ബൊലേറോയുടെയും ബൊലേറോ നിയോയുടെയും പരിഷ്കരിച്ച പതിപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് മഹീന്ദ്ര.മോഡലുകളുടെ എക്സറ്റീരിയറിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലി മാറ്റങ്ങളൊന്നുമില്ല.

To advertise here,

രണ്ടു മോഡലുകളിലും 'റൈഡ്‌ഫ്ലോ' എന്ന നൂതന റൈഡ് ആൻഡ് ഹാൻഡ്‌ലിങ് സാങ്കേതികവിദ്യയുണ്ട്. മെച്ചപ്പെട്ട സസ്‌പെൻഷൻ സംവിധാനത്തിലൂടെ ഏത് ഭൂപ്രദേശത്തും മികച്ച സ്ഥിരതയും നിയന്ത്രണവും ഇത് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ബൊലേറോയ്ക്ക് 7.99 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലും ബൊലേറോ നിയോയ്ക്ക് 8.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലുമാണ് പുറത്തിറക്കിയിരിക്കുന്നത്.

2025 മഹീന്ദ്ര ബൊലേറോ: സവിശേഷതകൾ

എക്സ്റ്റീരിയർ

മഹീന്ദ്ര ബൊലേറോ അതിന്റെ അടിസ്ഥാന രൂപഘടന നിലനിർത്തിയിട്ടുണ്ട്. എന്നാൽ, അഞ്ച് സ്ലാറ്റുകളുള്ള പുതിയ ഗ്രിൽ, ഫോഗ് ലാമ്പുകൾ, പുതുതായി രൂപകൽപന ചെയ്ത അലോയ് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, വാഹനത്തിന് കൂടുതൽ സ്റ്റൈലിഷ് ലുക്ക് കിട്ടാനായി സ്റ്റെൽത്ത് ബ്ലാക്ക് എന്ന പുതിയ നിറം ചേർത്തതാണ് മഹീന്ദ്ര ബൊലേറോയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.

ഇൻ്റീരിയർ

മുൻ മോഡലിനെ അപേക്ഷിച്ച് അകത്തളം കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. ലെതറെറ്റ് അപ്ഹോൾസ്റ്ററിയും എയർ ഫ്ലോയ്ക്കായി സീറ്റുകളിൽ മെഷ് ഡിസൈനുമുള്ള പരിഷ്കരിച്ച ക്യാബിനാണ് മഹീന്ദ്ര ബൊലേറോയ്ക്ക് ലഭിക്കുന്നത്.

സ്റ്റിയറിങ്ങിൽ ഘടിപ്പിച്ചിട്ടുള്ള ഓഡിയോ കൺട്രോളുകളിലൂടെയും മറ്റ് ഫങ്ഷനുകളിലൂടെയും ഇൻ്റീരിയറിലെ അടിസ്ഥാന കാര്യങ്ങൾ നിയന്ത്രിക്കാനാകും. 7ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റും ഇതിലുണ്ട്.

എൻജിൻ

2025 മഹീന്ദ്ര ബൊലേറോയ്ക്ക് മുൻ പതിപ്പിലെ അതേ എൻജിനാണ് നൽകിയിരിക്കുന്നത്. 75 ബിഎച്ച്പി കരുത്തും 210 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ എംഹോക് 75 ഡീസൽ എൻജിനാണ് ഇതിന് കരുത്തേകുന്നത്.

വേരിയൻ്റും വിലയും

മഹീന്ദ്ര ബൊലേറോയ്ക്ക് ഇപ്പോൾ 9.69 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുള്ള B8 എന്ന പുതിയ ടോപ്പ് വേരിയൻ്റ് ലഭിക്കുന്നുണ്ട്.

വേരിയൻ്റ്, വില (എക്സ്-ഷോറൂം)

B4- 7.99 ലക്ഷം രൂപ

B6- 8.69 ലക്ഷം രൂപ

B6- (O)- 9.09 ലക്ഷം രൂപ

B8- 9.69 ലക്ഷം രൂപ

ബൊലേറോ നിയോ: സവിശേഷതകൾ

മഹീന്ദ്ര ബൊലേറോ നിയോ നിലവിലുള്ള മോഡലിലെ അതേ എൻജിൻ നിലനിർത്തുന്നു. 100 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ എംഹോക് ഡീസൽ എൻജിനാണ് ഇതിലുള്ളത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണ്.

എക്സ്റ്റീരിയർ

2025 മഹീന്ദ്ര ബൊലേറോ നിയോയുടെ രൂപം ഏറെക്കുറേ പഴയ മോഡലിന് സമാനമാണ്. എന്നിരുന്നാലും, വെർട്ടിക്കൽ സ്ലാറ്റുകളുള്ള പുതിയ ഗ്രിൽ, പുതുതായി രൂപകൽപന ചെയ്ത R16 അലോയ് വീലുകൾ എന്നിവയാണ് പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. കൂടാതെ, ജീൻസ് ബ്ലൂ എന്ന പുതിയ നിറവും പുതിയ മഹീന്ദ്ര ബൊലേറോ നിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇൻ്റീരിയർ

ബൊലേറോയിലേത് പോലെ, പരിഷ്കരിച്ച മഹീന്ദ്ര ബൊലേറോ നിയോയുടെ ഉള്ളിലും ലെതറെറ്റ് അപ്ഹോൾസ്റ്ററിയും മെഷ് പാറ്റേണുകളുമുള്ള പുതുക്കിയ ക്യാബിനാണുള്ളത്. എന്നാൽ, ടോപ്പ്-എൻഡ് വേരിയൻ്റിന് ലൂണാർ ഗ്രേ കളർ തീമും താഴ്ന്ന വേരിയൻ്റുകൾക്ക് മോക്ക ബ്രൗൺ തീമും നൽകിയിരിക്കുന്നു.

ഇത് വാഹനത്തിൻ്റെ ഉൾവശത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. ഈ പരിഷ്കാരത്തിനൊപ്പം മഹീന്ദ്ര ബൊലേറോ നിയോയ്ക്ക് ഒരു റിയർ-വ്യൂ ക്യാമറയും 9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റും ലഭിക്കുന്നു.

 

വേരിയൻ്റുകളും വിലയും

പുതിയ ബൊലേറോ നിയോയ്ക്ക് N11 എന്ന പുതിയ വേരിയൻ്റ് കമ്പനി നൽകിയിട്ടുണ്ട്.

വേരിയൻ്റ്, വില (എക്സ്-ഷോറൂം)

N4-8.49 ലക്ഷം രൂപ

N8-9.29 ലക്ഷം രൂപ

N10-9.79 ലക്ഷം രൂപ

N11- 9.99 ലക്ഷം രൂപ