ഇന്ത്യന്‍ വാഹന വിപണിയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത വാഹന നിര്‍മാതാക്കളാണ് കിയ മോട്ടോഴ്‌സ്. പക്ഷേ, ഇന്ത്യയിലെ ഉപയോക്താക്കളുടെ മനസറിഞ്ഞാണ് അവരുടെ ഓരോ വാഹനവും എത്തിച്ചിരിക്കുന്നത്. കിയയുടെ സ്വന്തം ദേശമായ ദക്ഷിണ കൊറിയയിലും വലിയ സ്വാധീനമുള്ള മറ്റ് വിപണികളിലും ഹാച്ച്ബാക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എത്തിച്ചപ്പോഴും ഇന്ത്യയില്‍ എസ്.യു.വി, എം.പി.വി മോഡലുകള്‍ എത്തിച്ചാണ് കിയ വിപണിയില്‍ സ്വന്തമായ സ്ഥാനമുണ്ടാക്കിയെടുത്തത്. ആദ്യമെത്തിച്ച സെല്‍റ്റോസും പിന്നാലെ എത്തിയ സോണറ്റുമെല്ലാം ട്രെൻഡിനനുസരിച്ച് എത്തിയിട്ടുള്ള വാഹനമാണെന്ന് നിസംശയം പറയാം.

To advertise here,

സോണറ്റ്

കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിക്കായി നല്‍കിയ രാണ്ടാമത്തെ മോഡലായിരുന്നു സോണറ്റ് എന്ന കോംപാക്ട് എസ്.യു.വി. ഇന്ത്യയില്‍ ഏറ്റവുമധികം കരുത്താര്‍ജിക്കുന്ന ഒരു ശ്രേണി ആയിട്ടുകൂടി ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വിപണിയില്‍ എത്തി ആദ്യ മാസങ്ങളില്‍ തന്നെ സ്ഥാനം ഉറപ്പിച്ച മോഡലാണ് സോണറ്റ്. കണക്കുകള്‍ നിരത്തി പറഞ്ഞാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 3.68 ലക്ഷം സോണറ്റാണ് കിയ മോട്ടോഴ്‌സ് വിറ്റഴിച്ചതെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന ഫീച്ചറുകളും കോംപാക്ട് എസ്.യു.വിയില്‍ കണ്ണുവെച്ചിരിക്കുന്ന ഉപയോക്താക്കള്‍ക്ക് കൈപ്പിടിയില്‍ ഒതുങ്ങുന്ന വിലയിലുമെത്തിയതാണ് ഈ വാഹനത്തെ ജനപ്രിയമാക്കിയതെന്നാണ് വിലയിരുത്തല്‍.

ആദ്യ മുഖംമിനുക്കല്‍

2020 ഇന്ത്യയില്‍ എത്തിയ സോണറ്റ് ആദ്യമുഖം മിനുക്കലിന്റെ സൂചനകള്‍ നല്‍കി തുടങ്ങിയത് 2023-ന്റെ തുടക്കത്തിലായിരുന്നു. ഈ വര്‍ഷം അവസാനിക്കും മുമ്പുതന്നെ ഈ വാഹനം അവതരിപ്പിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. 'വൈല്‍ഡ് റീബോണ്‍' എന്ന വിശേഷണവുമായാണ് പുതിയ സോണറ്റ് പുറത്തിറക്കിയിരിക്കുന്നത്. വശ്യമായ സൗന്ദര്യമല്ല, വന്യമായ സൗന്ദര്യം തന്നെയാണ് 2023 സോണറ്റിന്റെ മുഖമുദ്ര. ഡിസൈന്‍ സവിശേഷതകളിലേക്ക് നോക്കിയാല്‍ വലിയ അഴിച്ചുപണികള്‍ വരുത്തിയിട്ടില്ലെന്ന് പറയാം. കിയയുടെ സിഗ്നേച്ചറായ ടൈഗര്‍ നോസ് ഗ്രില്ലില്‍ ചെറിയ മിനുക്കുപണികള്‍ മാത്രമാണ് വരുത്തിയിരിക്കുന്നത്. ഡാര്‍ക്ക് ക്രോമിയം സ്റ്റഡുകളും നല്‍കിയിട്ടുണ്ട്. പൂര്‍ണമാറ്റം ഹെഡ്‌ലാമ്പിലാണ്. പൂര്‍ണമായും എല്‍.ഇ.ഡിയില്‍ ഒരുങ്ങി, പുതിയ ഡിസൈനില്‍ ഡി.ആര്‍.എല്ലും നല്‍കിയതാണ് മാറ്റം.

വേരിയന്റുകള്‍ക്ക് അനുസരിച്ച് ഡിസൈന്‍ മാറ്റം വരുത്തി ഒരുക്കിയിട്ടുള്ള 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് വശങ്ങളെ ആകര്‍ഷകമാക്കുന്നത്. ലെയ്ന്‍ വാച്ച് ക്യാമറ രണ്ട് വശങ്ങളിലെ റിയര്‍വ്യൂ മിററിലും നല്‍കിയിട്ടുണ്ട്. പിന്നിലെ ടയറുകള്‍ക്കൊപ്പവും ഡിസ്‌ക് ബ്രേക്കുകള്‍ വരുത്തിയതും ഈ വരവിലെ മാറ്റമായി വിശേഷിപ്പിക്കാം. നിലവില്‍ എസ്.യു.വികളുടെ പൊതുസ്വഭാവമായ ടെയ്ല്‍ലൈറ്റുകളെ ബന്ധിപ്പിക്കുന്ന കണക്ടഡ് എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പാണ് പിന്നിലെ പുതുമ. ടെയ്ല്‍ലാമ്പുകളും എല്‍.ഇ.ഡിയായി രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. ബമ്പറിലെ ചെറിയ ഡിസൈന്‍ മാറ്റത്തിനൊപ്പം സ്‌കിഡ് പ്ലേറ്റുകളും നല്‍കിയതോടെ പിന്‍വശത്തെ മാറ്റങ്ങളും പൂര്‍ണമാകുന്നു. ബാഡ്ജിങ്ങുകള്‍ എല്ലാം തന്നെ മുന്‍മോഡലില്‍ നിന്നും കടംകൊണ്ടവ തന്നെയാണ്.

റിച്ചാണ് അകത്തളം

കാഴ്ചയില്‍ സിംപിളാണെങ്കിലും ഫീച്ചറുകളുടെ അടിസ്ഥാനത്തില്‍ സമ്പന്നമാണ് സോണറ്റിന്റെ അകത്തളം. വലിപ്പത്തില്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനോടും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടും വേര്‍തിരിവ് കാണിച്ചിട്ടില്ല. രണ്ടും 10.25 ഇഞ്ച് വലിപ്പത്തിലാണ് ഒരുക്കിയിരിക്കുന്നത്. 70-ഓളെ കണക്ടഡ് ഫീച്ചറുകളാണ് ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പൂര്‍ണമായും ഡിജിറ്റലാണ്. സ്റ്റിയറിങ്ങ് വീലിന്റെ ഡിസൈനില്‍ മാറ്റമില്ലെങ്കിലും വേരിയന്റിന്റെ പേര് ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നത്. പുതുമയാണ്. ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയവയെല്ലാം സോണറ്റിന്റെ മുന്‍മോഡലില്‍ നല്‍കിയിരുന്നവ തന്നെയാണ്. 

മുന്‍നിരയിലെ രണ്ട് സീറ്റുകളും വെന്റിലേറ്റഡ് സംവിധാനത്തിലാണ് വന്നിരിക്കുന്നത്. കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ ആദ്യമായി വെന്റിലേറ്റഡ് സീറ്റുകള്‍ നല്‍കിയ ക്രെഡിറ്റ് 2020-ല്‍ തന്നെ സോണറ്റിന് സ്വന്തമായിരുന്നു. പുതിയ പതിപ്പില്‍ അത് കൂടുതല്‍ വേരിയന്റുകളില്‍ ലഭ്യമാക്കുന്നുണ്ട്. വൈറസ് പ്രൊട്ടക്ഷന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള എയര്‍ പ്യൂരിഫയര്‍ സംവിധാനം ഈ വരവിലെ ഹൈലൈറ്റാണ്. സണ്‍ ബ്ലൈന്‍ഡ് പോലെ ഈ സെഗ്മെന്റില്‍ സോണറ്റിന് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ഏതാനും ഫീച്ചറുകളും ഈ വരവില്‍ സോണറ്റ് നല്‍കുന്നുണ്ട്.

സുരക്ഷ മുഖ്യം

2023-ലെ മുഖംമിനുക്കലില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുള്ളത് സേഫ്റ്റിക്കാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി സോണറ്റിന്റെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗ് സ്റ്റാന്റേഡ് ഫീച്ചറായി നല്‍കുന്നുണ്ട്. ഇവയ്‌ക്കൊപ്പം 25 സുക്ഷ ഫീച്ചറുകളാണ് കിയ മോട്ടോഴ്‌സ് സോണറ്റ് എസ്.യു.വിയില്‍ ഒരുക്കിയിരിക്കുന്നതില്‍ ഇത് 10 എണ്ണവും ലെവല്‍ വണ്‍ അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനത്തില്‍ (അഡാസ്) അധിഷ്ഠിതമായുള്ളതാണെന്നതും സവിശേഷതയാണ്. മറ്റ് ഫീച്ചറുകള്‍ 15 എണ്ണവും ഇതില്‍ നല്‍കിയിട്ടുണ്ട്. ഫൈന്‍ഡ് മൈ കാര്‍ എന്ന ഫീച്ചര്‍ പല വാഹനത്തിലും കണ്ടിട്ടുണ്ടെങ്കിലും അതിനൊപ്പം 360 ഡിഗ്രി മൊബൈല്‍ വ്യൂ കൂടി നല്‍കുന്നതും 2023 സോണറ്റിന്റെ സവിശേഷതയായി വിശേഷിക്കാവുന്നതാണ്.

അഡാസ് ഫീച്ചറുകള്‍

1, ഫ്രണ്ട് കൊളീഷന്‍ വാണിങ്ങ്
2, ഫ്രണ്ട് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റന്റ് പെഡസ്ട്രിയന്‍.
3, ഫ്രണ്ട് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റന്റ് സൈക്കിളിസ്റ്റ്.
4, ഫ്രണ്ട് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റന്റ്  കാര്‍.
5, ലീഡിങ് വെഹിക്കിള്‍ ഡിപാര്‍ച്ചര്‍ അലേര്‍ട്ട്.
6, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ്.
7, ലെയ്ന്‍ കീപ്പ് അസിസ്റ്റ്.
8, ലെയ്ന്‍ ഫോളോയിങ്ങ് അസിസ്റ്റ്.
9, ഹൈ ബീം അസിസ്റ്റ്.
10, ഡ്രൈവര്‍ അറ്റെന്‍ഷന്‍ വാണിങ്.

ഈ പത്ത് ഫീച്ചറുകളാണ് അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനത്തില്‍ അധിഷ്ഠിതമായി 2023 സോണറ്റില്‍ ഒരുക്കിയിരിക്കുന്നത്. എമര്‍ജന്‍സി സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ബ്രേക്ക് ഫോഴ്‌സ് അസിസ്റ്റ് സിസ്റ്റം, എമര്‍ജന്‍സി സ്‌റ്റോപ്പ് സിഗ്നല്‍, ഇംപാക്ട് സെന്‍സിങ് ഓട്ടോ ഡോര്‍ അണ്‍ലോക്ക്, ഹൈലൈന്‍ ടയര്‍ പ്രഷര്‍ മോണിറ്റര്‍ തുടങ്ങി 15-ഓളം മറ്റ് സുരക്ഷാ ഫീച്ചറുകളും സോണറ്റിന്റെ പുതിയ പതിപ്പില്‍ കിയ മോട്ടോഴ്‌സ് ഒരുക്കിയിട്ടുണ്ട്.

മെക്കാനിക്കലി റിച്ച്

സ്പീഡ് വേണ്ടവര്‍ക്കും മൈലേജിന് പ്രാധാന്യം നല്‍കുന്നവര്‍ക്കും സാധാരണനിലയില്‍ ഡ്രൈവിങ്  ആസ്വദിക്കുന്നവര്‍ക്കുമെല്ലാമുള്ള ഓപ്ഷനുകള്‍ സോണറ്റില്‍ ഒരുക്കിയിട്ടുണ്ടെന്നതാണ് ഈ വാഹനത്തിനെ ജനപ്രിയമാക്കുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ, 1.2 ലിറ്റര്‍ പെട്രോള്‍ നാച്വറലി ആസ്പിരേറ്റഡ്, 1.5 ലിറ്റര്‍ സി.ആര്‍.ഡി.ഐ. ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനിലാണ് സോണറ്റ് എത്തുന്നത്. ഇവയ്‌ക്കെല്ലാമായി ഏഴ് സ്പീഡ് ഡി.സി.ടി, ആറ് സ്പീഡ് ഐ.എം.ടി, ആറ് സ്പീഡ് ഓട്ടോമാറ്റിക്-മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍ അഞ്ച് സ്ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും നല്‍കുന്നുണ്ട്. ഡീസല്‍ എന്‍ജിന്‍ മാനുവല്‍ മോഡല്‍ സോണറ്റ് നിരയില്‍ സ്ഥാനം പിടിച്ചതും പുതുമയാണ്. 

1.2 ലിറ്റര്‍ എന്‍.എ. പെട്രോള്‍ എന്‍ജിന്‍ 83 പി.എസ്. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ഈ മോഡലിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൂട്ടത്തില്‍ കരുത്തന്‍. 120 പി.എസ്. പവറും 172 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഐ.എം.ടി, ഏഴ് സ്പീഡ് ഡി.സി.ടി. എന്നീ മികച്ച ട്രാന്‍സ്മിഷന്‍ ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 116 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഐ.എം.ടി. എന്നിവയാണ് ഈ എന്‍ജിനൊപ്പം ചേര്‍ത്തിട്ടുള്ള ട്രാന്‍സ്മിഷുകള്‍.

ഇഷ്ടപ്പെട്ട നിറം ഇഷ്ടംപോലെ വേരിയന്റ്

എച്ച്.ടി-ലൈന്‍, ജി.ടി-ലൈന്‍, എക്‌സ്-ലൈന്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി ഏഴ് വേരിയന്റുകളിലാണ് സോണറ്റ് എത്തിയിട്ടുള്ളത്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലായി എച്ച്.ടി.ഇ, എച്ച്.ടി.കെ, എച്ച്.ടി.കെ. പ്ലസ്, എച്ച്.ടി.എക്‌സ്, എച്ച്.ടി.എക്‌സ് പ്ലസ്, ജി.ടി.എക്‌സ് പ്ലസ്, ജി.ടി.എക്‌സ് എക്‌സ്-ലൈന്‍ എന്നിവയാണ് സോണറ്റ് വേരിയന്റുകള്‍. പ്യൂറ്റര്‍ ഒലിവ്, ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്പാര്‍ക്ലിങ്ങ് സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേള്‍, ഇന്‍ടെന്‍സ് റെഡ്, ഇംപീരിയല്‍ ബ്ലൂ, ക്ലിയര്‍ വൈറ്റ്, ഇന്‍ടെന്‍സ് റെഡ് വിത്ത് അറോറ ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ് പേള്‍ വിത്ത് അറോറ ബ്ലാക്ക് പേള്‍ എന്നിവയ്‌ക്കൊപ്പം എക്‌സ്-ലൈനില്‍ മാത്രമായി മാറ്റ് ഗ്രാഫൈറ്റ് നിറത്തിലും സോണറ്റ് എത്തുന്നുണ്ട്.