ന്ത്യയിലെ വാഹന ഉപയോക്താക്കളെ സംബന്ധിച്ച് അപ്രതീക്ഷിതമായി ലഭിച്ച നേട്ടമാണ് അടുത്തിടെ നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കാരം. വാഹനങ്ങളുടെ വിലയില്‍ വലിയ കുറവാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. ജിഎസ്ടി പരിഷ്‌കാരത്തെ തുടര്‍ന്ന് മാരുതി സുസുക്കി വാഹനങ്ങളുടെ വിലയില്‍ കൗതുകകരമായ ഒരു മാറ്റവും സംഭവിച്ചിട്ടുണ്ട്. വാഹനശ്രേണിയില്‍ എന്‍ട്രി ലെവല്‍ വാഹനത്തെക്കാള്‍ വില കുറഞ്ഞിരിക്കുകയാണ് അതിന് തൊട്ടുമുകളില്‍ വരുന്ന ഒരു മോഡലിന്.

To advertise here,

മാരുതി സുസുക്കിയുടെ വാഹനശ്രേണിയില്‍ എന്‍ട്രി ലെവല്‍ വാഹനമായി അറിയപ്പെടുന്നത് ആള്‍ട്ടോ കെ10 ആണ്. എന്നാല്‍, ജിഎസ്ടി 2.0-യെ തുടര്‍ന്ന് വാഹനങ്ങളുടെ വില കുറഞ്ഞതോടെ സ്ഥാനം കൊണ്ട് ആള്‍ട്ടോയ്ക്ക് മുകളില്‍ നില്‍ക്കുന്ന എസ്-പ്രെസോയുടെ വില ആള്‍ട്ടോയുടേതിനെക്കാള്‍ താഴ്ന്നിരിക്കുകയാണ്. 3.49 ലക്ഷം രൂപയിലാണ് ഇപ്പോള്‍ എസ്-പ്രെസോയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം, 3.69 ലക്ഷം രൂപയിലാണ് ആള്‍ട്ടോ കെ10-ന്റെ വില ആരംഭിക്കുന്നത്.

മാരുതി സുസുക്കിയുടെ വാഹനനിരയില്‍ ഏറ്റവും വില കുറവുള്ള മോഡല്‍ എന്നതിലുപരി ഇന്ത്യയിലെ കാര്‍ വിപണിയിലെ തന്നെ ഏറ്റവും വില കുറവുള്ള മോഡല്‍ എന്ന ഖ്യാതിയും എസ്-പ്രെസോ സ്വന്തമാക്കിയിരിക്കുകയാണ്. മാരുതിയുടെ വാഹന നിരയിലെ എല്ലാ മോഡലുകള്‍ക്കും ആറ് എയര്‍ബാഗ് നല്‍കിയെങ്കിലും എസ്-പ്രസോയില്‍ ഇത് നല്‍കിയിരുന്നില്ല. ഇതിനൊപ്പം ജിഎസ്ടി പരിഷ്‌കാരം കൂടി വന്നതോടെയാണ് ഈ വാഹനത്തിന്റെ വില ആള്‍ട്ടോയെക്കാള്‍ താഴെയായതെന്നാണ് വിലയിരുത്തല്‍.

ജിഎസ്ടി പരിഷ്‌കാരത്തിന് പിന്നാലെ മാരുതി സുസുക്കിയുടെ വാഹനങ്ങളുടെ വില പുനര്‍നിര്‍ണയിച്ചപ്പോഴും എസ്-പ്രെസോയ്ക്കാണ് ഏറ്റവും അധികം വില കുറഞ്ഞത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് 1.2 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ വിലയില്‍ കുറഞ്ഞിരിക്കുന്നത്. എന്‍ട്രി ലെവല്‍ കാറുകളുടെ വില്‍പ്പനയില്‍ ഇടിവ് നേരിടുന്ന സാഹചര്യത്തില്‍ എസ്‌യുവി സ്വഭാവമുള്ള ഹാച്ച്ബാക്കിന് വില കുറച്ചതിലൂടെ ഈ സെഗ്മെന്റിലേക്ക് ഉപയോക്തക്കളെ ആകര്‍ഷിക്കാണ് മാരുതിയുടെ ശ്രമമെന്നാണ് വിലയിരുത്തലുകള്‍.

നാല് മീറ്ററില്‍ താഴെ വലിപ്പമുള്ള കാറുകള്‍ക്ക് ചുമത്തിയിരുന്ന എല്ലാ സെസുകളും ഒഴിവാക്കുകയും ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറയ്ക്കുകയും ചെയ്തതോടെയാണ് വാഹനങ്ങളുടെ വിലയില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ വാഹന നിര്‍മാതാക്കളെല്ലാം വാഹനങ്ങളുടെ വില പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 22 മുതലാണ് വാഹനങ്ങളുടെ പുതുക്കിയ വില പ്രാബല്യത്തില്‍ വരുത്തിയത്.