ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി. ശ്രേണിയിലെ കരുത്തന്‍ സാന്നിധ്യമായ കിയ സോണറ്റ് മുഖംമിനുക്കിയെത്തുന്നു. ഡിസംബര്‍ മാസത്തില്‍ പ്രദര്‍ശത്തിനെത്തുന്ന ഈ വാഹനത്തിന്റെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 2024-ന്റെ തുടക്കത്തിലായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 2020 ഓഗസ്റ്റില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിതുടങ്ങിയ ഈ വാഹനം മൂന്ന് വര്‍ഷത്തിനിപ്പുറമാണ് ആദ്യ മുഖംമിനുക്കലിന് ഒരുങ്ങുന്നതെന്നാണ് വിലയിരുത്തലുകള്‍.

To advertise here,

മുഖംമിനുക്കിയെത്തുന്ന സോണറ്റിന്റെ പരീക്ഷണയോട്ടങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഇന്ത്യയില്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍, ഡിസൈന്‍ മാറ്റങ്ങള്‍ സംബന്ധിച്ച് ഒരു സൂചന പോലും നല്‍കാതെയാണ് പരീക്ഷണയോട്ടങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കിയയില്‍ നിന്ന് അടുത്തിടെ എത്തിയ സെല്‍റ്റോസില്‍ നല്‍കിയിട്ടുള്ളതിന് സമാനമായി അടിസ്ഥാന രൂപത്തില്‍ കാര്യമായ അഴിച്ചുപണികള്‍ വരുത്താതെ ഡിസൈന്‍ പുതുമകളായിരിക്കും ഇതിലും നല്‍കുക. 

സോണറ്റിന്റെ ജി.ടി.ലൈന്‍, എച്ച്.ടി. ലൈന്‍ എന്നീ രണ്ട് വേരിയന്റുകള്‍ക്കും വ്യത്യസ്തമായ ഗ്രില്ലായിരിക്കും നല്‍കുക. ഡ്രോപ്പ്-ഡൗണ്‍ എലമെന്റുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള പുതിയ ലുക്കിലെ ഹെഡ്‌ലാമ്പും മുഖഭാവത്തിന് മാറ്റമൊരുക്കും. ഡി.ആര്‍.എല്ലിന്റെ ഡിസൈനില്‍ മാറ്റം നല്‍കുന്നതിനൊപ്പം ഫോഗ്‌ലാമ്പ് ഹൗസിങ്ങിനും പുതുമകള്‍ പ്രതീക്ഷിക്കാമെന്നാണ് സൂചനകള്‍. പുതിയ ഭാവത്തിലുള്ള അലോയി വീലുകള്‍ ഇതില്‍ സ്ഥാനം പിടിച്ചേക്കും. 

റാപ്പ്എറൗണ്ട് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, രണ്ട് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പ്, ബ്ലാക്ക്-സില്‍വര്‍ ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള ബമ്പര്‍ എന്നിവ പിന്‍ഭാഗത്തിന് പുതുമയേകും. സെല്‍റ്റോസില്‍ നല്‍കിയിരിക്കുന്നതിന് സമാനമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും സോണറ്റിലും നല്‍കുക. ഉയര്‍ന്ന വേരിയന്റുകളില്‍ ഏറെ പുതുമകളുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററായിരിക്കും നല്‍കുക. പുത്തന്‍ നിറത്തിലുള്ള അപ്‌ഹോള്‍സ്ട്രിയും അകത്തളത്തില്‍ ഒരുങ്ങും.

83 ബി.എച്ച്.പി. പവറും 115 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ എന്‍.എ. എന്‍ജിന്‍, 120 ബി.എച്ച്.പി. പവറും 172 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 116 ബി.എച്ച്.പി. പവറും 250 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവ തന്നെയായിരിക്കും മെക്കാനിക്കല്‍ ഫീച്ചറുകള്‍. അഞ്ച് സ്പീഡ് മാനുവന്‍, ആറ് സ്പീഡ് ഐ.എം.ടി എന്നിവയ്‌ക്കൊപ്പം ഏഴ് സ്പീഡ് ഡി.സി.ടി, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയും ഏതാനും വേരിയന്റുകളില്‍ സ്ഥാനംപിടിക്കും.

Source: Autocar India