ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കക്കാര്‍ എന്ന വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വി. മോഡലായ എക്‌സ്.യു.വി.400 സെപ്റ്റംബര്‍ എട്ടിന് ഇന്ത്യയില്‍ അവതരിപ്പിക്കും. നിരത്തുകളില്‍ എത്തുന്നതിന് മുന്നോടിയായി ഈ വാഹനത്തിന്റെ വരവറിയിച്ചുള്ള ടീസര്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മഹീന്ദ്ര. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

ഈ വര്‍ഷത്തെ ലോക ഇലക്ട്രിക് വാഹനദിനത്തില്‍ ചെലവ് വെളിപ്പെടുത്തുകയാണ്. "അത് ഇലക്ട്രിക്കാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ തന്നെ തുടരുക" എന്ന കുറിപ്പോടെയാണ് മഹീന്ദ്ര എക്‌സ്.യു.വി 400-ന്റെ ടീസര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുഖഭാവത്തിന്റെ ഡിസൈന്‍ വെളിപ്പെടുത്തുന്നതാണ് ടീസര്‍. മഹീന്ദ്രയുടെ എസ്.യു.വികളില്‍ അടുത്തിടെ സ്ഥാനം പിടിച്ച പുതിയ ലോഗോ, എക്‌സ് മോട്ടിഫ് ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലുമാണ് ടീസര്‍ വീഡിയോയിലെ ഹൈലൈറ്റ്. 

റെഗുലര്‍ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി എക്‌സ് ഡിസൈന്‍ നല്‍കി പൂര്‍ണമായും അടഞ്ഞിരിക്കുന്ന ഗ്രില്ലാണ് ഇതിലുള്ളത്. ഹെഡ്‌ലൈറ്റും ഡി.ആര്‍.എല്ലും ഈ വാഹനത്തിന്റെ റെഗുലര്‍ പതിപ്പായ എക്‌സ്.യു.വി 300-ല്‍ നിന്ന് കടമെടുത്തതാണ്. പിന്‍ഭാഗം ഉള്‍പ്പെടെയുള്ള മറ്റ് ഡിസൈന്‍ ഫീച്ചറുകളില്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയിട്ടുമുണ്ട്. അതേസമയം, റെഗുലര്‍ വാഹനങ്ങളില്‍ ഫ്യുവല്‍ ലിഡ് നല്‍കുന്ന സ്ഥാനത്താണ് ഈ വാഹനത്തിന്റെ ഇലക്ട്രിക് ചാര്‍ജിങ്ങ് സ്ലോട്ട് നല്‍കിയിട്ടുള്ളത്. 

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 450 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും എക്‌സ്.യു.വി.400-ല്‍ നല്‍കുക. ഇതിനൊപ്പം 150 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും ഇതില്‍ നല്‍കും. വേരിയന്റുകളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ ബാറ്ററി പാക്കുകള്‍ നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ചുള്ള കൃത്യമായ വിവരം സെപ്റ്റംബര്‍ എട്ടിന് നടക്കുന്ന അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് വിവരം.

2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് മഹീന്ദ്ര ഈ ഇലക്ട്രിക് മോഡലിന്റെ കണ്‍സെപ്റ്റ് പ്രദര്‍ശനത്തിനെത്തിച്ചത്. തൊട്ടടുത്ത വര്‍ഷം എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വരവ് നീണ്ടുപോകുകയായിരുന്നു. 2016-ലാണ് മഹീന്ദ്ര ഏറ്റവുമൊടുവില്‍ ഇലക്ട്രിക് വാഹനം എത്തിക്കുന്നത്. ഇ-വെറിറ്റോയാണ് 2016-ല്‍ മഹീന്ദ്ര എത്തിച്ച മോഡല്‍. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമ്പനിയുടെ മറ്റൊരു ഇലക്ട്രിക് മോഡല്‍ എത്തുന്നത്. ടാറ്റ നെക്‌സോണ്‍ ഇ.വി, എം.ജി. ZS ഇ.വി. എന്നിവയായിരിക്കും എതിരാളികള്‍.