കോംപാക്ട് എസ്.യു.വി. മോഡലായ സോണറ്റിന്റെ വില പ്രഖ്യാപിച്ച് നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. രണ്ട് പെട്രോള്‍ എന്‍ജിനുകളിലും ഒരു ഡീസല്‍ എന്‍ജിനിലും എത്തിയിട്ടുള്ള ഈ വാഹനത്തിന് 7.99 ലക്ഷം രൂപ മുതല്‍ 15.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. എന്നാല്‍, പ്രാരംഭ വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വിവരം. 20,000 രൂപ അഡ്വാന്‍സ് തുക നല്‍കി കിയ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും 2024 സോണറ്റ് ബുക്കുചെയ്യാം. 

To advertise here,

നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലെത്തുന്ന മോഡലുകള്‍ക്ക് 7.99 ലക്ഷം രൂപ മുതല്‍ 9.89 ലക്ഷം രൂപ വരെയും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 10.49 ലക്ഷം രൂപ മുതല്‍14.69 ലക്ഷം രൂപ വരെയും 1.5 ലിറ്റര്‍ ഡിസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 9.79 ലക്ഷം രൂപ മുതല്‍ 15.69 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ലുക്കില്‍ കാര്യമായ അഴിച്ചുപണികള്‍ക്ക് മുതിരാതെ ഫീച്ചര്‍ സമ്പമാക്കുകയാണ് 2024 സോണറ്റില്‍ കിയ മോട്ടോഴ്‌സ് ചെയ്തിരിക്കുന്നത്. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കി അഡാസ് അധിഷ്ഠിതമായ 10 ഫീച്ചറുകള്‍ ഉള്‍പ്പെടെ 25 സുരക്ഷ സംവിധാനങ്ങളാണ് ഈ വാഹനത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. സെഗ്മെന്റില്‍ ഈ വാഹനത്തില്‍ മാത്രം നല്‍കിയിട്ടുള്ള ഏതാനും സംവിധാനങ്ങള്‍ ഉള്‍പ്പെടെ 70 കണക്ടഡ് കാര്‍ ഫീച്ചറുകളാണ് സോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 

കിയയുടെ സിഗ്‌നേച്ചറായ ടൈഗര്‍ നോസ് ഗ്രില്ലില്‍ ചെറിയ മിനുക്കുപണികളാണ് മുന്നിലെ മാറ്റം. പൂര്‍ണമായും എല്‍.ഇ.ഡിയില്‍ ഒരുങ്ങിയ ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിലെ ഡി.ആര്‍.എല്‍ എന്നിവയും സോണറ്റിലുണ്ട്. 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് വശങ്ങളെ ആകര്‍ഷകമാക്കുന്നത്. ലെയ്ന്‍ വാച്ച് ക്യാമറ രണ്ട് വശങ്ങളിലെ റിയര്‍വ്യൂ മിററിലും നല്‍കിയിട്ടുണ്ട്. എസ്.യു.വികളുടെ പൊതുസ്വഭാവമായ ടെയ്ല്‍ലൈറ്റുകളെ ബന്ധിപ്പിക്കുന്ന കണക്ടഡ് എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പാണ് പിന്നിലെ പുതുമ. ടെയ്ല്‍ലാമ്പുകളും എല്‍.ഇ.ഡിയായി രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. 

കാഴ്ചയില്‍ സിംപിളാണെങ്കിലും ഫീച്ചറുകളുടെ അടിസ്ഥാനത്തില്‍ സമ്പന്നമാണ് സോണറ്റിന്റെ അകത്തളം. വലിപ്പത്തില്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനോടും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടും വേര്‍തിരിവ് കാണിച്ചിട്ടില്ല. രണ്ടും 10.25 ഇഞ്ച് വലിപ്പത്തിലാണ് ഒരുക്കിയിരിക്കുന്നത്. വേരിയന്റ് ആലേഖനം ചെയ്ത സ്റ്റിയറിങ്ങ് വീല്‍ ഈ വരവിലെ പുതുമയാണ്. ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് ഡാഷ്ബോര്‍ഡ് ഡിസൈന്‍, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയവയെല്ലാം സോണറ്റിന്റെ മുന്‍മോഡലില്‍ നല്‍കിയിരുന്നവ തന്നെയാണ്. 

1.0 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ, 1.2 ലിറ്റര്‍ പെട്രോള്‍ നാച്വറലി ആസ്പിരേറ്റഡ്, 1.5 ലിറ്റര്‍ സി.ആര്‍.ഡി.ഐ. ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനിലാണ് സോണറ്റ് എത്തുന്നത്. ഇവയ്ക്കെല്ലാമായി ഏഴ് സ്പീഡ് ഡി.സി.ടി, ആറ് സ്പീഡ് ഐ.എം.ടി, ആറ് സ്പീഡ് ഓട്ടോമാറ്റിക്-മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍ അഞ്ച് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും നല്‍കുന്നുണ്ട്. ഡീസല്‍ എന്‍ജിന്‍ മാനുവല്‍ മോഡല്‍ സോണറ്റ് നിരയില്‍ സ്ഥാനം പിടിച്ചതും പുതുമയാണ്. 

1.2 ലിറ്റര്‍ എന്‍.എ. പെട്രോള്‍ എന്‍ജിന്‍ 83 പി.എസ്. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ഈ മോഡലിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൂട്ടത്തില്‍ കരുത്തന്‍. 120 പി.എസ്. പവറും 172 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് എ.ടി, ഏഴ് സ്പീഡ് ഡി.സി.ടി. എന്നീ മികച്ച ട്രാന്‍സ്മിഷന്‍ ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 116 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഐ.എം.ടി. എന്നിവയാണ് ഈ എന്‍ജിനൊപ്പം ചേര്‍ത്തിട്ടുള്ള ട്രാന്‍സ്മിഷുകള്‍.