ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (ബി.വൈ.ഡി) എന്ന കമ്പനിക്ക് ഇന്ത്യയിലേക്കുള്ള വഴിതെളിച്ച് നല്‍കിയ വാഹനമാണ് ഇ6 എന്ന ഇലക്ട്രിക് എം.പി.വി. പിന്നാലെ രണ്ട് മോഡലുകള്‍ കൂടി ബി.വൈ.ഡിയുടെ വാഹനനിര കരുത്താര്‍ജിച്ചതോടെ ആദ്യമെത്തിയ മോഡലിന്റെ മുഖംമിനുക്കാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കള്‍. വാഹനത്തില്‍ വരുത്തുന്ന പുതുമകള്‍ക്കൊപ്പം പേര് കൂടി പരിഷ്‌കരിക്കുന്നുണ്ട്. ബി.വൈ.ഡി. ഇമാക്‌സ് 7 എന്ന പേരിലാണ് പുതിയ മോഡല്‍ എത്തുന്നത്. 

To advertise here,

ഒക്ടോബര്‍ മാസം ആദ്യം ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന. ഇ6 എം.പി.വിയുടെ വിവരങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇതിനുശേഷം കഴിഞ്ഞ ദിവസമാണ് പുതിയ മോഡലിന്റെ ടീസര്‍ ചിത്രത്തിനൊപ്പം മോഡലിന്റെ പേര് കൂടി നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയത്. വാഹനത്തിന്റെ ഡിസൈന്‍ വെളിപ്പെടുത്തുന്ന ഏതാനും ടീസര്‍ ചിത്രങ്ങല്‍ മുമ്പ് ബി.വൈ.ഡി. പുറത്തുവിട്ടിരുന്നു. എം6 എന്ന പേരിലായിരിക്കും പുതിയ മോഡല്‍ എത്തുകയെന്ന് അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. 

ഫ്യുച്ചറിസ്റ്റിക് ലുക്കിലുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പും ഡി.ആര്‍.എല്ലും വെളിപ്പെടുത്തിയിട്ടുള്ളതാണ് ടീസര്‍ ചിത്രമാണ് ആദ്യം പുറത്തുവിട്ടത്. ഇ6-നെക്കാള്‍ സ്‌റ്റൈലിഷാണ് ഇമാക്‌സ് 7. പുതുമയുള്ള ബംമ്പര്‍, അംഗുലര്‍ ബോണറ്റ്, വലിപ്പം കുറഞ്ഞ എയര്‍ഡാം, ഫോക്സ് സ്‌കിഡ് പ്ലേറ്റ് തുങ്ങിയവയാണ് മുന്‍വശം അലങ്കരിക്കുന്നത്. ഇരട്ട നിറത്തില്‍ തീര്‍ത്തതും ഡോറില്‍ നല്‍കിയിട്ടുള്ളതുമായി റിയര്‍വ്യൂ മിറര്‍, ആകര്‍ഷകമായ അലോയി വീല്‍, ഷോര്‍ഡര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ഡോറുകള്‍ എന്നിവയാണ് വശങ്ങളില്‍ നല്‍കിയിട്ടുള്ളത്. 

എല്‍.ഇ.ഡി. ലൈറ്റുകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി ഒരുക്കിയിട്ടുള്ള റാപ്പ്എറൗണ്ട് ടെയ്ല്‍ലാമ്പ്, രണ്ട് ലൈറ്റുകളെ ബന്ധിപ്പിച്ച നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, റൂഫ് സ്പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, പൂര്‍ണമായും ബോഡി കളറില്‍ ഒരുങ്ങിയിട്ടുള്ള റിയര്‍ ബമ്പര്‍, ബി.വൈ.ഡി. ബാഡ്ജിങ്ങ് തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ പിന്‍വശത്ത് നല്‍കിയിട്ടുള്ളത്. റെഗുലര്‍ കാറുകള്‍ക്ക് ഫ്യുവല്‍ ക്യാപ് നല്‍കുന്ന ഏരിയയിലാണ് ഈ വാഹനത്തിന്റെ ചാര്‍ജിങ് സ്ലോട്ട് നല്‍കിയിട്ടുള്ളത്. 

ബി.വൈ.ഡിയുടെ മറ്റ് വാഹനങ്ങള്‍ പോലെ ചിട്ടയായാണ് ഈ വാഹനത്തിന്റെയും ഇന്റീരിയര്‍ തീര്‍ത്തിരിക്കുന്നത്. മൂന്നുനിര സീറ്റുകളിലായി ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് സീറ്റിങ്ങ് ലേഔട്ട്. 12.8 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, അനലോഗ് ഡയലില്‍ തീര്‍ത്തിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനില്‍ നിയന്ത്രിക്കുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍, സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് മോഡ് സെലക്ടര്‍ തുടങ്ങിയവയാണ് ഇന്റീരിയറിലെ ഹൈലറ്റുകള്‍. 

55.4 കിലോവാട്ട്, 71.8 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. യഥാക്രമം 161 ബി.എച്ച്.പി, 201 ബി.എച്ച്.പി. പവറുകള്‍ ഉത്പാദിപ്പിക്കുന്ന മോട്ടോറുകളും ഇവയില്‍ നല്‍കുന്നുണ്ട്. 310 എന്‍.എം.ടോര്‍ക്കാണ് രണ്ട് മോഡലുകളുമെകുന്നത്. 55.4 കിലോവാട്ട് മോഡല്‍ ഒറ്റത്തവണ ചാര്‍ജില്‍ 420 കിലോമീറ്ററും 71.8 കിലോവാട്ട് ബാറ്ററിപാക്ക് മോഡല്‍ 530 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പുനല്‍കുന്നത്.