
നിരത്തുകളിലെ വേഗരാജാവ് എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വാഹനമാണ് ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി പുറത്തിറക്കിയിട്ടുള്ള എസ്.യു.വി. മോഡലായ ഉറുസ്. ഇന്ത്യയില്‍ ഉള്‍പ്പെടെ വലിയ സ്വീകാര്യത നേടിയിട്ടുള്ള ഈ സൂപ്പര്‍ എസ്.യു.വിയുടെ പുതിയ പതിപ്പ് ഉറുസ് എസ്.ഇയും ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ് നിര്‍മാതാക്കള്‍. രാജ്യാന്തര വിപണിയില്‍ ഏപ്രിലിൽ അവതരിപ്പിച്ച ഈ വാഹനം ഓഗസ്റ്റ് ഒമ്പതിന് ഇന്ത്യയിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഹൈബ്രിഡ് സാങ്കേതികവിദ്യയിലെത്തുന്നതാണ് ഉറുസ് എസ്.ഇയുടെ പ്രധാന സവിശേഷത. ലംബോര്‍ഗിനിയില്‍ നിന്നെത്തുന്ന രണ്ടാമത്തെ ഹൈബ്രിഡ് മോഡലായിരിക്കും ഉറുസ് എസ്.ഇ. മെക്കാനിക്കലായ ഈ പുതുമയ്‌ക്കൊപ്പം ഡിസൈനിലും ഫീച്ചറുകളിലും ഏതാനും അപ്‌ഡേഷനും കൂടി വരുത്തിയാണ് ഇത്തവണ ഈ ആഡംബര എസ്.യു.വിയുടെ വരവ്. ബി.എം.ഡബ്ല്യു. എക്‌സ്.എം, ഔഡി ആര്‍.എസ്.ക്യു8, ആസ്റ്റന്‍ മാര്‍ട്ടിന്‍ ഡി.ബി.എക്‌സ് 707 എന്നീ വാഹനങ്ങളാണ് പ്രധാന എതിരാളികള്‍.
റെഗുലര്‍ ഉറുസിനെക്കാള്‍ നീളമുള്ള ബോണറ്റാണ് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകുന്ന മാറ്റം. ഇതിനുപുറമെ, റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള ഡിസൈനിന് സമാനമായി മാട്രിക്‌സ് ടെക്‌നോളജിയില്‍ ഒരുക്കിയിട്ടുള്ള ഹെഡ്‌ലാമ്പ്, രൂപമാറ്റം പ്രകടമാക്കുന്ന മുന്നിലേയും പിന്നിലേയും ബമ്പറുകളും ടെയ്ല്‍ഗേറ്റും പുതുമയേകുന്നുണ്ട്. 21,22,23 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകളുമായി ഈ വാഹനം വിദേശ നിരത്തുകളില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഉറുസ് എന്ന വാഹനത്തില്‍ നിന്നും ഉറുസ് എസ്.ഇയിലേക്കുള്ള വളര്‍ച്ചയുടെ മാറ്റം അകത്തളത്തിലും പ്രകടമാണ്. പുതിയ പാനലുകളും എ.സി. വെന്റുകളും അലങ്കരിക്കുന്ന ഡാഷ്‌ബോര്‍ഡാണ് പ്രധാനമായും ശ്രദ്ധയാകര്‍ഷിക്കുന്നത്. റെഗുലര്‍ മോഡലില്‍ നല്‍കിയിരുന്ന 10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ 12.3 ഇഞ്ചിലേക്ക് വലിപ്പം വെച്ചിട്ടുണ്ട്. ലംബോര്‍ഗിനിയുടെ തന്നെ ലംബോ സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളും.
പ്ലെഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മെക്കാനിക്കല്‍ മാറ്റത്തില്‍ പ്രധാനം. ഉറുസില്‍ നല്‍കിയിട്ടുള്ള 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനൊപ്പം 25.9 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോറും പെട്രോള്‍ എന്‍ജിനും ചേര്‍ന്ന് 800 ബി.എച്ച്.പി. പവറും 950 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.
ഇലക്ട്രിക് കരുത്തില്‍ 60 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തില്‍ എത്തുന്ന ഈ വാഹനത്തിന് കേവലം 3.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. 312 കിലോമീറ്ററാണ് ഉറുസ് എസ്.ഇയുടെ പരമാവധി വേഗത. ഉറുസ് എസ്.ഇയുടെ വില അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുക. ഹൈബ്രിഡ് സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളതിനാല്‍ തന്നെ മറ്റ് മോഡലുകളെക്കാള്‍ വില കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Lamborghini Urus SE India launch on August 9
Published: 16 Jul 2024, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented