍ കിട്ടി. ഇത് നമ്മള്‍ കണ്ടിട്ടുണ്ട്, സിയാസിലും പുതിയ ബ്രെസയിലും.

രൂപത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. എസ്.യു.വി.യുടേതിനെ അപേക്ഷിച്ച് ഒതുങ്ങിയതാണ് രൂപം. എന്നാല്‍, മുന്‍ഭാഗത്തെ വലിയ ക്രോംപുരട്ടിയ ഗ്രില്ലുകള്‍ കരുത്തിന്റെ പ്രതീകമായി നില്‍ക്കുന്നുണ്ട്. ബോള്‍ഡായ ബോഡിലൈനുകള്‍ എസ്.യു.വി. യാണെന്ന് ഉറപ്പിക്കുന്നു. ബമ്പറിലെ ബ്ലാക്ക് സ്‌കര്‍ട്ടിങ്ങും താഴെ സ്‌കിഡ് പ്ലേറ്റുമെല്ലാം കരുത്തിന്റെ തെളിവുകളാണ്. ഉള്ളിലും മാറ്റങ്ങള്‍ ഒന്നുമില്ല, നിറത്തിലും ഫീച്ചറുകളിലും. അനലോഗ് ഡയലുകളില്‍ത്തന്നെ ഒതുങ്ങിനില്‍ക്കുകയാണ് മാരുതി. 

ഡയലുകള്‍ക്ക് നടുവില്‍ ഡിജിറ്റല്‍ ഡിസ്പ്ലേയുമുണ്ട്. അതില്‍ വാഹനത്തിന്റെ വിവരങ്ങള്‍ ലഭിക്കും. ഗിയര്‍ ഓപ്ഷനടക്കമുള്ളവ അവിടെയുണ്ടാവും. പുതുതായി വന്നത് സുസുക്കിയുടെ സ്മാര്‍ട്ട്പ്‌ളേ സ്റ്റുഡിയോയാണ്. ഏഴിഞ്ച് ടച്ച് സ്‌ക്രീനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്‌ളേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയെല്ലാം ഇതിന്റെ ഭാഗമായുണ്ട്. മുന്‍ സീറ്റുകള്‍ക്ക് നടുവിലുള്ള ഹാന്‍ഡ്റെസ്റ്റുകള്‍ക്ക് താഴെയായി യു.എസ്.ബി. പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മാരുതി സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നല്‍കിയതുപോലെ ഇതിലും ബാറ്ററി പാക്ക് മുന്നിലെ സീറ്റിന് താഴെയാണുള്ളത്.

എന്‍ജിന്‍

ഇതില്‍ ഏറ്റവും വലിയ മാറ്റം എന്‍ജിനിലായതുകൊണ്ട് അതിനെക്കുറിച്ച് പറയാം. ഫോര്‍ സ്പീഡ് ഓട്ടോമാറ്റിക്കായിരുന്നു ഓടിച്ചത്. ഫോര്‍ സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ അടക്കമുള്ളതായതിനാല്‍ ഡ്രൈവിങ് വേറെ ലെവലാണ്. നഗരത്തിലെ കടുത്ത ട്രാഫിക്കില്‍ ആക്‌സിലറേറ്ററില്‍ കാല്‍വെയ്ക്കാതെതന്നെ വണ്ടി ഉരുണ്ടോളും. ഏഴു കിലോമീറ്റര്‍ വരെ ഇങ്ങനെ പതുക്കെ നിരങ്ങിനീങ്ങും. ആക്‌സിലറേറ്റര്‍ അമര്‍ത്തിയാല്‍ കുലക്കമോ ലാഗിങ്ങോ അറിയില്ല. ഗിയര്‍മാറ്റം പലപ്പോഴും അറിയാന്‍ പ്രയാസമാണ്... അത്രയ്ക്കും സ്മൂത്ത്. 

ഹാര്‍ഡ്ഹിറ്റിങ്ങില്‍ ഗിയര്‍ തിരയാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിലും സാധാരണ ഡ്രൈവിങ്ങില്‍ ഇതൊരു പ്രശ്‌നമേ ആകുന്നില്ല. തുറന്ന റോഡില്‍ മികച്ച ഡ്രൈവിങ് അനുഭവം തരാന്‍ പുതിയ എന്‍ജിനാകുന്നുണ്ട്. ഗിയര്‍ഷിഫ്റ്റില്‍ രണ്ടു മോഡുകള്‍കൂടി നല്‍കുന്നുണ്ട്. വിവിധ റോഡുകള്‍ക്കനുസരിച്ച് നിയന്ത്രിക്കാനാണിത്. രണ്ട് എന്നെഴുതിയ മോഡിലിട്ടാല്‍ സെക്കന്‍ഡ് ഗിയറിന് മുകളിലേക്ക് വണ്ടികയറില്ല. സാധാരണ ഇറക്കത്തിലും കയറ്റത്തിലുമെല്ലാം ഉപകരിക്കുന്ന ഒന്നാണിത്. അതിന് താഴെ 'എല്‍' എന്ന മോഡിലിട്ടാല്‍ വാഹനം ലോ ഗിയറില്‍ മാത്രമേ ഓടൂ. ക്രൂയിസ് കണ്‍േട്രാളും ഹില്‍ ഹോള്‍ഡ് അസിസ്റ്റും എസ് ക്രോസില്‍ പുതുമയായി നല്‍കിയിട്ടുണ്ട്.

മൈലേജ്

18 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെയാണ് എസ് ക്രോസിന്റെ എക്‌സ് ഷോറൂം വില.

Content Highlights: Maruti Suzuki S-Cross Petrol Engine Model Test Drive Review