ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്‌യുവി പതിപ്പായ ഥാര്‍ മുഖംമിനുക്കിയെത്തി. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി അഞ്ച് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 9.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അടിസ്ഥാന മോഡലിന് മുന്‍പ് ഉണ്ടായിരുന്നതിനെക്കാള്‍ 32,000 രൂപ വില കുറഞ്ഞിട്ടുണ്ടെന്നതാണ് പ്രധാന സവിശേഷത.

To advertise here,

മുന്‍ മോഡലില്‍ നിന്ന് അകത്തും പുറത്തുമായി ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ പതിപ്പിന്റെ വരവ്. ബോഡി കളറിലുള്ള ഗ്രില്ല്, ഡ്യുവല്‍ ടോണ്‍ ഫ്രണ്ട് ബമ്പര്‍, പുതിയ രണ്ട് എക്സ്റ്റീരിയര്‍ നിറങ്ങള്‍ എന്നിവയാണ് എക്സ്റ്റീരിയറില്‍ പ്രധാനമായും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. ഹെഡ്‌ലാമ്പ്, ടെയ്ല്‍ലാമ്പ്, അലോയി വീല്‍ എന്നിവയുടെ ഡിസൈനില്‍ മാറ്റം വരുത്താതെയാണ് നിര്‍മാതാക്കള്‍ പുതിയ പതിപ്പിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

കറുപ്പണിഞ്ഞ ഡാഷ്‌ബോര്‍ഡ്, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള സ്റ്റിയറിങ് വീല്‍, റിയര്‍ എസി വെന്റുകള്‍, ഡോറിലേക്ക് സ്ഥാനം പിടിച്ചിട്ടുള്ള പവര്‍ വിന്‍ഡോ സ്വിച്ചുകള്‍, മുന്‍നിരയിലെ രണ്ട് യാത്രക്കാര്‍ക്കും പ്രത്യേകമായി നല്‍കിയിട്ടുള്ള ആംറെസ്റ്റ്, എ പില്ലറില്‍ നല്‍കിയിട്ടുള്ള ഗ്രാബ് ഹാന്‍ഡില്‍, സ്റ്റിയറിങ്ങിന്റെ സൈഡിലായി നല്‍കിയിട്ടുള്ള ഫ്യുവല്‍ ലിഡ് സ്വിച്ച് തുടങ്ങിയവയാണ് പ്രധാനമായും മഹീന്ദ്ര ഥാറിന്റെ അകത്തളത്തില്‍ കൊണ്ടുവന്നിട്ടുള്ള പുതുമകള്‍.

2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍, 1.5 ലിറ്റര്‍ സിആര്‍ഡിഇ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഥാര്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 152 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 132 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 119 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളാണ് ഈ എന്‍ജിനൊപ്പം നല്‍കിയിരിക്കുന്നത്.