ലയാളത്തിന്റെ എവർഗ്രീൻ ഹീറോയായ കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയയ്ക്ക് നൽകിയ പിറന്നാൾ സമ്മാനം ഹിറ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ. മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ എസ്‌യുവി മോഡലായ ഥാർ റോക്‌സ് ആണ് കുഞ്ചാക്കോ ബോബൻ, പ്രിയയ്ക്ക് സർപ്രൈസ് പിറന്നാൾ സമ്മാനമായി നൽകിയത്. ഓട്ടോബാൻ മഹീന്ദ്രയാണ് പ്രിയയ്ക്കുള്ള സർപ്രൈസ് സമ്മാനത്തിന് ചുക്കാൻ പിടിച്ചിരിക്കുന്നത്.

To advertise here,

കേവലം ഒരു വാഹനം സമ്മാനമായി നൽകിയെന്നതിനെക്കാൾ നിരവധി പ്രത്യേകതകളുള്ള ഥാർ റോക്‌സ് ആണ് പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സിട്രൈൻ യെല്ലോ നിറത്തിലാണ് പ്രിയയുടെ ഥാർ റോക്‌സ് ഒരുങ്ങിയിരിക്കുന്നത്. ഇതിനുപുറമെ, കേരളത്തിൽ തന്നെ ആദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് ഒരു വാഹനം അൺ വീൽ ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, പ്രിയ, മകൻ ഇസ്ഹാക്ക് ബോബൻ കുഞ്ചാക്കോ എന്നിവർക്കൊപ്പം നിരവധി ആളുകളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഥാർ റോക്സിന്റെ പ്രത്യേക പതിപ്പായി പുറത്തിറക്കിയിരിക്കുന്ന സ്റ്റാർ എഡിഷൻ മോഡലാണ് പ്രിയയ്ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഥാറിന്റെ ഈ പ്രത്യേക പതിപ്പിന് 16.85 ലക്ഷം രൂപ മുതൽ 18.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഥാർ റോക്സിന്റെ റിയർ വീൽ ഡ്രൈവ് പതിപ്പിന്റെ ഉയർന്ന വകഭേദത്തെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള സ്റ്റാർ എഡിഷനിൽ കോസ്മെറ്റിക് മാറ്റങ്ങൾക്കാണ് പ്രധാന്യം നൽകിയിരിക്കുന്നത്.

പെട്രോൾ എൻജിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഡീസൽ എൻജിനൊപ്പം ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളും നൽകിയാണ് ഥാർ റോക്സിന്റെ ഈ പ്രത്യേക പതിപ്പ് എത്തിയിട്ടുള്ളത്. സിട്രൈൻ യെല്ലോ, സ്റ്റെൽത്ത് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ്, ടാംഗോ റെഡ് എന്നീ നാല് നിറങ്ങളിലാണ് സ്റ്റാർ എഡിഷൻ എത്തിയിട്ടുള്ളത്. പിയാനോ ബ്ലാക്ക് നിറത്തിൽ ഒരുങ്ങിയിട്ടുള്ള ഗ്രില്ലും ഈ നിറത്തിൽ തന്നെ ഒരുങ്ങിയിട്ടുള്ള 19 ഇഞ്ച് അലോയി വീലും ഈ പ്രത്യേക പതിപ്പിന്റെ സവിശേഷതയാണ്.

റെഗുലർ ഥാർ റോക്സിൽ നിന്നുള്ള മെക്കാനിക്കൽ ഫീച്ചറുകളാണ് സ്റ്റാർ എഡിഷനും കരുത്തേകുന്നത്. 177 എച്ച്പി പവറും 380 എൻഎം ടോർക്കുമേകുന്ന 2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ എൻജിനും 175 എച്ച്പി പവറും 400 എൻഎം ടോർക്കുമേകുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിനുമാണ് ഈ വാഹനത്തിൽ പ്രവർത്തിക്കുന്നത്. റിയർ വീൽ ഡ്രൈവ് ഓപ്ഷനിൽ മാത്രമാണ് ഈ പ്രത്യേക പതിപ്പ് എത്തുന്നത്. പെട്രോൾ എൻജിനിൽ ഓട്ടോമാറ്റിക്കും ഡീസലിനൊപ്പം രണ്ട് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്.