2023 ഫെബ്രുവരിയില്‍ ഹ്യുണ്ടായിയുടെ അയോണിക് 5 എന്ന ഇലക്ട്രിക് വാഹനം ഡല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ ഭാഗമായി ഇന്ത്യയില്‍ അവതരിപ്പിച്ചത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ആയിരുന്നു. മാസങ്ങള്‍ക്കിപ്പുറം അയോണിക് എന്ന വാഹനത്തിന്റെ ഉടമയായിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ഇതിനോടകം തന്നെ 1000 വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയ ഈ വാഹനത്തിന്റെ 1100 തികയ്ക്കുന്ന യൂണിറ്റാണ് ഷാരൂഖ് ഖാന് കൈമാറിയതെന്നാണ് ചിത്രങ്ങള്‍ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

To advertise here,

ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ കമ്പനിയുമായി സഹകരിക്കുന്ന വ്യക്തിയാണ് ഷാരൂഖ് ഖാന്‍. ഈ വര്‍ഷം ആദ്യം വരെ ഷാരൂഖ് ഖാന്‍ ആയിരുന്നു ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ ബ്രാൻഡ് അംബാസിഡര്‍ സ്ഥാനത്തുണ്ടായിരുന്നത്. ഹ്യുണ്ടായ് അയോണിക് 5 സ്വന്തമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എന്റെ വാഹന ശേഖരത്തിലെ ആദ്യത്തെ ഇലക്ട്രിക് മോഡലാണ് ഹ്യുണ്ടായ് അയോണിക് 5 എന്നാണ് വാഹനം ഏറ്റുവാങ്ങികൊണ്ട് ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടത്.

ഹ്യുണ്ടായിയുടെ ഗ്ലോബല്‍ ഡിസൈന്‍ ശൈലിയില്‍ ഒരുങ്ങിയിട്ടുള്ള മോഡലുകളില്‍ പ്രധാനിയാണ് അയോണിക് 5. പാരാമെട്രിക് പിക്സല്‍ എല്‍.ഇ.ഡി. ഹെഡ്ലാമ്പാണ് ഈ വാഹനത്തിന്റെ മുന്‍ഭാഗത്തിന് പ്രീമിയം ലുക്ക് നല്‍കുന്നത്. ഫ്ളാറ്റ് ബോണറ്റ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കി സിംപിള്‍ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് മുന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. ഗ്രില്ലിന്റെ അഭാവമുള്ളതിനാല്‍ തന്നെ ബോണറ്റിലാണ് ഹ്യുണ്ടായിയുടെ ലോഗോ നല്‍കിയിട്ടുള്ളത്. 

ഫീച്ചര്‍ സമ്പന്നമാണ് അയോണിക് 5-ന്റെ അകത്തളം. ലോഗോ നല്‍കിയിട്ടില്ലാത്ത സ്റ്റിയറിങ്ങ് വീല്‍. ഒറ്റ സക്രീനില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തിന് പ്രീമിയം ഭാവം നല്‍കുന്നു. മുന്‍ നിരയില്‍ രണ്ട് സീറ്റും ഓട്ടോമാന്‍ സംവിധാനത്തിലാണ് ഒരുങ്ങിയിട്ടുള്ളത്. സെന്റര്‍ കണ്‍സോള്‍ സംവിധാനം ഇല്ലാത്തതിനാല്‍ തന്നെ സീറ്റുകളുടെ മധ്യത്തില്‍ മികച്ച സ്പേസും ലഭിക്കുന്നുണ്ട്. എല്ലാ സീറ്റുകളിലും വെന്റിലേറ്റഡ് സംവിധാനവും നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ ഇന്നുള്ളതില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ച് നല്‍കുന്ന വാഹനങ്ങളിലൊന്നാണ് അയോണിക്-5. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 631 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 217 പി.എസ്. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 72.6 കിലോവാട്ട് അവര്‍ ശേഷാണ് ബാറ്ററി പാക്കിനുള്ളത്. 4635 എം.എം. നീളം, 1890 എം.എം. വീതി, 1625 എം.എം. ഉയരം 3000 എം.എം. വീല്‍ബേസ് എന്നിവും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഷാരൂഖ് ഖാന്റെ ഗ്യാരേജില്‍ ആദ്യമായെത്തുന്ന ഇലക്ട്രിക് വാഹനം അയോണിക് 5 ആണെങ്കിലും നിരവധി ആഡംബര വാഹനങ്ങള്‍ അദ്ദേഹത്തിനുണ്ട്. റോള്‍ഡ് റോയിസ് ഫാന്റം, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസ്, റോള്‍സ് റോയിസ് കള്ളിനന്‍, ഔഡി എ6, റേഞ്ച് റോവര്‍ വോഗ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഉള്ളത്.