ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയില്‍ ആദ്യം സാന്നിധ്യമറിയിച്ച ചുരുക്കം കമ്പനികളില്‍ ഒന്നാണ് ഹ്യുണ്ടായിയും. കോന എന്ന പ്രീമിയം സെഗ്മെന്റില്‍ ഉള്‍പ്പെടെയുന്ന ഇലക്ട്രിക് എസ്.യു.വിയായിരുന്നു ഹ്യുണ്ടായിയുടെ സംഭാവന. എന്നാല്‍, വില 20 ലക്ഷത്തിനുമപ്പുറം ആയതിനാല്‍ തന്നെ ഇത് സാധാരണക്കാരന് അപ്രാപ്യമായിരുന്നു. ഈ കുറവ് പരിഹരിച്ച് കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനം നിരത്തുകളില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഹ്യുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

To advertise here,

ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുക, സെയില്‍സ് നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തുക, ഉത്പാദനം വര്‍ധിപ്പിക്കുക തുടങ്ങി എല്ലാ മേഖലകളിലും ഹ്യുണ്ടായിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നാണ് ഹ്യുണ്ടായിയുടെ സെയില്‍സ്, മാര്‍ക്കറ്റിങ്ങ് സര്‍വീസ് വിഭാഗം മേധാവി തരുണ്‍ ഗാര്‍ഗ് അറിയിച്ചു. വാഹനങ്ങളുടെ വില നിയന്ത്രിക്കുന്നതിനും മറ്റുമായി വാഹന നിര്‍മാണത്തിനുള്ള സാമഗ്രികള്‍ പ്രാദേശികമായി നിര്‍മിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനം എപ്പോള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും  ശരിയായ സമയത്ത് ഇറക്കിയാൽ മാത്രമേ കുറഞ്ഞ വിലയില്‍ പുതിയ ഇലക്ട്രിക് വാഹനം എത്തിക്കാന്‍ സാധിക്കൂവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. വാഹനം എത്തിക്കുന്നതിന് മുമ്പ് ഇലക്ട്രിക് ചാര്‍ജിങ്ങ് സ്റ്റേഷന്‍ ഉള്‍പ്പെടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിലനില്‍ക്കുന്നതിനുള്ള ചുറ്റുപാട് ഒരുക്കി എടുക്കേണ്ടത് അനിവാര്യമാണെന്നും ഹ്യുണ്ടായി മേധാവി പറഞ്ഞു. 

അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ ആറ് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതികളാണ് ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്. ഇതിനായി 40 ബില്ല്യണ്‍ രൂപയുടെ നിക്ഷേപമാണ് ഹ്യുണ്ടായി നടത്താനൊരുങ്ങുന്നത്. ഈ പദ്ധതിയുടെ ഭാഗമായി തന്നെയാണ് ഇപ്പോള്‍ ഉറപ്പുനല്‍കിയിട്ടുള്ള കുഞ്ഞന്‍ ഇലക്ട്രിക് വാഹനവും എത്തുകയെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നത് ഇന്ത്യയില്‍ ക്ലീന്‍ ഡ്രൈവിങ്ങ് സിസ്റ്റം ഒരുക്കുമെന്നാണ് ഹ്യുണ്ടായി വിലയിരുത്തുന്നത്. 

ഈ വര്‍ഷം പ്രീമിയം ഇലക്ട്രിക് വാഹന ശ്രേണിയില്‍ അയോണിക് 5 എന്ന ക്രോസ്ഓവര്‍ വാഹനമാണ് ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 480 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന് ഏകദേശം 35 ലക്ഷം രൂപയോളം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇതിലും വില കുറവുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഹ്യുണ്ടായിയില്‍ നിന്ന് നിരത്തുകളില്‍ എത്തിക്കുമെന്നും നിര്‍മാതാക്കല്‍ ഉറപ്പുനല്‍കുന്നുണ്ട്.

2019-ലാണ് ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് മോഡലായ കോന ഇന്ത്യയില്‍ അവതരിപ്പിച്ചത്. ചാര്‍ജിങ്ങ് സംവിധാനങ്ങളുടെ കുറവും ഉയര്‍ന്ന വിലയും ഈ വാഹനത്തില്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു. നിലവില്‍ ഇന്ത്യയുടെ മൊത്തം കാര്‍ വില്‍പ്പനയുടെ ഒരു ശതമാനത്തോളം മാത്രം ഇലക്ട്രിക് വാഹനങ്ങള്‍ എത്തുന്നത്. എന്നാല്‍, മലിനീകരണം ഇന്ധന ഇറക്കുമതി തുടങ്ങിയവ കുറയ്ക്കുന്നതിനായി 2030-ഓടെ മൊത്ത വാഹനങ്ങളുടെ 30 ശതമാനം ഇലക്ട്രിക് ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

Source: Reuters