ഹൈലൈറ്റ് ഗ്രൂപ്പിന്റെ 30-ാം വാർഷികത്തിന്റെ ഭാഗമായി 47 ജീവനക്കാർക്ക് അത്യാഡംബര വാഹനങ്ങൾ സമ്മാനിച്ച് കമ്പനി മേധാവി. ഡിഫൻഡർ, റേഞ്ച് റോവർ തുടങ്ങിയ എസ്‌യുവികളും ഔഡി ക്യൂ8 മോഡലും ഉൾപ്പെടെ 20 കോടി രൂപയുടെ വാഹനങ്ങളാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ജീവനക്കാർക്കാണ് വാഹനം സമ്മാനിച്ച് ആദരിച്ചിരിക്കുന്നത്.

To advertise here,

ലാൻഡ് റോവർ ഡിഫൻഡർ, റേഞ്ച് റോവറുകൾ, ഔഡി ക്യൂ8, ടാറ്റ ഹാരിയർ, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, സ്‌കോഡ കൈലാഖ്, തുടങ്ങിയ വാഹനങ്ങളാണ് ഹൈലൈറ്റ് ജീവനക്കാർക്കായി നൽകിയത്. കേരളത്തിന്റെ നിർമാണ മേഖലയിലെ സജീവ സാന്നിധ്യമായ ഹൈലൈറ്റ് ഗ്രൂപ്പ് 1996-ലാണ് പ്രവർത്തനം ആരംഭിച്ചത്. കമ്പനിയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ജീവനക്കാരെയും ആദരിക്കാൻ തീരുമാനിച്ചത്.

ആഘോഷങ്ങളുടെ ഭാഗമായി 2030-ഓടെ കേരളത്തിലുടനീളം 50 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ പുതിയ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഈ പുതിയ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ കേരളത്തിൽ രണ്ടുലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് മേധാവികൾ അവകാശപ്പെടുന്നു. ഐടി പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നതെന്നും അവർ അറിയിച്ചു.