മീററ്റിലേക്ക് പാഴ്‌സല്‍ സര്‍വീസായി ഒരു കാര്‍ കയറ്റിവിടുന്നു. പിന്നീടാണ് അറിഞ്ഞത് വണ്ടി കൊണ്ടുപോയത് തട്ടിപ്പുകാരാണെന്ന്. പിന്നെ നടന്നത് രണ്ടുമാസത്തിലധികംനീണ്ട തിരച്ചില്‍. കേരള പോലീസിന്റെ നേതൃത്വത്തില്‍നടന്ന അന്വേഷണത്തില്‍ സഹായവുമായി മിലിറ്ററിയും ചേര്‍ന്നു. ഒടുവില്‍ കഴിഞ്ഞദിവസം ആ കാര്‍ ഭോപാലില്‍നിന്നു കണ്ടെടുത്തു. അതൊരു കഥയാണ്. ത്രില്ലര്‍ സിനിമകളെ വെല്ലുന്ന കഥ.

To advertise here,

തുടക്കം

ചേര്‍ത്തല സ്വദേശിയായ യുവമിലിറ്ററി ഡോക്ടറാണ് തന്റെ കാര്‍ മീററ്റിലുള്ള ജോലിസ്ഥലത്തേക്കയച്ചത്. ഓണ്‍ലൈനില്‍നിന്നാണ് പാഴ്സല്‍ സര്‍വീസുകാരുടെ സൈറ്റ് ലഭിച്ചത്. ഓഗസ്റ്റ് 28-ന് വാഗണ്‍-ആര്‍ കാര്‍ എറണാകുളത്തുനിന്ന് ട്രെയിലറില്‍ കയറ്റുന്ന ചിത്രം വീട്ടുകാര്‍ക്ക് ലഭിച്ചു. ഇതിനായി 23,290 രൂപയും വാങ്ങി.

സെപ്റ്റംബര്‍ ആറിന് വീട്ടുകാര്‍ക്ക് ഹിന്ദിയില്‍ വിളിയെത്തി. നികുതിയും കയറ്റിറക്കു കൂലിയുമടക്കം 22,600 രൂപകൂടി അടയ്ക്കണം. അതോടെ സംശയമായി. ഇതിനിടെ കമ്പനിയുടെ സൈറ്റും അപ്രത്യക്ഷമായി.

ഇതിനിടെ പലഫോണുകളില്‍നിന്നും പണമാവശ്യപ്പെട്ട് വിളികളെത്തിത്തുടങ്ങി. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതിനല്‍കി. എന്നാല്‍, അങ്ങോട്ടുവിളിക്കാന്‍ കഴിയാത്തവിധം സിമ്മുകള്‍ സംഘം മാറിക്കൊണ്ടിരുന്നു.

പെറ്റിയടയ്ക്കാന്‍ സന്ദേശങ്ങള്‍

ഇതിനിടെ നാഗ്പുരിലും മറ്റും അനധികൃത പാര്‍ക്കിങ്ങിനും അതിവേഗത്തിനും പിഴയീടാക്കിയുള്ള സന്ദേശം ഡോക്ടറുടെ ഫോണിലെത്തിയത് ലൊക്കേഷന്‍ കണ്ടെത്താന്‍ സഹായിച്ചു. പണം ആദ്യം അടച്ച അക്കൗണ്ട് ഹരിയാണയിലേതായിരുന്നു. പോലീസ് ഇടപെട്ട് ഇതു നിര്‍ജീവമാക്കിയപ്പോള്‍ ഉടന്‍ അടുത്ത അക്കൗണ്ട് ലിങ്കായി.

ട്വിസ്റ്റായത് പാര്‍സലുകാരുമായി ഇടഞ്ഞത്

വണ്ടി ആദ്യം വെറുതേ കയറ്റി ഫോട്ടോയെടുത്ത ട്രെയിലര്‍ ഉടമയ്ക്ക് സംഘാംഗങ്ങള്‍ പണം നല്‍കാതെവന്നതാണ് ട്വിസ്റ്റായത്. ഇയാളും സംഘാംഗമാണെന്നു കരുതുന്നു. വണ്ടി ഭോപാലിലുണ്ടെന്ന രഹസ്യസന്ദേശം ഇയാളാണ് വീട്ടുകാര്‍ക്കുനല്‍കിയത്.

പോലീസ് പുറപ്പെടുന്നു

എറണാകുളം സൗത്ത് പോലീസിലെ എസ്.ഐ. ബി. ദിനേശും എ.എസ്.ഐ. കെ.സി. ആനന്ദുമടങ്ങുന്ന സ്‌ക്വാഡ് ഭോപാലിലേക്കു തിരിച്ചു. കാറുമായി ഇവര്‍ക്കുമുന്നിലെത്താമെന്ന് ട്രെയിലറുടമ പറഞ്ഞെങ്കിലും കൂടെക്കൂടെ വാക്കുമാറ്റി. ഒടുവില്‍ പണം കൊടുക്കാമെന്ന് കാറുടമയെക്കൊണ്ട് വാഗ്ദാനംചെയ്യിച്ചശേഷം പോലീസ് ഇയാളെ ഹോട്ടലിലേക്കു വിളിച്ചുവരുത്തി. തുടര്‍ന്ന് ഇയാള്‍ കാറുമായെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്ക് വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്നാണ് സൂചന. വണ്ടിയിപ്പോള്‍ എറണാകുളത്തേക്കു കൊണ്ടുവരുകയാണ്.