ഹ്യുണ്ടായിയുടെ പ്രീമിയം ഇലക്ട്രിക് എസ്‌യുവി മോഡലായ അയോണിക് 5-ന്റെ മുഖംമിനുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. അടിമുടി മാറ്റവുമായി എത്തിയിരിക്കുന്ന പുതിയ അയോണിക് 5-ന് 55.7 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഡിസൈനിൽ വരുത്തിയിരിക്കുന്ന അഴിച്ചുപണിക്കും ഫീച്ചറുകളിലെ കൂട്ടിച്ചേർക്കലുകൾക്കും ഒപ്പം മെക്കാനിക്കൽ സംവിധാനങ്ങളിലും ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് പുതിയ അയോണിക് 5 വിപണിയിൽ എത്തുന്നത്.

To advertise here,

റേഞ്ച് മാറി

ഉയർന്ന റേഞ്ച് ഉറപ്പാക്കാനുള്ള ശേഷിയാണ് അയോണിക് 5-നെ മെക്കാനിക്കലായി ആകർഷകമാക്കുന്നത്. മുമ്പുണ്ടായിരുന്ന 72.6 കിലോവാട്ട് ബാറ്ററി പാക്കിന് പകരം 84 കിലോവാട്ട് ബാറ്ററി പാക്ക് നൽകിയതോടെ പുതിയ മോഡലിന്റെ റേഞ്ച് 690 കിലോമീറ്ററായി ഉയർന്നിട്ടുണ്ട്. അതായത് ഒറ്റത്തവണ ബാറ്ററി നിറഞ്ഞാൽ 690 കിലോമീറ്റർ പുതിയ അയോണിക് 5 സഞ്ചരിക്കും. എആർഎഐ സാക്ഷ്യപ്പെടുത്തിയിരിക്കുന്ന റേഞ്ചാണ് ഇത്.

ഹ്യുണ്ടായി സ്വന്തമായി വികസിപ്പിച്ചിട്ടുള്ള ഇ-ജിഎംപി പ്ലാറ്റ്‌ഫോമാണ് അയോണിക് 5-ന് അടിസ്ഥാനമൊരുക്കിയിരിക്കുന്നത്. അതേസമയം, മുഖംമിനുക്കി എത്തിയിരിക്കുന്ന അയോണിക് 5-ൽ നൽകിയിട്ടുള്ള ഇലക്ട്രിക് മോട്ടോറിനെ സംബന്ധിച്ച വിവരങ്ങൾ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. 84 കിലോവാട്ട് ബാറ്ററിപാക്കുമായി വിദേശ നിരത്തുകളിൽ എത്തിയിട്ടുള്ള ഈ വാഹനത്തിൽ 229 എച്ച്പി പവറും 350 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് നൽകിയിരിക്കുന്നതെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ഡിസൈനിലെ അഴിച്ചുപണി

ഒറ്റനോട്ടത്തിൽ ഇതുവരെ നിരത്തുകളിൽ കണ്ടിട്ടുള്ള അയോണിക് 5 എസ്‌യുവിയിൽനിന്ന് വലിയ മാറ്റങ്ങൾ ശ്രദ്ധയിൽ വരില്ല. മുൻ മോഡലിനോട് സമാനമായ സിലുവേറ്റും രൂപവുമായി പുതിയ പതിപ്പിനും. എന്നാൽ, മുന്നിലേയും പിന്നിലേയും ബമ്പറിന്റെ ഡിസൈനിലാണ് ആദ്യത്തെ പുതുമ. മുന്നിലെ ബമ്പറിന് മസ്‌കുലർ ഭാവം നൽകിയതിനൊപ്പം പിന്നിലേതിൽ സ്‌കിഡ് പ്ലേറ്റ് നൽകി സ്‌പോർട്ടി ഭാവം ഒരുക്കിയിട്ടുണ്ട്.

യഥാർഥ ഇലക്ട്രിക് വാഹനമാണെന്ന് തെളിയിക്കാൻ പോകുന്ന പുതിയ അലോയ് വീലുകളാണ് മുഖംമിനുക്കിയ അയോണിക് 5-ൽ നൽകിയിരിക്കുന്നത്. സിൽവർ ഫിനീഷിങ് ക്ലാഡിങ്ങും വശങ്ങൾക്ക് മാറ്റേകുന്നു. പിക്‌സൽ സ്റ്റൈലിലുള്ള ലൈറ്റുകൾ മുൻ മോഡലിലേത് പറിച്ചുനട്ടിരിക്കുന്നു. പുതിയ റൂഫ് സ്‌പോയിലറാണ് പിൻ വശത്തിന്റെ അഴക്. വി ഗാർണിഷ് ലൈറ്റിങ് എലമെന്റുകളും പിൻവശത്ത് തെളിഞ്ഞുകാണാം.

 

അകം അഴക്

നിറം മാറ്റമാണ് അകത്തളത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. വളരെ വിശാലവും ഫീച്ചർ സമ്പന്നവുമായാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. സെന്റർ കൺസോളിലെ മാറ്റങ്ങളും ഒറ്റനോട്ടത്തിൽ അറിയാം. സീറ്റ് ഹീറ്റിങ്-വെന്റിലേഷൻ സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഫിസിക്കൽ സ്വിച്ചുകൾ ഇവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. വയർലെസ് ചാർജിങ് പാഡിന്റെയും കപ്പ് ഹോൾഡറുകളുടെയും സ്ഥാനം അൽപ്പം ഒന്ന് മാറിയിട്ടുമുണ്ട്.

പുതിയ ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീലാണ് അയോണിക് 5-ൽ നൽകിയിരിക്കുന്നത്. ലെതർ ആവരണത്തിനൊപ്പം മോസ് കോഡ് ലോഗോയും ഇതിൽ പതിച്ചിരിക്കുന്നു. 12.3 ഇഞ്ച് വലിപ്പത്തിൽ ഡാഷ് ബോർഡിൽ ഒരുക്കിയിരിക്കുന്ന ഇൻഫോടെയ്ൻമെന്റ്, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ ഇരട്ട സ്‌ക്രീനുകൾ മുൻ മോഡലിൽ നിന്ന് പറിച്ചുനട്ടവയാണ്. കണക്ടഡ് കാർ നാവിഗേഷൻ കോക്പിറ്റ്, ആക്ടീവ് സൗണ്ട് ഡിസൈൻ തുടങ്ങിയ സംവിധാനങ്ങളും പുതിയ അയോണിക്കിൽ നൽകിയിട്ടുണ്ട്.