
മഹീന്ദ്ര ഥാര്‍ എന്ന വാഹനം ഇന്ത്യയിലെ വാഹനപ്രേമികളുടെ ഒരുവികാരമാണ്. വേറെ ഏതൊക്കെ വാഹനങ്ങള്‍ വന്നാലും ഥാറിന്റെ തട്ട് താഴ്ന്നുതന്നെയിരിക്കും. കഴിഞ്ഞ നാല് വര്‍ഷമായി ഓരോ ദിവസവും ആരാധകരുടെ എണ്ണം ഉയര്‍ത്തിയ ഈ വാഹനത്തിന്റെ അഞ്ച് ഡോര്‍ പതിപ്പ് മഹീന്ദ്രയുടെ ഒരു പഴയ ഉറപ്പായിരുന്നു. പഴയത് എന്ന പറഞ്ഞാല്‍ നാല് വര്‍ഷം തന്നെ ഈ ഉറപ്പിന് പഴക്കമുണ്ട്. വാക്ക് പാലിക്കാന്‍ മഹീന്ദ്ര വൈകിയതോടെ കമ്പനി മുതലാളിയായ ആനന്ദ് മഹീന്ദ്രയെ പോലും പള്ളുപറഞ്ഞതും ആരാധകരുടെ സ്‌നേഹത്തിന്റെ ഭാഗമായിരുന്നു.
ഓരോ സ്വാതന്ത്ര്യദിനത്തിലും ഓരോ പുതിയ വാഹനവുമായി എത്തുന്ന മഹീന്ദ്ര 2024-ല്‍ ഥാറിന്റെ അഞ്ച് ഡോര്‍ മോഡലാണ് ഇന്ത്യക്കാര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഥാര്‍ റോക്‌സ് എന്ന പേര് നല്‍കിയാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. നാല് വര്‍ഷത്തെ കാത്തിരിപ്പ് നല്‍കിയതിനുള്ള പരിഭവങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുന്ന മാജിക്ക് കൂടിയാണ് മഹീന്ദ്ര ഥാര്‍ റോക്‌സിലൂടെ അവതരിപ്പിച്ചത്. ഥാര്‍ ഫൈവ് ഡോര്‍ അവതരിപ്പിക്കാന്‍ മഹീന്ദ്ര തിരഞ്ഞെടുത്തത് കേരളത്തെ ആയിരുന്നു. സ്വാതന്ത്ര്യം ലഭിച്ചത് പോലെ തന്നെ ഓഗസ്റ്റ് 14-ന് അര്‍ധരാത്രിയില്‍ ആയിരുന്നു മഹീന്ദ്ര ഥാര്‍ റോക്‌സ് എന്ന മോഡൽ പുറത്തിറക്കിയതും.
എന്താണ് ഥാര്‍ റോക്‌സ്
മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡലായ ഥാറിന്റെ അഞ്ച് ഡോര്‍ പതിപ്പായാണ് ഥാര്‍ റോക്‌സ് എന്ന മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. മുന്ന് ഡോറുമായി എത്തിയ ഥാറിനെക്കാള്‍ വലിപ്പം കൂടിയതിനൊപ്പം രണ്ട് ഡോറുകള്‍ കൂടി അധികമായി നല്‍കിയതാണ് പ്രധാനമായും വരുത്തിയിട്ടുള്ള മാറ്റം. എം ഗ്ലൈഡ് എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്‌ഫോമിലേക്കുള്ള മാറ്റത്തിനൊപ്പം ഥാറിനെക്കാള്‍ 443 എം.എം നീളവും 50 എം.എം. വീതിയും 79 എം.എം. ഉയരവും 400 എം.എം. അധിക വീല്‍ബേസും നല്‍കിയാണ് ഥാര്‍ റോക്‌സിനെ ഥാറിനെക്കാള്‍ വലിയ വാഹനമാക്കിയിരിക്കുന്നത്.
റോക്കിങ് സ്‌റ്റൈല്‍
സൗന്ദര്യം കൊണ്ട് ആരാധകരെ സൃഷ്ടിക്കാന്‍ ഥാറിന് സാധിച്ചിട്ടുണ്ടെങ്കില്‍ അതിലും ഒരപടി മുന്നില്‍ നില്‍ക്കും ഥാര്‍ റോക്‌സ്. രൂപത്തില്‍ മാത്രമാണ് ഇരുവാഹനങ്ങള്‍ക്കും സാദൃശ്യമുള്ളത്. ആറ് സ്ലോട്ടുകളായി തിരിച്ച് രണ്ട് കളങ്ങളായി ഒരുക്കിയിരിക്കുന്ന ഗ്രില്ല്, സി ഷേപ്പില്‍ നല്‍കിയിട്ടുള്ള ഡി.ആര്‍.എല്ലിനൊപ്പം സ്‌ക്വയര്‍ പ്രൊജക്ഷന്‍ എല്‍.ഇ.ഡിയില്‍ നല്‍കിയിട്ടുള്ള ലൈറ്റും ചേര്‍ന്നാണ് ഥാര്‍ റോക്‌സില്‍ ഹെഡ്‌ലാമ്പായിരിക്കുന്നത്. ഇരട്ട നിറങ്ങളില്‍ അത്യാവശ്യം വലിപ്പത്തിലാണ് മുന്നിലെ ബമ്പര്‍. ഇതില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ള ഫോഗ്‌ലാമ്പ് പോലും എല്‍.ഇ.ഡിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഡ്രൈവർക്ക് 360 ഡിഗ്രിയിലും കാഴ്ച ഉറപ്പാക്കുന്നതിനുള്ള ക്യാമറയും മുന്നിലുണ്ട്.
അധികം ശ്രദ്ധ ലഭിക്കുന്നില്ലെങ്കില്‍ അര്‍ധവൃത്താകൃതിയിലാണ് വശങ്ങളിലെ വീല്‍ ആര്‍ച്ച് ഒരുക്കിയിട്ടുള്ളത്. 19 ഇഞ്ച് വലിപ്പത്തില്‍ ഇരട്ട നിറങ്ങളില്‍ ഡയമണ്ട് കട്ട് ഫിനിഷിങ്ങിലാണ് അലോയ് വീലുകള്‍. ഇലക്ട്രിക്കലായി മടക്കാന്‍ സാധിക്കുന്ന റിയര്‍വ്യൂ മിററും ഇതിലെ ക്യാറയും വശങ്ങളിലെ പുതുമകളില്‍ ഒന്നാണ്. രണ്ടാം നിരയ്ക്ക് മാത്രമായി രണ്ട് ഡോറുകള്‍ പുതുതായി നല്‍കിയതാണ് വാഹനത്തിലെ തന്നെ പ്രധാന പുതുമ. 90 ഡിഗ്രി വിസ്താരത്തില്‍ തുറക്കാന്‍ സാധിക്കുമെന്നതും പുതിയ ഡോറുകളുടെ സവിശേഷതയാണ്. സി പില്ലറും ക്വാട്ടര്‍ ഗ്ലാസുമാണ് ഥാര്‍ റോക്‌സിന്റെ ഡിസൈനില്‍ ഏറ്റവുമധികം ചര്‍ച്ചയായിട്ടുള്ളത്. കണ്ടുകണ്ട് ഇഷ്ടമാകുന്ന ഡിസൈനാണ് ഈ ഏരിയയിലേത്.
ഏതാനും മാറ്റങ്ങള്‍ ഒഴിച്ചാല്‍ പിന്‍ഭാഗം ത്രീ ഡോര്‍ ഥാറിലേത് പോലെയാണ്. ഡി.ആര്‍.എല്ലിലെ സി ഷേപ്പ് എല്‍.ഇ.ഡി. ലൈറ്റ് ടെയ്ല്‍ലാമ്പിലേക്കും നല്‍കിയിട്ടുണ്ട്. ഈ എല്‍.ഇ.ഡി. ബോഡറിലാണ് റിവേഴ്‌സ്, ടേണ്‍ ഇൻഡിക്കേറ്റര്‍ ലൈറ്റുകള്‍ നല്‍കിയിട്ടുള്ളത്. സ്‌പെയര്‍ വീലിന്റെ സാന്നിധ്യം ഡിസൈനില്‍ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ഇതിലുമുണ്ട് ഒരു ചെറിയ ക്യാമറ. വശങ്ങളിലേക്ക് തുറക്കുന്ന ഡോറും മുകളിലേക്ക് ഉയര്‍ത്തുന്ന ഗ്ലാസും നല്‍കി രണ്ട് സ്‌റ്റെപ്പായാണ് പിന്നിലെ വാതില്‍ തുറക്കുന്നത്. റെഗുലര്‍ ഥാറിലും ഇത് ഇങ്ങനെയൊക്കെ തന്നെയായിരുന്നു. പിന്നിലെ ബമ്പര്‍ ഉള്‍പ്പെടെയുള്ളവ മുന്നിലേതിന്റെ തുടര്‍ച്ച പോലെ തന്നെയാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
റിച്ച് ഇന്റീരിയര്‍
അടുത്ത കാലത്ത് ഹിറ്റായി മഹീന്ദ്രയുടെ എല്ലാ വാഹനങ്ങളുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ഇവയുടെ ഇന്റീരിയര്‍ ആണ്. കൂറെയേറെ ഫീച്ചറുകള്‍ നല്ല അടുക്കും ചിട്ടയുമായി നല്‍കുന്നതാണ് മഹീന്ദ്രയുടെ രീതി. ഥാര്‍ റോക്‌സിന്റെ കാര്യത്തിലും ഈ കീഴ്‌വഴക്കം തെറ്റിച്ചിട്ടില്ല. എടുത്ത് പറയേണ്ടത് ഇന്റീരിയറിന് നല്‍കിയിട്ടുള്ള തൂവെള്ള നിറമാണ്. എക്സ്റ്റീരിയര്‍ നിറം ഏതാണെങ്കിലും ഇന്റീരിയര്‍ വെള്ളയാണ്. വാഹനത്തിന് പ്രീമിയം ഭാവം നല്‍കുന്നതില്‍ ഈ നിറം വഹിക്കുന്ന പങ്ക് വലുതാണ്. ലെതറേറ്റ് മെറ്റീരിയലില്‍ തീര്‍ത്തിരിക്കുന്നതിനാല്‍ തന്നെ വെള്ളം ഉപയോഗിച്ച് തുടയ്ക്കുന്നതിനും തടസമില്ലെന്ന് പറഞ്ഞാണ് നിര്‍മാതാക്കള്‍ തന്നെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുന്നത്.
ഹൈടെക് ഫീച്ചറുകള്‍
ലൈഫ് സ്റ്റൈല്‍ എസ്.യു.വി, ഓഫ് റോഡ് വാഹനം തുടങ്ങിയ വിശേഷങ്ങള്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ സമ്പന്നനാണ് ഥാര്‍ റോക്‌സ്. 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഉയര്‍ന്ന വകഭേദത്തില്‍. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പില്‍ കാര്‍പ്ലേ തുടങ്ങിയ പുതുതലമുറ കണക്ടിവിറ്റി സംവിധാനങ്ങള്‍ക്കൊപ്പം അലക്‌സയുടെ പിന്തുണയും ഇതിലുണ്ട്. പേരുപോലെ തന്നെ എന്റര്‍ടെയ്ന്‍മെന്റിനുള്ള മാര്‍ഗങ്ങളും ഇന്‍ഫര്‍മേഷനുള്ള ആപ്പുകളും ഈ ഡിവൈസില്‍ നല്‍കിയിട്ടുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതേ വലിപ്പത്തിലാണ് തീര്‍ത്തിരിക്കുന്നത്. പൂര്‍ണമായും ഡിജിറ്റലായാണ് ഈ സ്‌ക്രീനും ഒരുക്കിയിട്ടുള്ളത്.
പുതുമയുള്ള ഡിസൈനിലാണ് സ്റ്റിയറിങ് വീല്‍ തീര്‍ത്തിരിക്കുന്നത്. ക്രൂയിസ് കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ സ്റ്റിയറിങ്ങില്‍ തന്നെ നിയന്ത്രിക്കാം. ക്ലൈമറ്റ് കണ്‍ട്രോള്‍ ഓട്ടോമാറ്റിക് ആയിട്ടുണ്ട്. ലാപ്‌ടോപ്പ് പോലും ചാര്‍ജ് ചെയ്യാവുന്ന സ്ലോട്ടുകളും വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്ങും അകത്തളത്തിലെ ഹൈലൈറ്റുകളാണ്. മുന്‍നിരയിലെ സീറ്റുകള്‍ക്ക് വെന്റിലേറ്റഡ് സംവിധാനം ഒരുക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു. ഡ്രൈവര്‍ സീറ്റ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാനും കഴിയും. വിശാലമായ പനോരമിക് സണ്‍റൂഫാണ് മറ്റൊരു പുതുമ. മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാവുന്ന പിന്‍നിര സീറ്റുകളാണ്. ലെഗ്‌റൂം, ഹെഡ്‌റൂം എന്നിവ വിശാലമാണ്. 640 ലിറ്ററിന്റെ സ്റ്റേറേജ് ഉറപ്പാക്കുന്ന വലിയ ബൂട്ടും ഥാര്‍ റോക്‌സില്‍ നല്‍കിയിട്ടുണ്ട്.
മാറാത്ത എന്‍ജിന്‍
മഹീന്ദ്ര ഥാറില്‍ നിന്ന് കടംകൊണ്ട എന്‍ജിനാണ് ഥാര്‍ റോക്‌സിന് കരുത്തേകുന്നത്. മഹീന്ദ്രയുടെ പെട്രോള്‍ എന്‍ജിനായ എംസ്റ്റാലില്‍, ഡീസല്‍ എന്‍ജിനായ എംഹോക്ക് എന്നിവയാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ 177 പി.എസ്. പവറും 375 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിലെ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 175 പി.എസ്. പവറും 370 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. പെട്രോള്‍ എന്‍ജിനിലെ ജി20 എന്നും ഡീസല്‍ എന്‍ജിനിനെ ഡി22 എന്നുമാണ് മഹീന്ദ്ര വിശേഷിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകളാണ് രണ്ട് മോഡലുകളും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
റോഡിലും ഓഫ് റോഡിലും
ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പുകളില്‍ ഈ വാഹനം എത്തുന്നുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവരെ ഉദ്യോശിച്ചുള്ള മോഡലാണ് ഫോര്‍ വീല്‍ ഡ്രൈവ്. മൂന്ന് ഫീച്ചറുകള്‍ കൊണ്ട് മഹീന്ദ്ര അത് ഉറപ്പിച്ചിട്ടുണ്ട്. ക്രൗള്‍ സ്മാര്‍ട്ട്, ഇന്റലി ടേണ്‍, ഇലക്ട്രോണിക് ലോക്കിങ്ങ് ഡിഫറന്‍ഷ്യല്‍ എന്നിവയാണിത്. ഇതിനൊപ്പം നാല് ടെറൈന്‍ മോഡുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. നോര്‍മല്‍, മഡ്, സാന്റ്, സ്‌നോ എന്നിവയാണത്. റിയര്‍ വീല്‍ ഡ്രൈവിലേക്ക് വന്നാല്‍, മഹീന്ദ്രയുടെ മറ്റ് വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള സിപ്പ്, സൂം എന്നീ രണ്ട് ഡ്രൈവ് മോഡുകളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.
- ക്രൗള്‍ സ്മാര്‍ട്ട്- ഓഫ് റോഡ് യാത്രകളില്‍ ഡ്രൈവറിന്റെ ആയാസം കുറയ്ക്കുന്നതാണ് ഈ സംവിധാനം. ക്രൗള്‍ കണ്‍ട്രോള്‍ ആക്ടിവേറ്റ് ചെയ്താല്‍ ഏത് മോശം പ്രതലത്തിലും വാഹനം തന്നെ ആക്‌സിലറേറ്റര്‍ ഇന്‍പുട്ട് നല്‍കുന്നതാണ് ഈ ഫീച്ചര്‍. ഡ്രൈവര്‍ സ്റ്റിയറിങ് നിയന്ത്രിക്കുക മാത്രം ചെയ്താല്‍ മതിയാകും.
- ഇന്റലിടേണ്‍- ഇന്റലിജെന്റ് ടേണ്‍ അസിസ്റ്റ് എന്നും ഇതിനെ വിളിക്കാം. താരതമ്യേന നീളം കൂടിയ വാഹനമായതിനാല്‍ തന്നെ ടേണിങ് റേഡിയസ് കൂടുതലാണ്. എന്നാല്‍, കുറഞ്ഞ സ്ഥലത്ത് വാഹനം തിരിയുന്നതിനാണ് ഈ ഫീച്ചര്‍. സ്റ്റിയറിങ് തിരിയുന്ന വശത്തെ പിന്നിലെ ടയര്‍ ലോക്ക് ആവുകയും മുന്നിലെ ടയര്‍ തിരിഞ്ഞ് വരുന്നതുമാണ് പ്രത്യേകത.
- ലോക്കിങ് ഡിഫറന്‍ഷ്യല്‍- വാഹനം ചെളിയില്‍ താഴുന്നത് പോലെയുള്ള സാഹചര്യത്തില്‍, ട്രാക്ഷന്‍ ലഭിക്കാത്ത ടയര്‍ ലോക്ക് ചെയ്യുകയും ഏതിര്‍ദിശയിലുള്ള ടയറിലേക്ക് പരമാവധി ടോര്‍ക്ക് ലഭിക്കാന്‍ സാഹായിക്കുകയും ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ഓഫ് റോഡുകളിലാണ് ഇത് കൂടുതല്‍ സഹായകമാകുന്നത്.
ഡ്രൈവിങ് അനുഭവം
കാഴ്ചയില്‍ മഹീന്ദ്രയുടെ വാഹനങ്ങളില്‍ ഏറ്റവും തലയെടുപ്പുള്ള മോഡലാണ് ഥാര്‍ റോക്‌സ്. എന്നാല്‍, ഡ്രൈവിങ് സീറ്റിലെത്തിയാല്‍ ഒരു കുഞ്ഞ് വാഹനം ഓടിക്കുന്ന ഫീലാണ്. ഡ്രൈവിംങ് ഈസിയാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സ്റ്റിയറിങ്ങ് ആണ്. ത്രീ ഡോറിലെ ഹൈഡ്രോളിക് സ്റ്റിയറിങ്ങിന് പകരം ഇലക്ട്രിക് സ്റ്റിയറിങ്ങാണ് ഥാര്‍ റോക്‌സില്‍ നല്‍കിയത്. ഫലമോ, അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതും. സസ്‌പെന്‍ഷന്‍ സംവിധാനമാണ് മറ്റൊരു പോയിന്റ്. വാട്ട്‌സ്-ലിങ്ക് സസ്‌പെന്‍ഷന്‍ സംവിധാനമാണ് പുതിയ ഥാറില്‍ നല്‍കിയിട്ടുള്ളത്. ആക്‌സില്‍ മൂവ്‌മെന്റ് കുറയ്ക്കാന്‍ ഇത് ഏറെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സാധാരണയായി ഉണ്ടാകാറുള്ള ഉലച്ചില്‍ കുറഞ്ഞിട്ടുണ്ട്. അഡ്വാന്‍സ്ഡ് ഹൈഡ്രോളിക് റീബൗണ്ട് സ്‌റ്റോപ്പറുകള്‍ നല്‍കിയതും ഡാംപിങ്ങ് ഫ്രീക്വന്‍സിയും ചേരുന്നതോടെ മോശം റോഡിലും മറ്റും ഉണ്ടാകുന്ന അടിയും ക്യാബിനിലേക്ക് എത്തുന്നത് കുറച്ചിട്ടുണ്ട്.
ഡ്രൈവിങ്ങിലേക്ക് വന്നാല്‍ ഡീസല്‍ എന്‍ജിന്‍ മാനുവല്‍ മോഡലാണ് ഓടിക്കാന്‍ കിട്ടിയത്. ഉയര്‍ന്ന ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന എന്‍ജിന്റെ ഗുണം ആദ്യ എടുപ്പില്‍ തന്നെ മനസിലാകും. ഉയര്‍ന്ന റെസ്‌പോണ്‍സാണ് എന്‍ജിന്‍ ഉറപ്പാക്കുന്നത്. മൂന്നാമത്തെ ഗിയറില്‍ തന്നെ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്നുണ്ട്. ആറാമത്തെ ഗിയറില്‍ വാഹനം പറപറക്കും. നാലാമത്തെ ഗിയറില്‍ കുറഞ്ഞ ആര്‍.പി.എമ്മിലും പോലും ജോയിന്റ് ഇടിക്കുന്നില്ലെന്നതും എന്‍ജിന്റെ കാര്യക്ഷമതയുടെ തെളിവാണ്. നാല് ഡിസ്‌ക്ക് ബ്രേക്കുകള്‍ നല്‍കിയിട്ടുള്ളതിനാല്‍ തന്നെ ഉയര്‍ന്ന വേഗതയില്‍ പോലും മികച്ച കണ്‍ട്രോള്‍ ഉറപ്പാക്കും. ആഡാസ് ലെവല്‍ 2 ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങള്‍ ഡ്രൈവിംങ്ങില്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്.
വിലയും നിറവും
ഏഴ് നിറങ്ങളിലാണ് ഥാര്‍ റോക്‌സ് വിപണിയില്‍ എത്തുന്നത്. സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാങ്കോ റെഡ്, എവറെസ്റ്റ് വൈറ്റ്, ഡീപ്പ് ഫോറസ്റ്റ്, നെബുല ബ്ലൂ, ബാറ്റില്‍ഷിപ്പ് ഗ്രേ, ബേണ്‍ഡ് സിയേന എന്നിവയാണ് നിറങ്ങള്‍. ഫോര്‍ വീല്‍ ഡ്രൈവ്, റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ ഈ വാഹനം എത്തുന്നുണ്ടെങ്കിലും റിയര്‍ വീല്‍ ഡ്രൈവ് മോഡലുകളുടെ വില മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിയര്‍ വീല്‍ ഡ്രൈവ് പെട്രോള്‍ മോഡലുകളുടെ പെട്രോള്‍ മാനുവല്‍ മോഡലുകള്‍ക്ക് 12.99 ലക്ഷം രൂപ മുതല്‍ 16.49 ലക്ഷം രൂപ വരെയും, ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 14.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയുമാണ് പ്രാരംഭ വില. ഡീസല്‍ മോഡലുകളുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 17.49 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം രൂപ വരെയും മാനുവല്‍ മോഡലുകള്‍ക്ക് 13.99 ലക്ഷം രൂപ മുതല്‍ 18.99 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. ഫോര്‍ വീല്‍ ഡ്രൈവ് മോഡലുകളുടെ വില പിന്നീട് അറിയിക്കും.
Content Highlights: Mahindra launches the five door model of Thar, Thar Roxx SUV
Published: 19 Aug 2024, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented