
ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയുടെ വാഹനനിരയിലെ മികച്ച മോഡലുകളില്‍ ഒന്നായ ബൊലേറോ നിയോയുടെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ബൊലേറോ നിയോ പ്ലസ് എന്ന പേരില്‍ ഒമ്പത് സീറ്റുകളുമായാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. പി4, പി10 എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ബൊലേറോ നിയോ പ്ലസിന് യഥാക്രമം 11.39 ലക്ഷം രൂപയും 12.49 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലകള്‍.
നിരത്തുകളില്‍ ഇതിനോടകം സാന്നിധ്യമറിയിച്ചിട്ടുള്ള ബൊലേറോ നിയോയുമായി ഡിസൈന്‍ പങ്കിട്ടാണ് പ്ലസ് പതിപ്പും എത്തിയിരിക്കുന്നത്. അതേസമയം, ക്യാബിന്‍ സ്‌പേസ് ഉള്‍പ്പെടെ ഉയര്‍ത്തി 4.4 മീറ്റര്‍ നീളത്തിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. യു.എസ്.ബി, ബ്ലുടൂത്ത് കണക്ടിവിറ്റിയുള്ള 22.8 സെന്റീമീറ്റര്‍ വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ആന്റി ഗ്ലെയര്‍ ഐ.ആര്‍.വി.എം. തുടങ്ങിയ അവശ്യ ഫീച്ചറുകളും ഇതിലുണ്ട്.
ബൊലേറൊ നിയോ പ്ലസിന്റെ എന്‍ട്രി ലെവല്‍ മോഡലാണ് പി4. പ്രീമിയം വേരിയന്റായിരിക്കും പി10. ബൊലേറോയുടെ മികവിനൊപ്പം നിയോയുടെ സ്‌റ്റൈലിഷ് ബോള്‍ഡ് ഡിസൈനും പ്രീമിയം ഇന്റീരിയറുകളും സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ബൊലേറോ നിയോ പ്ലസ് എത്തിയിരിക്കുന്നത് എന്നതാണ് പ്രധാന മഹീന്ദ്ര അവകാശപ്പെടുന്നത്. പ്രീമിയം ഇറ്റാലിയന്‍ ഇന്റീരിയറുകളാണ് ഈ വാഹനത്തില്‍ അവകാശപ്പെടാവുന്ന മറ്റൊരു സവിശേഷത.
മഹീന്ദ്രയുടെ 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് ബൊലേറൊ നിയോ പ്ലസ് എസ്.യു.വിക്കും കരുത്തേകുന്നത്. ഇത് 118 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. റിയര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലുമാണ് ഈ എസ്.യു.വി. എത്തിച്ചിരിക്കുന്നത്. ബൊലേറൊ നിയോ മോഡലില്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. 100 ബി.എച്ച്.പിയാണ് റെഗുലര്‍ മോഡല്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്.
2021-ലാണ് നിരത്തൊഴിഞ്ഞ ടി.യു.വി.300-യുടെ പകരക്കാരനായി മഹീന്ദ്ര ബൊലേറൊ നിയോ വിപണിയില്‍ എത്തിക്കുന്നത്. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 9.90 ലക്ഷം രൂപ മുതല്‍ 12.15 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഇതിനുശേഷം 2023-ന്റെ അവസാനത്തോടെ മഹീന്ദ്ര ബൊലേറൊ നിയോ പ്ലസ് മോഡലിനെ അടിസ്ഥാനമാക്കി ആംബുലന്‍സും ഒരുക്കിയിരുന്നു. മഹീന്ദ്രയുടെ ജെന്‍-3 ഷാസിയില്‍ നിയോ പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരുന്നത്.
Content Highlights: Mahindra Launches nine seater version of Bolero Neo Plus in India
Published: 18 Apr 2024, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented