മലയാള സിനിമയില്‍ സംവിധായകനായും നടനായും തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് മേജര്‍ രവി. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനായി വര്‍ഷങ്ങള്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച് അദ്ദേഹം സ്വന്തം യാത്രകള്‍ക്കായി സുരക്ഷിതമായ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള എസ്‌യുവി മോഡലായ XC60 ആണ് മേജര്‍ രവി തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്ന പുതിയ വാഹനം.

To advertise here,

സുരക്ഷയ്ക്ക് ഏറ്റവും പ്രധാന്യം നല്‍കി എത്തുന്ന വോള്‍വോ വാഹനങ്ങളിലെ സുപ്രധാന മോഡലുകളില്‍ ഒന്നായ XC60-ക്ക് 67.10 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂരും വോള്‍വോയുടെ ഈ കരുത്തന്‍ വാഹനം സ്വന്തമാക്കിയിരുന്നു. XC60-യുടെ പുതുതലമുറ മോഡല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

ഡിസൈനില്‍ വരുത്തിയ മാറ്റമായിരുന്നു XC60-യുടെ ഈ വരവിലെ പ്രധാന ആകര്‍ഷണം. ഗ്രില്ലിലാണ് ഏറ്റവും ശ്രദ്ധേയമായ രൂപമാറ്റം നല്‍കിയത്. വെര്‍ട്ടിക്കിള്‍ സ്ലോട്ട് ഗ്രില്ലായിരുന്നു മുന്‍ മോഡലുകളില്‍ നല്‍കിയിരുന്നതെങ്കില്‍ പുതിയ മോഡലില്‍ രണ്ട് വശങ്ങളില്‍നിന്ന് ക്രോസായാണ് ഗ്രില്ല് നല്‍കിയിരിക്കുന്നത്. മുന്നിലെ ബമ്പറിന്റെ രൂപകല്‍പ്പനയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍ എന്നിവയുടെ ഡിസൈനില്‍ മാറ്റം വരുത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

മുന്‍ മോഡലുകളെ പോലെ തന്നെ ഫീച്ചര്‍ സമ്പന്നമായാണ് പുതിയ XC60-യുടെയും അകത്തളം ഒരുക്കിയിരിക്കുന്നത്. 11.2 ഇഞ്ച് വലിപ്പത്തില്‍ തീര്‍ത്തിരിക്കുന്ന ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, മസാജിങ് സൗകര്യവും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതുമായി മുന്‍നിര സീറ്റുകള്‍, പനോരമിക് ഗ്ലാസ് റൂഫ് ബോവേഴ്‌സ് ആന്‍ഡ് വില്‍ക്കിന്‍സ് മ്യൂസിക് സിസ്റ്റം എന്നിങ്ങനെ നീളും അകത്തളത്തിലെ ആഡംബരങ്ങള്‍.

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 247 ബിഎച്ച്പി പവറും 360 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും എന്‍ജിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പൈലറ്റ് അസിസ്റ്റ്, ലെയിന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളുള്ള അഡാസ് സ്യൂട്ടാണ് ഇതില്‍ സുരക്ഷ ഉറപ്പാക്കുന്നത്.