കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇറ്റാലിയന്‍-അമേരിക്ക വാഹന നിര്‍മാതാക്കളായ ഫിയറ്റ്-ക്രൈസ്ലറിന് പിന്നാലെ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സും ഫെയ്‌സ് മാസ്‌കുകള്‍ നിര്‍മിക്കുന്നു. കിയയുടെ ചൈനയിലെ ഫാക്ടറിയിലാണ് മാസ്‌കുകള്‍ നിര്‍മിക്കുന്നതിനുള്ള സജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

പത്ത് ലക്ഷം മാസ്‌കുകള്‍ നിര്‍മിക്കാനാണ് കിയ മോട്ടോഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി ആവശ്യമുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിനല്‍കുമെന്ന് ചൈനീസ് ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ടെന്നും കിയ മോട്ടോഴ്‌സ് പ്രതിനിധി അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് നാശംവിതച്ചതില്‍ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് ചൈന.

കൊറോണ വ്യാപിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മാസ്‌കുകള്‍ നിര്‍മിക്കുമെന്ന് കഴിഞ്ഞദിവസം ഫിയറ്റ്-ക്രൈസ്ലര്‍ സിഇഒ മൈക്ക് മാന്‍ലി അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പത്ത് ലക്ഷം മാസ്‌കുകളാണ് ഫിയറ്റ്-ക്രൈസ്ലറും നിര്‍മിക്കുകയെന്നും ഇത് അടുത്ത ആഴ്ചയോടെ കൈമാറാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കിയ മോട്ടോഴ്‌സിന്റെ ചൈനയിലെ യാന്‍ചെങ് പ്ലാന്റിലാണ് മാസ്‌കുകള്‍ നിര്‍മിക്കുക. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഈ പ്ലാന്റിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. കിയയുടെ ജോര്‍ജിയയിലെയും സ്ലോവാക്കിയയിലെയും പ്ലാന്റുകള്‍ മുമ്പുതന്നെ അടച്ചിരുന്നു. കിയ ഇന്ത്യയുടെ അനന്ദ്പൂരിലെ പ്ലാന്റും താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്.

Content Highlights; Kia Motors Making 10 Lakh Face Masks To Prevent Corona Virus