16 വര്‍ഷത്തെ പാരമ്പര്യം. 27 ലക്ഷം വാഹനങ്ങളുടെ പിന്‍ബലം. ഈ കരുത്തുമായാണ് മാരുതി സുസുക്കി ഡിസയര്‍ നാലാം തലമുറയിലേക്ക് ചുടവടുവെച്ചിരിക്കുന്നത്. സെഡാന്‍ വാഹനങ്ങളുടെ പ്രതാപം കൈമോശം വന്നെന്ന് പറയുന്നവരുടെ  മുന്നിലേക്കാണ് മാരുതി സുസുക്കി ഈ കണക്കുകള്‍ നിരത്തുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന ആദ്യ അഞ്ച് വാഹനങ്ങളുടെ പട്ടികയില്‍ ഡിസയറുമുണ്ട് എന്നതാണ് വാസ്തവം. മൂന്ന് തലമുറകളിലായി കൈമാറി വന്ന സ്വിഫ്റ്റ് ഡിസയറിന്റെ പാരമ്പര്യം നാലാം തലമുറയിലേക്ക് കൈമാറ്റം ചെയ്യുമ്പോള്‍ ഇനിയങ്ങോട്ടും കോംപാക്ട് സെഡാന്‍ ശ്രേണിയുടെ മേധാവിത്വം ഈ വാഹനത്തില്‍ ഭദ്രമായിരിക്കുമെന്ന് ഉറപ്പാണ്. 

To advertise here,

സ്വന്തമായ മേല്‍വിലാസം

2008-ലാണ് ഡിസയര്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്വിഫ്റ്റ് എന്ന വാഹനത്തിന്റെ സെഡാന്‍ മോഡലായി എത്തിയതിനാല്‍ തന്നെ സ്വിഫ്റ്റ് ഡിസയര്‍ എന്നായിരുന്നു ഈ വാഹനത്തിന്റെ മേല്‍വിലാസം. പിന്നിലേക്ക് നീണ്ടുനില്‍ക്കുന്ന ബൂട്ട് മാറ്റിനിര്‍ത്തിയാല്‍ ഡിസൈനും ഫീച്ചറുമെല്ലാം സ്വിഫ്റ്റിനെ പോലെ തന്നെയായിരുന്നു. രണ്ടാം തലമുറയിലും മൂന്നാം തലമുറയിലും ഈ മേല്‍വിലാസം ഈ വാഹനത്തിന്റെ പേരിനൊപ്പമുണ്ടായിരുന്നു. എന്നാല്‍, നാലാം തലമറയില്‍ സ്വിഫ്റ്റുമായുള്ള ബന്ധം വിച്ഛേദിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. മാരുതി സുസുക്കി ഡിസയര്‍ എന്ന പേരിലേക്ക് മാറിയതോടെ ഡിസൈനിലും സ്വിഫ്റ്റുമായുള്ള സമാനതകള്‍ ഒഴിവാക്കാന്‍ നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായ നീക്കം നടത്തിയിട്ടുണ്ട്.

നാലാം തലമുറയിലേക്ക്

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ സ്വിഫ്റ്റ് എത്തിച്ചപ്പോള്‍ തന്നെ മാരുതി സുസുക്കി ഉറപ്പുനല്‍കിയ വാഹനമായിരുന്നു പുതുതലമുറ ഡിസയര്‍. നാളിതുവരെ കണ്ടുശീലിച്ചത് സ്വിഫ്റ്റിന്റെ ഡിസൈനിലെ ഡിസയറിനെ ആയതുകൊണ്ടുതന്നെ ആര്‍ക്കും വലിയ ആകാംക്ഷയൊന്നും തോന്നിയിരിക്കാനിടയില്ല. അവതരണത്തോട് അടുപ്പിച്ച് എവിടെ നിന്നോ ഒരു ചിത്രം ലീക്കായതോടെയാണ് പുതിയ ഡിസയര്‍ വേറെ ലെവല്‍ ആയിരിക്കുമെന്ന് ഉറപ്പിക്കുന്നത്. നവംബര്‍ ആദ്യവാരം തന്നെ ഡിസയറിന്റെ ചിത്രം ഏകദേശം ക്ലിയറായിരുന്നു. അടിമുടി മാറ്റം എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്ന തരത്തിലാണ് ഡിസയര്‍ മേക്ക്ഓവര്‍ നടത്തി എത്തിയത് എന്നാണ് യാഥാര്‍ഥ്യം.

ഒന്നൊന്നര ലുക്ക്

പുറംമോടിയില്‍ നിന്ന് തുടങ്ങാം. ഡിസയറില്‍ സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത മാറ്റമാണ് ഡിസൈനില്‍ വരുത്തിയത്. ഹൊറിസോണ്ടല്‍ ഷേപ്പിലാണ് മുന്‍ഭാഗം തീര്‍ത്തിരിക്കുന്നത്. ക്രിസ്റ്റല്‍ വിഷന്‍ എന്ന പേരിട്ടുവിളിക്കുന്ന എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ് യൂണിറ്റ്. നേര്‍രേഖ പോലെ നീളുന്ന ഡി.ആര്‍.എല്‍, രണ്ടുവശങ്ങളിലേയും ഹെഡ്‌ലാമ്പിനേയും ഡി.ആര്‍.എല്ലിനേയും ബന്ധിപ്പിച്ച് നല്‍കിയിരിക്കുന്ന ക്രോമിയം ലൈനും ബ്ലാക്ക് സ്ട്രിപ്പും, ഹൊറിസോണ്ടല്‍ പാറ്റേണില്‍ തീര്‍ത്തിരിക്കുന്ന ഗ്രില്ല്, പൂര്‍ണമായും അഴിച്ചുപണിത ബമ്പറും അതില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഫോഗ്‌ലാമ്പുമാണ് മുഖം അലങ്കരിക്കുന്നത്. മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി നല്‍കിയിരിക്കുന്ന ക്ലാംഷെല്‍ ബോണറ്റ് പുതുമയുടെ തുടര്‍ച്ചയാണ്. 

15 ഇഞ്ച് വലിപ്പത്തില്‍ ഇരട്ട നിറങ്ങളില്‍ തീര്‍ത്തിരിക്കുന്ന അലോയി വീല്‍ വശങ്ങളില്‍ നിന്നുള്ള ഡിസൈന്‍ പുതുമയാണ്. 360 ഡിഗ്രി കാഴ്ച ഒരുക്കുന്നതിനായുള്ള ക്യാമറ സൈഡ് മിററിന്റെ താഴെയായി നല്‍കിയിരിക്കുന്നു. ഫെന്‍ഡര്‍ മുതല്‍ ഏറ്റവും പിന്നിലെ പാനലിന്റേത് വരെയുള്ള രൂപകല്‍പ്പനയിലും പുതുമ കാണാന്‍ കഴിയും. ലെന്‍സ് ക്ലിയര്‍ ഗ്ലാസിനൊപ്പം സ്‌മോഗ്ഡ് ഫീല്‍ നല്‍കിയാണ് ടെയ്ല്‍ലാമ്പിന്റെ ഡിസൈന്‍. ട്രൈ ആരോ പാറ്റേണിലുള്ള എല്‍.ഇ.ഡി. ലൈറ്റാണ് ബ്രേക്ക് ലാമ്പായി നല്‍കിയിരിക്കുന്നത്. മാറ്റ് ലൈനുകളും എല്‍.ഇ.ഡിയാണ്. ബൂട്ടില്‍ നല്‍കിയിരിക്കുന്ന ലിപ് സ്‌പോയ്​ലർ, ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ട്രിപ്പ്, നാല് സെന്‍സറുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍ എന്നിവയിലെല്ലാം പുതുമ ദര്‍ശിക്കാനാകും. 

ഉള്ള് കൊള്ളാം

ഇത് തന്നെയല്ലേ അത് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ സ്വിഫ്റ്റില്‍ നിന്ന് കടംകൊണ്ടതാണ് ഡിസയറിന്റെയും അകത്തളം. നാല് നിറങ്ങള്‍ അലങ്കരിക്കുന്ന ഡാഷ്‌ബോര്‍ഡാണ് എടുത്തുപറയാവുന്ന മാറ്റം. ബ്ലാക്ക്-ബീജ് നിറത്തിലുള്ള ഡാഷ്‌ബോര്‍ഡില്‍ ഗ്രേ, സാറ്റിന്‍ വുഡ് സ്ട്രിപ്പ് നല്‍കിയാണ് ആകര്‍ഷകമാക്കിയിരിക്കുന്നത്. ഒമ്പത് ഇഞ്ച് വലിപ്പത്തില്‍ തലയുയര്‍ത്തിയാണ് ഇന്‍ഫോടെയ്‌ൻമെന്റ് സിസ്റ്റം നില്‍ക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിലും അദ്ഭുതമൊന്നും സംഭവിച്ചിട്ടില്ല. രണ്ട് അനലോഗ് ഡയലും ഒരു ഡിജിറ്റല്‍ ഡിസ്‌പ്ലേയും ഉള്‍പ്പെടുന്നതാണിത്. ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് സ്വിഫ്റ്റിലേത് പറച്ചുനട്ടപ്പോള്‍ എ.സി. വെന്റുകള്‍ മൂന്നാം തലമുറ ഡിസയറില്‍ നിന്ന് തന്നെയെടുത്തതാണ്. 

ആവശ്യത്തിന് അണ്ടര്‍ തൈസ് സപ്പോര്‍ട്ടിനും സൈഡ് ബോള്‍സ്‌റ്റേഴ്‌സിനുമൊപ്പം മികച്ച കുഷ്യനിങ്ങുള്ള ഫാബ്രിക് സീറ്റുകളാണ് ഡിസയറിലുള്ളത്. ഡോര്‍ പാഡുകള്‍ക്ക് പ്രീമിയം ഭാവം നല്‍കുന്നതിനുള്ള മിനുക്കുപണികള്‍ വരുത്തിയിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജിങ് പാഡ്, സണ്‍റൂഫ് എന്നിവ നാലാം തലമുറ സ്‌പെഷ്യല്‍ ഫീച്ചറുകളായി സ്ഥാനം പിടിച്ചിട്ടുള്ളവയാണ്. സണ്‍റൂഫിന്റെ വരവ് പിന്‍നിര സീറ്റുകളിലെ ഹെഡ്‌റൂം അല്‍പ്പം കുറച്ചിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള സീറ്റുകള്‍, ഉയര്‍ന്ന ലെഗ്‌റൂം ആവശ്യത്തിന് സപ്പോര്‍ട്ട്, എ.സി. വെന്റ് തുടങ്ങി രണ്ടാം നിരയിലെ യാത്രക്കാരെയും കാര്യമായി പരിഗണിക്കാന്‍ ഡിസയറിന് ആയിട്ടുണ്ട്.

ന്യൂജെൻ ഹൃദയം

2024-ലാണ് മാരുതി സുസുക്കി ജെന്‍-സി ആയത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇസഡ് സീരീസ് എന്‍ജിനിലേക്ക് മാറിയത്. മാരുതിയുടെ അഭിമാന ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിലാണ് ആദ്യമായി നല്‍കിയ ഈ എന്‍ജിനാണ് ഇപ്പോള്‍ ഡിസയറിലും കരുത്തേകാന്‍ എത്തിയിരിക്കുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജെന്‍-ഇസഡ് എന്ന ഓമനപ്പേരില്‍ എത്തിച്ചിരിക്കുന്നത്. 81.9 പി.എസ്. പവറും 111.7 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. അഞ്ച് സ്പീഡ് മാനുവല്‍, എ.ജി.എസ്. ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. മാനുവല്‍ മോഡലിന് 24.79 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡലിന് 25.71 കിലോമീറ്ററുമാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്ന മൈലേജ്. 

ഇടിപ്പരീക്ഷയിലും കേമൻ

മാരുതി സുസുക്കിയുടെ ഏറ്റവും സുരക്ഷിതമായി വാഹനം എന്ന വിശേഷണം ഏറ്റവും നന്നായി ഇണങ്ങുന്നത് ഇനി ഡിസയറിന് തന്നെയായിരിക്കും. കാലാകാലങ്ങളായി പല മോഡലുകളും ക്രാഷ് ടെസ്റ്റിന് ഇറക്കിയിട്ടുണ്ടെങ്കിലും ഫലം  പലപ്പോഴും നിരാശയായിരുന്നു. എന്നാല്‍, പുതുതലമുറ ഡിസയര്‍ മുതിര്‍ന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ ഫൈവ് സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാറും റേറ്റിങ് നേടിയാണ് ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റിനെ അതിജീവിച്ചിരിക്കുന്നത്. അടിസ്ഥാന ഫീച്ചറായി നല്‍കിയിട്ടുള്ള ആറ് എയര്‍ബാഗ്, ഇ.എസ്.പി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, എ.ബി.എസ്. ഇ.ബി.ഡി. ഉള്‍പ്പെടെ 20-ഓളം സുരക്ഷ ഫീച്ചറുകളാല്‍ സമ്പന്നമാണ് നാലാം തലമുറ ഡിസയര്‍. 

റോഡിലെ താരം

ഗോവന്‍ നിരത്തുകളില്‍ വെച്ചാണ് പുതുതലമുറ സ്വിഫ്റ്റുമായി പരിചയപ്പെടുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലാണ്  ആദ്യമായി കൈയില്‍ കിട്ടിയത്. പുതിയ എന്‍ജിനില്‍ എത്തിയ സ്വിഫ്റ്റിന് കേള്‍ക്കേണ്ടിവന്ന പ്രധാന പരിഹാസമായിരുന്നു പവര്‍ ഇല്ല എന്നത്. ഇത് പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ ഡിസയറിന് കേള്‍ക്കേണ്ടി വന്നിരുന്നു. പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടും സ്വിഫ്റ്റിനെക്കാള്‍ 20 കിലോഗ്രാം മാത്രമാണ് അധികഭാരമുള്ളത്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ പെര്‍ഫോമെന്‍സിനെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. എ.ജി.എസ്. സാങ്കേതികവിദ്യയിലുള്ള ഓട്ടോമാറ്റിക് വാഹനമായതിനാല്‍ ട്രാന്‍സ്മിഷന്‍ ലാഗ് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായി നിരാശപ്പെടുത്തിയിട്ടില്ല. 

ഗിയര്‍ മാറുന്നതിന്റെ ഇടവേള കാര്യമായി കുറഞ്ഞിട്ടുണ്ട്. ലോ എന്‍ഡിലും മിഡ് എന്‍ഡിലും മികച്ച പെര്‍ഫോമെന്‍സ് ഈ എന്‍ജിന്‍ ഉറപ്പാക്കുന്നുണ്ട്. മാനുവല്‍ മോഡല്‍ ട്രാന്‍സ്മിഷന്റെ കാര്യത്തിലും പെര്‍ഫോമെന്‍സിലും മികച്ച് നില്‍ക്കുന്നുണ്ട്. മികച്ച ഫീഡ്ബാക്ക് ഉറപ്പാക്കുന്ന സ്റ്റിയറിങ് വീലാണ് ഡിസയറിലേത്. സെഡാന്‍ വാഹനങ്ങളുടെ പൊതുസ്വഭാവം പോലെ മികച്ച ട്യൂണിങ്ങിലാണ് സസ്‌പെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. വാഹനത്തിലെ സംവിധാനങ്ങള്‍ കൊണ്ടും ഒരു ഫാമിലി കാറാകാനും ലുക്കിലെ മികവുകൊണ്ട് യുവാക്കളുടെ വാഹനമാകാനും ഒരുപോലെ കഴിവുള്ള വാഹനമായിരിക്കുകയാണ് ഡിസയര്‍. 6.79 ലക്ഷം രൂപ മുതല്‍ 10.14 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.