ന്ത്യയിലെ വാഹന വിപണിയിൽ ഏറ്റവുമധികം മത്സരം നടക്കുന്നത് കോംപാക്ട് എസ്‌യുവി വാഹനശ്രേണിയിലാണ്. ഫോർഡ് എക്കോസ്‌പോട്ടിലൂടെയാണ് ഈ സെഗ്മെന്റിന്റെ ഇന്ത്യയിലെ തുടക്കമെങ്കിലും 2016 മുതൽ നായകസ്ഥാനത്ത് മാരുതി സുസുക്കി ബ്രെസ ആയിരുന്നു. ഇന്ത്യൻ വാഹന വിപണിയുടെ വിൽപ്പന ചാർട്ടിൽ ആദ്യ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള ബ്രെസ എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ പത്ത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.

To advertise here,

കഴിഞ്ഞ പത്ത് വർഷങ്ങൾക്കൊണ്ട് ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ 31 ശതമാനം വിപണി വിഹിതം സ്വന്തമാക്കാൻ ഈ വാഹനത്തിന് സാധിച്ചുവെന്നാണ് നിർമാതാക്കളായ മാരുതി സുസുക്കി അവകാശപ്പെടുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയിലെ ടോപ്പ് സെല്ലിങ് വാഹനങ്ങളുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ബ്രെസ നിലയുറപ്പിച്ചിട്ടുണ്ടെന്നും ബ്രാന്റിന്റെ വിൽപ്പനയിൽ വലിയ സ്വാധീനം ഈ വാഹനത്തിനുണ്ടെന്നുമാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ എസ്‌യുവി കാലഘട്ടത്തെ ശക്തിപ്പെടുത്തിയ കഥയാണ് ബ്രെസയുടേത്. പുതിയ കാലഘട്ടത്തിലെ ഉപയോക്താക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് രൂപകൽപ്പന ചെയ്യുകയും ഫീച്ചറുകൾ നിറഞ്ഞ ക്യാബിൻ ഒരുക്കുകയും ചെയ്തതിലൂടെ ഒരു ശക്തമായ എസ്‌യുവി ഡിഎൻഎ നൽകാൻ ഈ വാഹനത്തിന് സാധിച്ചിട്ടുണ്ടെന്നാണ് മാരുതി സുസുക്കിയുടെ മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യുട്ടീവ് ഓഫീസർ പാർഥോ ബാനർജി പറയുന്നത്.

കാലഘട്ടം ആവശ്യപ്പെടുന്ന സൗകര്യങ്ങളും സംവിധാനങ്ങളും നൽകാണ് മാരുതി സുസുക്കി ബ്രെസ നിരത്തുകളിൽ എത്തിയിരിക്കുന്നത്. വാരിക്കോരി നൽകുന്ന ഫീച്ചറുകളെക്കാൾ ഉപരി സ്മാർട്ട് പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ അത്യാവശ്യ ഫീച്ചറുകളും ആറ് എയർബാഗ്, ഹിൽ ഹോൾഡ് അസിസ്റ്റുള്ള ഇഎസ്പി തുടങ്ങിയ നൂതന സുരക്ഷ ഫീച്ചറുകളുമാണ് ഈ വാഹനത്തിൽ ഒരുങ്ങുന്നത്.

മെക്കാനിക്കൽ സംവിധാനങ്ങളിലും ഈ സെഗ്മെന്റിലെ മറ്റ് മോഡലുകളിൽനിന്ന് വ്യത്യസ്തമാണ് ബ്രെസ. മാരുതി സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് ടെക്‌നോളജിയോടുകൂടിയ 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ഇതിലുള്ളത്. 103 ബിഎച്ച്പി പവറും 139 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.

സിഎൻജി ഇന്ധനമായും ബ്രെസ നിരത്തുകളിലെത്തുന്നുണ്ട്. റെഗുലർ മോഡലിൽ നൽകിയിട്ടുള്ള 1.5 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ് സിഎൻജി പതിപ്പിലും കരുത്തേകുന്നത്. എന്നാൽ, 87 ബിഎച്ച്പി പവറും 121.5 എൻഎം ടോർക്കുമാണ് സിഎൻജി മോഡൽ ഉത്പാദിപ്പിക്കുന്ന കരുത്ത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് സി.എൻ.ജി മോഡൽ എത്തുന്നത്. 25.1 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സി.എൻ.ജി ബ്രെസയുടെ ഹൈലൈറ്റ്.