2020-ല്‍ കിയ മോട്ടോഴ്സിന്റെ രണ്ടാമത്തെ മോഡലായാണ് കോംപാക്ട് എസ്.യു.വിയായ സോണറ്റ് ഇന്ത്യയിൽ അരങ്ങേറുന്നത്. വിപണിയിലെത്തി മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി 2024 ജനുവരിയിൽ വാഹനത്തിന്റെ മുഖംമിനുക്കിയ മോഡലും കമ്പനി അവതരിപ്പിച്ചു. കോംപാക്ട് എസ്.യു.വി ശ്രേണിയിലെ ജനപ്രിയ മോഡലാകാനും കുറഞ്ഞനാളുകൾ കൊണ്ട് സോണറ്റിനായി.
വിപണിയിലെത്തിയതു മുതൽ എതിരാളികളെ വിറപ്പിച്ചാണ് സോണറ്റിന്റെ വിൽപന കുതിക്കുന്നത്. ഇത് തെളിയിക്കുന്ന കണക്കാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സോണറ്റിന്റെ ഫെയ്സ് ലിഫ്റ്റ് മോഡലിന്റെ ഒരു ലക്ഷം യൂണിറ്റുകൾ ഇതുവരെ വിറ്റഴിഞ്ഞെന്ന് കിയ അറിയിച്ചു. വാഹനത്തിന്റെ 10000 യൂണിറ്റുകളാണ് പ്രതിമാസം വിൽപന നടത്തുന്നതെന്നും ദക്ഷിണ കൊറിയൻ കമ്പനിയായ കിയ വ്യക്തമാക്കി.
22 വേരിയന്റുകളിലായാണ് സോണറ്റ് വിപണിയിലുള്ളത്. 79 ശതമാനം ഉപഭോക്താക്കളും തിരഞ്ഞെടുക്കുന്നത് സൺറൂഫ് ഉള്ള വേരിയന്റുകളാണ്. 76 ശതമാനം പേരോ അല്ലെങ്കിൽ നാലിൽ മൂന്ന് പേരോ സ്വന്തമാക്കുന്നത് 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എൻജിനോ 1.0 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ എൻജിനോ ആണ്. ബാക്കി 24 ശതമാനം പേർ തിരഞ്ഞെടുക്കുന്നത് 1.5 ലിറ്റര്‍ സി.ആര്.ഡി.ഐ. ഡീസല്‍ മോഡലാണ്. ഇനി ട്രാൻസ്മിഷന്റെ കാര്യമെടുത്താൽ, 34 ശതമാനം ഉപഭോക്താക്കളും മുൻഗണന നൽകുന്നത് ഓട്ടോമാറ്റിക് അല്ലെങ്കിൽ ഇന്റലിജൻഡ് മാനുവൽ (ഐഎംടി) ഓപ്ഷനുകൾക്കാണ്.
1.0 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ, 1.2 ലിറ്റര്‍ പെട്രോള്‍ നാച്വറലി ആസ്പിരേറ്റഡ്, 1.5 ലിറ്റര്‍ സി.ആര്.ഡി.ഐ. ഡീസല്‍ എന്നീ മൂന്ന് എന്ജിന് ഓപ്ഷനിലാണ് സോണറ്റ് എത്തുന്നത്. ഇവയ്ക്കെല്ലാമായി ഏഴ് സ്പീഡ് ഡി.സി.ടി, ആറ് സ്പീഡ് ഐ.എം.ടി, ആറ് സ്പീഡ് ഓട്ടോമാറ്റിക്-മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍ എന്നിങ്ങനെ അഞ്ച് ട്രാന്സ്മിഷന് ഓപ്ഷനുകളും നല്‍കുന്നുണ്ട്.
1.2 ലിറ്റര്‍ എന്‍.എ. പെട്രോള്‍ എന്ജിന് 83 പി.എസ്. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ഈ മോഡലിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് മാത്രമാണ് നല്‍കിയിട്ടുള്ളത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൂട്ടത്തില്‍ കരുത്തന്. 120 പി.എസ്. പവറും 172 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് എ.ടി, ഏഴ് സ്പീഡ് ഡി.സി.ടി. എന്നീ മികച്ച ട്രാന്സ്മിഷന് ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്.
1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് 116 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഐ.എം.ടി. എന്നിവയാണ് ഈ എന്‍ജിനൊപ്പം ചേര്‍ത്തിട്ടുള്ള ട്രാന്സ്മിഷുകള്. എട്ട് ലക്ഷം രൂപമുതലാണ് സോണറ്റിന്റെ എക്സ് ഷോറും വില ആരംഭിക്കുന്നത്. ഹ്യുണ്ടായ് വെന്യൂ, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്.യു.വി 3XO എന്നീ മോഡലുകളാണ് പ്രധാന എതിരാളികൾ.
Content Highlights: Kia Sonet Facelift Achieves 1 Lakh Sales
Published: 31 Dec 2024, 01:25 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented