അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കിയിട്ടുള്ള മൂന്ന് നിര എസ്.യു.വി. വാഹനമായ മെറിഡിയന്‍ അവതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. നീണ്ടനാളത്തെ കാത്തിരിപ്പ് സമ്മാനിച്ച ഈ വാഹനം മാര്‍ച്ച് 29-ന് വിപണിയില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്. അതേസമയം, അവതരണത്തിന് മുമ്പ് തന്നെ ഈ വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിങ്ങ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

To advertise here,

മാര്‍ച്ച് 29-ന് അവതരിപ്പിക്കുമെങ്കിലും മേയ് മാസത്തോടെ മാത്രമേ വിതരണം ആരംഭിക്കൂവെന്നാണ് സൂചന. കമാന്‍ഡര്‍ എന്ന പേരില്‍ സൗത്ത് അമേരിക്കന്‍ വിപണിയില്‍ എത്തിയിട്ടുള്ള വാഹനമാണ് ഇന്ത്യന്‍ നിരത്തുകളില്‍ മെറിഡിയന്‍ എന്ന പേരില്‍ വരവിനൊരുങ്ങുന്നത്. പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ എത്തുന്ന ഈ വാഹനം ജീപ്പ് ഇന്ത്യയുടെ രഞ്ജന്‍ഗാവിലുള്ള പ്ലാന്റിലായിരിക്കും നിര്‍മിക്കുകയെന്നാണ് ജീപ്പ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. 

രാജ്യാന്തര വിപണികളില്‍ എത്തിയിട്ടുള്ള കാമാന്‍ഡറുമായി പ്ലാറ്റ്‌ഫോം, ഇന്റീരിയര്‍, ഡിസൈന്‍ തുടങ്ങിയവ പങ്കിട്ടായിരിക്കും ഇന്ത്യയുടെ മെറിഡിയന്‍ ഒരുങ്ങുന്നത്. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മെറിഡിയന്‍ വാഹനങ്ങളുടെ നിര്‍മാണ ഹബ്ബാക്കി ഇന്ത്യയിലെ പ്ലാന്റിനെ മാറ്റാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഈ വാഹനം മറ്റ് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുമെന്നും സൂചനയുണ്ട്.

ജീപ്പ് വാഹനങ്ങളുടെ സിഗ്‌നേച്ചര്‍ ഗ്രില്ലാണ് ഈ എസ്.യു.വിയിലും നല്‍കിയിട്ടുള്ളത്. ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ് തുടങ്ങിയവ കോംപസില്‍ നിന്ന് കടംകൊണ്ടവയാണ്. പുതിയ ഡിസൈനിലുള്ള അലോയി വീല്‍, സി-പില്ലര്‍, പിന്‍ഭാഗം എന്നിവടങ്ങളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പുതിയ ഡിസൈനിലാണ് ടെയ്ല്‍ലൈറ്റ് ഉള്‍പ്പെടെയുള്ളവ തീര്‍ത്തിരിക്കുന്നത്. 4769 എം.എം. നീളം, 1859 എം.എം. വീതി, 1682 എം.എം. ഉയരം 2794 എം.എം. വീല്‍ബേസ് എന്നിങ്ങവെയാണ് മെറിഡിയന്റെ അളവുകള്‍.

അകത്തളം സംബന്ധിച്ച് കൃത്യമായി വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. എന്നാല്‍, ഏറ്റവുമൊടുവിലെത്തിയ ജീപ്പ് കോംപസില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ ഈ വാഹനത്തിലും ഇടംപിടിക്കും. 10.1 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍ എന്നിവ ഇതിലെ സവിശേഷതയാകും. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും മൂന്നാം നിരയില്‍ ബെഞ്ച് സീറ്റുമായിരിക്കും നല്‍കുക. 

മെക്കാനിക്കല്‍ ഫീച്ചറുകളും കോംപസ് എസ്.യു.വിയുമായി പങ്കിട്ടായിരിക്കും മെറിഡിയനും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.  2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കോംപസിലുള്ളത്. ഈ എന്‍ജിന്‍ നല്‍കുന്നതിനൊപ്പം ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും മെറിഡിയനില്‍ ഒരുക്കും. ഇതിനൊപ്പം 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും ഈ വാഹനമെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.