വോള്വോയുടെ വാഹന നിരയിലെ ഏറ്റവും വലിയ എസ്‌യുവി മോഡലാണ് XC90-യുടെ ഇലക്ട്രിക് പതിപ്പായാണ് EX90 ഒരുങ്ങിയിരിക്കുന്നത്.

ആഡംബരവും സുരക്ഷയും മുഖമുദ്രയാക്കിയ സ്വീഡിഷ് പ്രീമിയം വാഹന നിർമാതാക്കളായ വോൾവോ, അവരുടെ ഇന്ത്യയിലെ വാഹന നിര കൂടുതൽ കരുത്തുറ്റതാക്കുന്നു. ഇതിന്റെ ഭാഗമായി വോൾവോയുടെ ഇലക്ട്രിക് ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി EX90 ഇന്ത്യയിൽ അവതരിപ്പിച്ചു. വോൾവോ ഇന്ത്യയുടെ വാഹന നിരയിലെ ആദ്യ സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനമെന്ന ഖ്യാതിയുമായി എത്തിയിട്ടുള്ള ഈ വാഹനത്തിന് 1.26 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.
വോൾവോയുടെ വാഹന നിരയിലെ ഏറ്റവും വലിയ എസ്‌യുവി മോഡലായ XC90-യുടെ ഇലക്ട്രിക് പതിപ്പായാണ് EX90 ഒരുങ്ങിയിരിക്കുന്നത്. വോൾവോയുടെ എസ്.പി.എ 2 ഇലക്ട്രിക് വെഹിക്കിൾ ആർക്കിടെക്ചർ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന മോഡലാണ് EX90. വോൾവോ ഇന്ത്യയുടെ ഇലക്ട്രിക് വാഹന നിരയിലെ മൂന്നാമത്തെ മോഡലാണ് XE90. EX30, EC40 എന്നീ ഇലക്ട്രിക് മോഡലുകളാണ് വോൾവോയിൽ നിന്ന് വിപണിയിൽ എത്തിയിരിക്കുന്നത്.
വോൾവോയുടെ തനതായ ഡിസൈൻ ശൈലിയിലും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫീച്ചറുകളുടെ അകമ്പടിയിലുമാണ് EX90-യും ഒരുങ്ങിയിരിക്കുന്നത്. തോർ ഹാമർ എൽഇഡി ഹെഡ്‌ലാമ്പ്, ക്ലോസ്ഡ് ഗ്രില്ല്, ഫ്‌ളെഷ് ഡോർ ഹാൻഡിൽ, സി-ഷേപ്പ് എൽഇഡി ടെയ്ൽലാമ്പ്, സ്റ്റൈലിഷായുള്ള ഡ്യുവൽ ടോൺ ഡയമണ്ട് കട്ട് അലോയി വീലുകൾ എന്നിങ്ങനെ നീളുന്നു ഈ വാഹനത്തെ അലങ്കരിക്കാൻ നൽകിയിട്ടുള്ള ഫീച്ചറുകൾ.
ഫീച്ചർ സമ്പന്നമായാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. വെർട്ടിക്കിളായി നൽകിയിട്ടുള്ള 14.5 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് EX90. ഗൂഗിൾ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകൾ ഇതിൽ ലഭ്യമാകുന്നുണ്ട്. നാപ്പ ലെതർ സീറ്റുകൾ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോക്രാമിക് ഗ്ലാസ് റൂഫ്, 25 സ്പീക്കറുകൾ നൽകിയിട്ടുള്ള ബോവേഴ്‌സ് ആൻഡ് വിൽകിൻസ് ഓഡിയോ സിസ്റ്റം, മൂന്ന് നിരയിലായി നൽകിയിട്ടുള്ള ആറ് സീറ്റുകൾ എന്നിങ്ങനെയാണ് അകത്തളത്തിലെ സംവിധാനങ്ങൾ.
എൻവിഡിയ (NVIDIA) കമ്പ്യൂട്ടിംഗ് ഹാർഡ്വെയറും ക്വാൽകോം സ്‌നാപ്ഡ്രാഗൺ കോക്ക്പിറ്റ് പ്ലാറ്റ്ഫോമുകളുമാണ് EX90-യിലെ ഡിജിറ്റൽ സിസ്റ്റത്തിന് അടിസ്ഥാനം ഒരുക്കിയിരിക്കുന്നത്. കരുത്തുറ്റ സുരക്ഷ സംവിധാനമാണ് മറ്റൊരു ഹൈലൈറ്റ്. അഞ്ച് ക്യാമറകളും അഞ്ച് റഡാറുകളും 12 അൾട്രാസോണിക് സെൻസറുകളുമാണ് സുരക്ഷയൊരുക്കുന്നതിലെ പ്രധാനികൾ. 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പൈലറ്റ് അസിസ്റ്റ് എന്നിങ്ങനെ വേറെയുമുണ്ട് സുരക്ഷ സംവിധാനങ്ങൾ.
വിദേശ നിരത്തുകളിൽ ഒന്നിലധികം ബാറ്ററി പാക്ക് ഓപ്ഷനുകളിൽ വോൾവോ ഈ എസ്‌യുവി എത്തിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഒരെണ്ണം മാത്രമാണ് എത്തുന്നത്. 106 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്കും 462 ബിഎച്ച്പി പവറും 670 എൻഎം ടോർക്കുമേകുന്ന ഇരട്ട മോട്ടോറുകളുമാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 625 കിലോമീറ്റർവരെ സഞ്ചരിക്കാനാകുമെന്നാണ് വോൾവോ അവകാശപ്പെടുന്നത്.
ഡി.സി.,
എ.സി. ചാർജിങ്ങ് ഇതിൽ സാധ്യമാണ്. 350 കിലോവാട്ട് ഹൈ സ്പീഡ് ചാർജർ ഉപയോഗിച്ച് കേവലം 22 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനംവരെ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും. എന്നാൽ, 11 കിലോവാട്ട് എ.സി. ചാർജർ ഉപയോഗിച്ചാണ് ചാർജിങ്ങ് എങ്കിൽ ബാറ്ററി 100 ശതമാനം ചാർജ് നിറയാൻ ഏകദേശം 11 മണിക്കൂർവരെ സമയം എടുക്കുമെന്നാണ് നിർമാതാക്കളായ വോൾവോ അറിയിച്ചിരിക്കുന്നത്.
Content Highlights: Volvo EX90 launched in India at an ex-showroom price of Rs 1.26 crore., First software-defined vehicle from Volvo in India featuring a 106 kWh battery pack., Delivers 462 bhp power and 670 Nm torque with an impressive range of 625 km., Supports 350 kW fast charging to go from 10% to 80% in just 22 minutes., Advanced safety suite including 5 cameras, 5 radars, and 12 ultrasonic sensors.
Published: 20 Oct 2026, 12:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented