
ബജറ്റ് വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ മുതല്‍ അത്യാഡംബര വാഹന നിര്‍മാതാക്കള്‍ വരെ നോട്ടമിട്ടിട്ടുള്ള വാഹന വിപണിയാണ് ഇന്ത്യയുടേത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനികളും നിരവധിയാണ്. ഇതില്‍ പ്രധാനപ്പെട്ട കമ്പനിയാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്. ഇവര്‍ ഇന്ത്യയില്‍ ആദ്യമെത്തിച്ച കോംപസ് എന്ന എസ്.യു.വി. എട്ടാം വയസിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യക്കായി കോംപസിന്റെ പ്രത്യേക പതിപ്പും സമ്മാനിച്ചിരിക്കുകയാണ് ജീപ്പ്.
വാഹനം അലങ്കരിക്കുന്നതിനുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ആനിവേഴ്‌സറി എഡിഷന്‍ എന്ന പേരിലാണ് ജീപ്പ് കോംപസിന്റെ പ്രത്യേക പതിപ്പ് എത്തിച്ചിരിക്കുന്നത്. ഈ സ്‌പെഷല്‍ എഡിഷന്‍ കോംപസിനുള്ള ബുക്കിങ് ജീപ്പ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും വില, വേരിയന്റുകള്‍ തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളിലായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് കോംപസ് ആനിവേഴ്‌സറി എഡിഷന്‍ മോഡലിന്റെ അവതരണം സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.
എക്സ്റ്റീരിയറില്‍ നാമമാത്രമായ മാറ്റങ്ങള്‍ മാത്രം വരുത്തിയാണ് ഈ പ്രത്യേക പതിപ്പ് ഒരുക്കിയിരിക്കുന്നത്. ജീപ്പ് വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഗ്രില്ലില്‍ വെല്‍വെറ്റ് റെഡ് നിറത്തിലുള്ള ഇന്‍സേര്‍ട്ട് നല്‍കിയിരിക്കുന്നതാണ് ആദ്യമാറ്റം. ഇതിനൊപ്പം ബോണറ്റില്‍ ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഗ്രാഫിക്‌സ് നല്‍കിയിട്ടുള്ളതിനൊപ്പം ചുവപ്പ് സ്റ്റിക്കറില്‍ ആനിവേഴ്‌സറി എഡിഷന്‍ എന്ന് വെള്ള നിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നതും കാണാം. അലോയി വീല്‍, ഹെഡ്‌ലാമ്പ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ റെഗുലര്‍ കോംപസില്‍ നിന്ന് കടംകൊണ്ടതാണ്.
ഫീച്ചറുകളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് അപ്പുറം അഴകേകുന്നതിനുള്ള മാറ്റങ്ങളാണ് അകത്തളത്തില്‍ വരുത്തിയിരിക്കുന്നത്. ഗ്രില്ലില്‍ നല്‍കിയിരുന്നതിന് സമാനമായ വെല്‍വെറ്റ് റെഡ് നിറത്തിലാണ് സീറ്റ് കവറുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം അകത്തളം കൂടുതല്‍ മനോഹരമാക്കുന്നതിനായി വെള്ള നിറത്തിലുള്ള ആംബിയന്റ് ലൈറ്റുകളും കൂട്ടിച്ചേര്‍ത്തതാണ് പ്രധാന പുതുമ. 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങിയവ റെഗുലര്‍ മോഡലില്‍ നിന്ന് കടംകൊണ്ടവയാണ്.
ആദ്യവരവില്‍ തന്നെ മികച്ച സുരക്ഷ സംവിധാനങ്ങളോടെയായിരുന്നു കോംപസിന്റെ വരവ്. ഡ്യുവല്‍ എയര്‍ബാഗ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എ.ബി.എസ് വിത്ത് ഇ.ബി.ഡി, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രിക് റോള്‍ മിറ്റിഗേഷന്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സറുകളും ക്യാമറയും എന്നിവ അടിസ്ഥാന ഫീച്ചറുകളായും ഉയര്‍ന്ന വകഭേദത്തില്‍ ആറ് എയര്‍ബാഗ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും നല്‍കിയിരുന്നു.
റെഗുലര്‍ കോംപസില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ മെക്കാനിക്കല്‍ സംവിധാനങ്ങളാണ് ആനിവേഴ്‌സറി എഡിഷനിലും ഒരുങ്ങുക. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് കോംപസിന്റെ ഹൃദയം. ഇത് 170 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഒമ്പത് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും കോംപസ് എത്തുന്നുണ്ട്. ഫ്രണ്ട് വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളിലും കോംപസ് എത്തുന്നുണ്ട്.
Content Highlights: Jeep celebrates the 8th anniversary of the Compass in India with a special edition.
Published: 05 Oct 2024, 07:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented