
ആള്‍ട്ടോ കഴിഞ്ഞാല്‍ മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡല്‍ എന്ന വിശേഷണം സ്വന്തമാക്കിയ വാഹനമാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്ക്. നിരത്തുകളില്‍ എത്തി രണ്ട് പതിറ്റാണ്ടോട് അടുക്കുന്ന ഈ വാഹനം വില്‍പ്പനയില്‍ ഇപ്പോഴും കുതിപ്പ് തുടരുകയാണ്. മൊത്ത വില്‍പ്പനയില്‍ 30 ലക്ഷം എന്ന വലിയ സംഖ്യ പിന്നിട്ടതാണ് സ്വിഫ്റ്റ് കൈവരിച്ചിരിക്കുന്ന ഏറ്റവും ഒടുവിലെ നേട്ടം. 2005-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
ഒരു വാഹനം എന്നതിനെക്കാളുപരി സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉല്ലാസത്തിന്റെയും പ്രതീകമായാണ് ദശലക്ഷകണക്കിന് വരുന്ന ഉപയോക്താക്കള്‍ സ്വിഫ്റ്റിനെ കാണുന്നത്. ഓരോ തലമുറ മാറ്റത്തിലും വാഹനത്തിന്റെ ശൈലിയിലും സാങ്കേതികവിദ്യയിലും വരുത്തുന്ന മാറ്റങ്ങള്‍ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണ്. സ്വിഫ്റ്റ് കൈവരിക്കുന്ന തുടര്‍ച്ചയായ നേട്ടങ്ങള്‍ ഞങ്ങള്‍ ഉപയോക്താക്കളോട് നന്ദിയുള്ളവരാണെന്ന് മാരുതി സുസുക്കി മേധാവി പാര്‍ഥോ ബാനര്‍ജി അറിയിച്ചു.
2024 മേയ് മാസം പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചതിനുശേഷം വില്പന കുതിച്ചുയര്‍ന്നതായാണ് മാരുതി അറിയിച്ചിരിക്കുന്നത്. 2005-ലാണ് സ്വിഫ്റ്റ് പുറത്തിറക്കിയത്. എട്ടുവര്‍ഷത്തിനുശേഷം 2013-ലാണ് വില്പന പത്തുലക്ഷം കടന്നത്. 2018-ലിത് 20 ലക്ഷം പിന്നിട്ടു. ആഗോളതലത്തില്‍ 65 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്ത്യയാണ് സ്വിഫ്റ്റിന്റെ ഏറ്റവും വലിയ വിപണി. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനങ്ങളുടെ പട്ടികയില്‍ ഒന്നാമാതാണ് സ്വിഫ്റ്റ്.
2005-ലാണ് മാരുതിയുടെ സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വേറിട്ട രൂപം കൊണ്ട് ഈ വാഹനം ശ്രദ്ധേയമായെങ്കിലും 2010-ലാണ് ഈ വാഹനം അഞ്ച് ലക്ഷം എന്ന നാഴികക്കല്ല് താണ്ടുന്നത്. പിന്നീടുള്ള വളര്‍ച്ച അതിവേഗത്തിലായിരുന്നു. 2013-ല്‍ വില്‍പ്പന പത്ത് ലക്ഷത്തിലെത്തി. 2016-ല്‍ 15 ലക്ഷം കടക്കുകയായിരുന്നു. 2018 നവംബര്‍ മാസത്തില്‍ 20 ലക്ഷം വില്‍പ്പനയെന്ന നേട്ടവും സ്വിഫ്റ്റ് കൈയെത്തി പിടിക്കുകയായിരുന്നു. പിന്നീടുള്ള ആറ് വര്‍ഷത്തില്‍ അടുത്ത 10 ലക്ഷം ഉപയോക്താക്കളെ ഒപ്പം കൂട്ടിയാണ് 30 ലക്ഷം കടന്നത്.
സുസുക്കിയുടെ ഹയാബുസ മോട്ടോര്‍സൈക്കിളിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 2005-ല്‍ സ്വിഫ്റ്റ് പിറവിയെടുക്കുന്നത്. എയര്‍ബാഗ്, എ.ബി.എസ്. തുടങ്ങിയ സുരക്ഷ ഫീച്ചറുകള്‍ അന്ന് സ്വിഫ്റ്റിന്റെ ഹൈലൈറ്റ് ആയിരുന്നു. ഫിയറ്റിന്റെ മള്‍ട്ടിജെറ്റ് 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും പെട്രോള്‍ എന്‍ജിനുമായിരുന്നു ആദ്യ തലമുറ സ്വിഫ്റ്റ് എത്തിയത്. 2010-ലാണ് ഈ വാഹനത്തിന് ആദ്യ തലമുറ മാറ്റമുണ്ടാകുന്നത്. 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനൊപ്പം ലുക്കില്‍ ചെറിയ മാറ്റങ്ങളും വരുത്തിയാണ് രണ്ടാം തലമുറ മോഡല്‍ എത്തിയത്.
എട്ട് വര്‍ഷത്തിന് ശേഷമായിരുന്നു പിന്നീടുള്ള തലമുറ മാറ്റം. മാരുതി സുസുക്കിയുടെ ഹാര്‍ട്ട്‌ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയതാണ് മൂന്നാം തലമുറയിലെ സുപ്രധാന മാറ്റം. ലുക്കില്‍ വരുത്തിയ വന്‍ അഴിച്ചുപണിയും ഫീച്ചറുകളില്‍ വരുത്തിയ മാറ്റങ്ങളിലൂടെയും ഈ വാഹനം യുവാക്കളുടെ കൂടി പ്രധാന ചോയിസുകളിലൊന്നായി. മെക്കാനിക്കലായി 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നിവയായിരുന്നു ഓപ്ഷനുകള്‍. പക്ഷെ, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഈ വരവില്‍ സ്വിഫിറ്റില്‍ സ്ഥാനം പിടിച്ചു. 2024-ല്‍ നാലാം തലമുറയിലേക്ക് സ്വിഫ്റ്റ് മാറുകയായിരുന്നു. ഈ മോഡലാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
Content Highlights: Maruti suzuki hot selling hatchback swift achieve 30 lakhs sales milestone
Published: 29 Jun 2024, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented