
പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യവിട്ട ഫോര്‍ഡ് മോട്ടോഴ്സിന് തിരിച്ചു വരാനുള്ള വഴിയൊരുങ്ങുന്നു. യു.എസ്. സന്ദര്‍ശിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഫോര്‍ഡ് അധികൃതരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ഉത്പാദനം പുനരാരംഭിക്കുന്നതിന്റെ സാധ്യത ആരായാന്‍ കമ്പനി അധികൃതര്‍ ഈ മാസം അവസാനം തമിഴ്നാട് സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.
മിഷിഗണിലെ കമ്പനി ആസ്ഥാനത്ത് ഫോര്‍ഡ് മോട്ടോഴ്സ് അധികൃതരുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകമായിരുന്നെന്ന് സ്റ്റാലിന് അറിയിച്ചു. തമിഴ്നാടുമായി ഫോര്‍ഡിനുള്ള മൂന്നുപതിറ്റാണ്ടത്തെ ബന്ധം പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. തമിഴ്നാട്ടിലെ അടച്ചിട്ട ഫാക്ടറി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ഫോര്‍ഡ് അധികൃതരും സ്ഥിരീകരിച്ചു.
ലോകത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളില്‍ ഒന്നായിരുന്ന ഫോര്‍ഡ് 1995-ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. തമിഴ്നാട്ടിലെ മറൈമലൈ നഗറിലും ഗുജറാത്തിലെ സാനന്ദിലുമാണ് ഫാക്ടറികളുണ്ടായിരുന്നത്. വന്‍നഷ്ടം വന്നതിനെത്തുടര്‍ന്ന് ഇന്ത്യ വിടുന്നതായി 2021-ലാണ് കമ്പനി അറിയിച്ചത്.
2022-ല്‍ ഫാക്ടറികള്‍ പൂട്ടുകയും ചെയ്തു. ഗുജറാത്തിലെ ഫാക്ടറി വിറ്റെങ്കിലും തമിഴ്നാട്ടിലെ ഫാക്ടറി ഇപ്പോഴും കൈയൊഴിഞ്ഞിട്ടില്ല. അത് വീണ്ടും തുറക്കുമെന്ന പ്രതീക്ഷ തമിഴ്നാടിന് ഉണ്ടായിരുന്നു. ഏതാനും മാസങ്ങളായി ഇതു സംബന്ധിച്ച ചര്‍ച്ച നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഫോര്‍ഡിനെ നേരിട്ട് ക്ഷണിച്ചത്.
ഫോര്‍ഡ് പുതുതായി വിപണിയിലിറക്കുന്ന വൈദ്യുത കാറുകള്‍ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാന്‍ ആലോചനയുണ്ട്. എസ്.യു.വിയായ എന്‍ഡവര്‍ നേരത്തേ ഇവിടെയാണ് നിര്‍മിച്ചിരുന്നത്. അത് പുനരാരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഫാക്ടറി തുറന്നാല്‍ ഇവിടെ 3000-ത്തിലേറെപ്പേര്‍ക്ക് ജോലി ലഭിക്കും.
Content Highlights: Ford which exited India in 2021, is considering a return, potentially re-opening its TamilNadu plant
Published: 12 Sept 2024, 03:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented