ഇന്ത്യയില്‍ തിരിച്ചുവരവിനു സൂചന നല്‍കി അമേരിക്കന്‍ കാര്‍ കമ്പനിയായ ഫോര്‍ഡ്. കമ്പനിയുടെ ചെന്നൈയിലെ പ്ലാന്റ് ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പിന് വില്‍ക്കാനുള്ള കരാര്‍ റദ്ദാക്കിയതിലൂടെയാണ് ഫോര്‍ഡ്, ഇന്ത്യ വിടുന്നില്ലെന്ന സൂചന ശക്തമായത്. നേരത്തേ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വിയറ്റ്‌നാമിലെ ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ വിന്‍ഫാസ്റ്റും ഫോര്‍ഡിന്റെ ചെന്നൈ പ്ലാന്റ് സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പുമായുള്ള കരാര്‍ പൊടുന്നനെയാണ് ഫോര്‍ഡ് റദ്ദാക്കിയത്. ഫോര്‍ഡ് ഇതുവരെ ഔദ്യോഗികപ്രഖ്യാപനം പുറത്തുവിട്ടിട്ടില്ല. 

To advertise here,

2021 സെപ്റ്റംബറിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം ഫോര്‍ഡ് അവസാനിപ്പിച്ചതായി പ്രസ്താവനയിറക്കിയത്. 2022 ജൂലായ് വരെ കമ്പനി ഇന്ത്യയില്‍ കയറ്റുമതിക്കായി കാര്‍ നിര്‍മിക്കുന്നതും എന്‍ജിന്‍ നിര്‍മാണവും തുടര്‍ന്നിരുന്നു. ഇതുവഴിമാത്രം കഴിഞ്ഞ സാമ്പത്തികവര്‍ഷം 505 കോടി രൂപയുടെ ലാഭംനേടി. 2022 ഓഗസ്റ്റില്‍ ഫോര്‍ഡ് തങ്ങളുടെ സാനന്ദ് പ്ലാന്റ് ടാറ്റ മോട്ടോഴ്‌സിന് വിറ്റു. 725 കോടി രൂപയ്ക്കാണ് ഫോര്‍ഡിന്റെ ഗുജറാത്തിലെ പ്ലാന്റ് ടാറ്റയുടെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഏറ്റെടുത്തത്.

1995ലാണ് ഫോര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഫോര്‍ഡ് ഐക്കണ്‍, ഫിയസ്റ്റ, ഫിഗോ, ഫ്യൂഷന്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ ഫോര്‍ഡിന്റെ വാഹന നിരയില്‍ നിന്ന് നിരത്തുകളില്‍ എത്തിയിരുന്നെങ്കിലും ഫോര്‍ഡിന് വലിയ ജനപ്രീതി സമ്മാനിച്ച വാഹനങ്ങളിലൊന്ന് 2012-ല്‍ പുറത്തിറങ്ങിയ ഇക്കോസ്പോര്‍ട്ടാണ്. ഇന്ത്യയില്‍ വലിയ പ്രചാരം നേടിയ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വികളിലെ തുടക്കകാരന്‍ കൂടിയായിരുന്നു ഈ വാഹനം. ഒടുവില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതും ഈ വാഹനം പുറത്തിറക്കി തന്നെയാണ്. 

വില്‍ക്കുന്നില്ലെന്ന് ഫോര്‍ഡ് തിരുമാനിച്ചിട്ടുള്ള ചെന്നൈയിലെ ഈ നിര്‍മാണ ശാലയിലാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയിലെ ഏറ്റവുമൊടുവിലെ യൂണിറ്റ് പുറത്തിറക്കിയത്. 2021 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി കമ്പനി പ്രഖ്യാപിച്ചത്. ഫോര്‍ഡിന് ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള സാനന്ദിലും ചൈന്നെയിലുമായി രണ്ടു പ്ലാന്റുകളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. 

രണ്ട് ബില്യണ്‍ ഡോളര്‍ (14700 കോടിയോളം രൂപ) ആയിരുന്നു കഴിഞ്ഞ പത്ത് വര്‍ഷത്തെ ഫോര്‍ഡിന്റെ പ്രവര്‍ത്തനഷ്ടം. മൂല്യം എഴുതിത്തള്ളിയിന്റെ പേരില്‍ ഉണ്ടായ നഷ്ടവും ഒരു ബില്യനിലേറെയുണ്ട്. ഗുജറാത്തിലെ സാനന്ദിലും തമിഴ്നാട്ടിലെ മാരൈമലൈ നഗറിലുമുള്ള രണ്ട് നിര്‍മാണശാലകള്‍ക്കും കൂടി ഒരു വര്‍ഷം നാലര ലക്ഷം കാറുകളും അതിലുമേറെ എഞ്ചിനുകളും നിര്‍മിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍, ഉത്പാനം നിര്‍ത്തുന്നതിന് മുന്‍പ് മാസങ്ങളായി, അല്ലെങ്കില്‍ ഒരു വര്‍ഷത്തിലേറെ സ്ഥാപിതശേഷിയുടെ 20 ശതമാനം മാത്രമേ ഉത്പാദനമുള്ളു.