തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിത്താരയുടെ ഉത്പാദനം അടുത്തിടെയാണ് മാരുതി സുസുക്കി  ഇന്ത്യയിൽ ആരംഭിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര വിപണികൾക്കായി ഇന്ത്യയിലാണ് ഈ എസ്‌യുവി നിർമിക്കുന്നത്. ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്ന് യുകെ, ജർമനി, നോർവേ, ഫ്രാൻസ്, ഡെൻമാർക്ക്, സ്വിറ്റ്‌സർലൻഡ്, നെതർലാൻഡ്‌സ്, സ്വീഡൻ, ഹംഗറി, ഐസ്‌ലാൻഡ്, ഓസ്ട്രിയ, ബെൽജിയം എന്നീ 12 യൂറോപ്യൻ രാജ്യങ്ങളിലേക്ക് 
2,900-ൽ അധികം യൂണിറ്റുകളാണ് കഴിഞ്ഞ മാസം കമ്പനി കയറ്റി അയച്ചത്. വാഹനം ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

To advertise here,

അതിനിടെ, വാഹനത്തിന്റെ സുരക്ഷ സംബന്ധിച്ച പുതിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. മെയ്ഡ്-ഇൻ-ഇന്ത്യ മാരുതി സുസുക്കി ഇവിത്താര യൂറോ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിങ്ങാണ് നേടിയിരിക്കുന്നത്. ഇടിപരീക്ഷയുടെ വീഡിയോ യൂറോ NCAP അവരുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുമുണ്ട്. 

എല്ലാ പരിശോധനയിലും മികച്ച പ്രകടനമാണ് എസ്‌യുവി കാഴ്ചവെച്ചത്. എയർബാഗുകൾ കൃത്യസമയത്ത് വിന്യസിക്കപ്പെട്ടു. കാൽനടയാത്രക്കാരുടെയും വാഹനയാത്രികരുടെയും സുരക്ഷയ്ക്കായും യൂറോ NCAP ടെസ്റ്റുകൾ നടത്തി. ഈ വിലയിരുത്തലിന്റെ ഭാഗമായി ADAS ഫീച്ചറുകളും പരീക്ഷിച്ചു. റിപ്പോർട്ട് അനുസരിച്ച്, മാരുതി സുസുക്കി ഇവിത്താര മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 77 ശതമാനവും, കുട്ടികളുടെ സുരക്ഷയിൽ 85 ശതമാനവും, കാൽനടയാത്രക്കാരുടെ സുരക്ഷയിൽ 79 ശതമാനവും സ്കോർ നേടി. 

സുസുക്കി ഇവിറ്റാരയിലെ സുരക്ഷാ ഫീച്ചറുകളും മികച്ച പ്രകടനം കാഴ്ചവെച്ചു. 72 ശതമാനം സ്കോറാണ് നേടിയത്. 5 സ്റ്റാർ റേറ്റിങ്ങിൽനിന്ന് വാഹനം പിന്നോട്ട് പോയതിനുള്ള ഏക കാരണം മുതിർന്ന യാത്രക്കാരുടെ സുരക്ഷ (AOS) ആയിരുന്നു. 80 ശതമാനം നേടിയിരുന്നെങ്കിൽ, മൊത്തത്തിലുള്ള റേറ്റിംഗ് 5സ്റ്റാർ ആകുമായിരുന്നു. ഇന്ത്യയുടെ സ്വന്തം ഇടിപരീക്ഷയായ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ  5-സ്റ്റാർ റേറ്റിങ്ങായിരുന്നു ഇ-വിത്താര നേരത്തേ നേടിയത്.

ഇ-വിത്താര 

മാരുതി സുസുക്കി ഇലക്ട്രിക് വാഹനങ്ങൾക്കായി വികസിപ്പിച്ചിട്ടുള്ള ഹാർടെക്ട്-ഇ പ്ലാറ്റ്‌ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളിൽ ഇ-വിത്താര വിപണിയിൽ എത്തും. ഒറ്റത്തവണ ചാർജിൽ 500 കിലോമീറ്ററിൽ അധികം റേഞ്ച് ഉറപ്പാക്കുന്നുണ്ട്. എൽഎഫ്പി.(ലിഥിയം അയേൺ ഫോസ്‌ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്.  

49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷൻ ഇ-വിത്താരയിൽ 144 ബിഎച്ച്പി പവറും 189 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് നൽകുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റിൽ 174 ബിഎച്ച്പി പവറും 189 എൻഎം ടോർക്കുമേകുന്ന മോട്ടോറും കരുത്തേകും. ഇ-വിത്തരായുടെ ഓൾ വീൽ ഡ്രൈവ് മോഡലിൽ സുസുക്കിയുടെ ഇ-ഓൾഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 

ഇതിന്റെ റിയർ ആക്സിലിലും 65 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന മോട്ടോർ നൽകുന്നുണ്ട്. ഈ ഇരട്ട മോട്ടോർ മോഡൽ 184 ബിഎച്ച്പി പവറും 300 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏകദേശം 20 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ ഇ-വിത്താര അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര BE6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, എംജി ZS EV തുടങ്ങിയ മോഡലുകളായിരിക്കും പ്രധാന എതിരാളികൾ.