ഭൂല്‍ ഭുലയ്യ 3 എന്ന ചിത്രത്തിലൂടെ വീണ്ടും തീയറ്ററുകളിലെത്തിയിരിക്കുകയാണ് നടന്‍ കാര്‍ത്തിക് ആര്യന്‍. വിദ്യാ ബാലന്‍,  മാധുരി ദീക്ഷിത്, തൃപ്തി ദിമ്രി എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. നവംബര്‍ ഒന്നിന് റിലീസായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനീസ് ബസ്മീയാണ്. ആഘോഷങ്ങളും പാര്‍ട്ടികളും സജീവമായ ബോളിവുഡില്‍ തന്റെ താല്‍പര്യങ്ങളിലൂടെ വ്യത്യസ്തനാവുകയാണ് കാര്‍ത്തിക് ആര്യന്‍. 

To advertise here,

വാഹനങ്ങളോട് തനിക്കേറെ പ്രിയമാണെന്ന് ദി മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക് പറയുന്നു. കാറുകളോടും ബൈക്കുകളോടുമാണിഷ്ടം. എന്നാല്‍ ബൈക്ക് ഓടിക്കാന്‍ അമ്മ സമ്മതിക്കില്ല. എങ്കിലും എനിക്ക് റോയല്‍ എന്‍ഫീല്‍ഡും ഡുകാട്ടി സ്‌ക്രാബ്ലറും സ്വന്തമായുണ്ട്. പക്ഷെ അവ ഓടിക്കാറില്ല. കാര്‍ത്തിക് പറയുന്നു. 

ആദ്യമായി കാര്‍ വാങ്ങിയ അനുഭവവും കാര്‍ത്തിക് പങ്കുവെച്ചു. 'ഒരു തേഡ് ഹാന്റ് കാറാണ് ഞാന്‍ ആദ്യം വാങ്ങിയത്. ഒരു ടോയോട്ട കോറോള ആയിരുന്നു അത്. അതൊരു പഴയകാര്‍ ആയിരുന്നു. ഡ്രൈവിങ് സൈഡിലുള്ള ഡോര്‍ തകരാറിലായി ശരിയാക്കാന്‍ സാധിക്കുമായിരുന്നില്ല. പാസഞ്ചര്‍ ഡോര്‍ വഴിയാണ് ഞാന്‍ പുറത്തിറങ്ങാറ്. 45000 രൂപയ്ക്കാണ് ആ കാര്‍ ഞാന്‍ വാങ്ങിയത്. എന്റെ സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു. 

ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ കാറിനോട് വല്ലാതെ അടുത്തു. ഒന്നും സാധിക്കാത്ത ദുഷ്‌കരമായ ഒരു ഘട്ടമുണ്ടായിരുന്നു ഒരിക്കല്‍. അപ്പോള്‍ ആ കാര്‍ എന്നോടൊപ്പമുണ്ടായിരുന്നു. ഞാന്‍ ആ കാറില്‍ ഡ്രൈവിന് പോവും. ആ കാര്‍ വിറ്റപ്പോള്‍ വലിയ വിഷമം തോന്നിയിരുന്നു. ഞാന്‍ കാറുകളെ സ്‌നേഹിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അവര്‍ക്ക് സ്‌നേഹം നല്‍കുക തന്നെയാണ്.' കാര്‍ത്തിക് പറഞ്ഞു. 

ഇപ്പോള്‍ ലോകത്തെ ഏറ്റവും വേഗതയേറിയ എസ് യു വികളിലൊന്നായ ലംബോര്‍ഗിന് ഉറൂസിന്റെ ഉടമയാണ് കാര്‍ത്തിക്. 2021 ലാണ് കാര്‍ത്തിക് 3.5 കോടി രൂപ വിലയുള്ള ലംബോര്‍ഗിന് ഉറൂസ് സ്വന്തമാക്കിയത്. 2023 ല്‍ ഒരു ക്ഷേത്രദര്‍ശനത്തിനിടെ നോ പാര്‍ക്കിങ് ഏരിയയില്‍ ഉറൂസ് പാര്‍ക്ക് ചെയ്തതിന് കാര്‍ത്തികിന് പോലീസ് പിഴയിട്ടിരുന്നു. ഈ വാഹനത്തിന്റെ ചിത്രവും അന്ന് പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 

ഭൂല്‍ ഭുലയ്യ 2 വലിയ ഹിറ്റ് ആയതിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാവും ടി സീരീസ് ചെയര്‍മാനുമായ ഭൂഷന്‍ കുമാര്‍ കാര്‍ത്തിക്കിന് 3.73 കോടി രൂപ വിലയുള്ള മക് ലാരന്‍ ജിടി സമ്മാനമായി നല്‍കിയിരുന്നു.