‌സ്കോർപിയോ എൻ കാർബൺ പതിപ്പിന് പിന്നാലെ മഹീന്ദ്രയുടെ ഫ്ലാ​ഗ്ഷിപ്പ് എസ്.യു.വിയായ XUV700ഉം ബ്ലാക്ക് എഡിഷനിൽ എത്തുന്നു. എബോണി എഡിഷൻ എന്നാണ് പുതിയ പതിപ്പിന് മഹീന്ദ്ര നൽകിയിരിക്കുന്ന പേര്. പൂർണ്ണമായും കറുപ്പ് നിറത്തിലാകും വാഹനം വിപണിയിലെത്തുക. ലോഞ്ചിന് മുന്നോടിയായി എബോണി എഡിഷന്റെ ടീസറും കമ്പനി പുറത്തുവിട്ടു. മെക്കാനിക്കലായി മാറ്റങ്ങളൊന്നുമില്ലെങ്കിലും ലുക്ക് ഫുൾ ഡാർക്ക് ആണ്.  

To advertise here,

നിലവിലുള്ള ക്രോം ​ഗ്രില്ലിന് പകരം, സ്കോർപിയോ എൻ കാർബൺ പതിപ്പിൽ കണ്ടതിന് സമാനമായ ബ്ലാക്ക് ​​ഗ്രില്ലാകും ഉണ്ടാവുക. 18 ഇഞ്ച് അലോയ് വീലുകളും കറുപ്പിൽ പൊതിയും. എക്സ്റ്റീരിയറിന് സമാനമായി എബോണി എഡിഷന്റെ ഇന്റീരിയർ മുഴുവനായും കറുപ്പ് നിറത്തിൽ ആയിരിക്കും. ഡാഷ്‌ബോർഡും എസി വെന്റുകളും ഉൾപ്പടെ കറുപ്പിൽ ഒരുങ്ങും. നിലവിലുള്ള ഐവറി അപ്ഹോൾസ്റ്ററിയും കറുപ്പാകും. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പടെയുള്ള മറ്റു കാര്യങ്ങൾക്ക് മാറ്റങ്ങളൊന്നുമില്ല.

XUV700ന്റെ ഉയർന്ന വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എബോണി എഡിഷൻ. 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. 197 ബിഎച്ച്പി പവറും 380 എൻ.എം ടോർക്കുമാണ് പെട്രോൾ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളാണ് ഡീസൽ എൻജിനിൽ ഉള്ളത്. ഓട്ടോമാറ്റിക്ക് 182 ബിഎച്ച്പി പവറും 420 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ മാനുവൽ 152 ബിഎച്ച്പി പവറും 370 എൻ.എം ടോർക്കും പുറപ്പെടുവിക്കുന്നു.