
ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വാധീനം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഇന്ത്യയിലുള്ള വാഹന നിര്‍മാതാക്കളെല്ലാം തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള തിരക്കുകളിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ കരുത്തന് സാന്നിധ്യമാകാന്‍ എത്തിയിരിക്കുകയാണ് ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി.(ബിള്‍ഡ് യുവര്‍ ഡ്രീംസ്) എന്ന കമ്പനി.
എം.പി.വി. ശ്രേണിയിലേക്കാണ് ഇ6 എന്ന പേരില്‍ ബി.വൈ.ഡിയുടെ ഇലക്ട്രിക് മോഡല്‍ വരവിനൊരുങ്ങിയിരിക്കുന്നത്. 29.15 ലക്ഷം രൂപയായിരിക്കും ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറും വില. എന്നാല്‍, വാണിജ്യ വാഹനമായാണ് ഇ6 എം.പി.വി. എത്തിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. സ്വകാര്യ ഉപയോക്താക്കള്‍ക്കായി ഈ എം.പി.വി. എത്തിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഉയര്‍ന്ന റേഞ്ചാണ് ഈ വാഹനത്തിന്റെ മുഖമുദ്രയായി നിര്‍മാതാക്കള്‍ ഉയര്‍ത്തി കാട്ടുന്നത്. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 415 മുതല്‍ 520 കിലോമീറ്റര്‍ വരെ റേഞ്ചാണ് ഈ വാഹനം ഒരുക്കുന്നതെന്നാണ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ടെസ്റ്റ് സൈക്കിള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഡി.സി. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 35 മിനിറ്റിനുള്ളില്‍ 30 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും സാധിക്കും.
ബി.വൈ.ഡിയുടെ ഇ-പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. എം.പി.വി. ശ്രേണിയിലാണ് എത്തുന്നതെങ്കിലും അഞ്ച് സീറ്റാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 71.7 കിലോവാട്ട് ലിഥിയം അയേണ്‍ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഈ എം.പി.വിയിലുള്ളത്. ഇതില്‍ നല്‍കിയിട്ടുള്ള സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ 95 ബി.എച്ച്.പി. പവറും 180 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 130 കിലോമീറ്ററാണ് പരമാവധി വേഗത.
പുതുതലമുറ വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈനും ഫീച്ചറുകളുമായാണ് ഈ ഇലക്ട്രിക് മോഡലും എത്തിയിട്ടുള്ളത്. പ്രൊജക്ഷന് ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്.എല്ലും ടെയ്ല്‍ലാമ്പും വേറിട്ട ഡിസൈനിലുള്ള ഗ്രില്ലും റിയര്‍വ്യൂ മിററും, 17 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍ തുടങ്ങിയവയാണ് ഈ വാഹനത്തെ സ്റ്റൈലിഷാക്കുന്നത്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൈ-ഫൈ തുടങ്ങിയ ന്യൂജെന്‍ ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
Content Highlights: Chinese car maker BYD Launch e6 electric MPV in india, Electric MPV, Electric Car, High Range EV, Electric Vehicle
Published: 02 Nov 2021, 11:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented