മെഴ്‌സിഡീസ് ബെന്‍സിന്റെ മെയ്ബ ജി.എല്‍.എസ്.600 എസ്.യു.വി, മെയ്ബ എസ് 580 സെഡാന്‍ എന്നീ വാഹനങ്ങളുടെ വരവോടെ ബോളിവുഡില്‍ മെയ്ബ തരംഗമാണെന്ന് പറയാം. സെലിബ്രിറ്റികളുടെ ഇഷ്ടചോയിസ് ആയി മാറിയ മെയ്ബ ക്ലബ്ബിലേക്ക് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അനില്‍ കപൂറും എത്തിയിരിക്കുകയാണ്. മെയ്ബ എസ്580 ആഡംബര സെഡാന്‍ സ്വന്തമാക്കിയാണ് അദ്ദേഹം ബോളിവുഡിലെ മെയ്ബ ഉടമകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 

To advertise here,

2022 മാര്‍ച്ചിലാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ഇന്ത്യയിൽ നിര്‍മിച്ച മേബാക്ക് എസ് 580  വിപണിയില്‍ എത്തിക്കുന്നത്. 2.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഈ വാഹനത്തിനൊപ്പം തന്നെ മെയ്ബയുടെ ലോങ്ങ് വീല്‍ബേസ് സെഡാനായി എസ് 680 എത്തിയിരുന്നു. വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന ഈ വാഹനമാണ് രാജ്യത്തെ ഏറ്റവും വില കൂടിയ മെയ്ബ മോഡല്‍. 3.20 കോടി രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില. 

വി 223 എസ് ക്ലാസ് ബെന്‍സിന്റെ ലോങ്ങ് വീല്‍ബേസ് പതിപ്പായാണ് പുതിയ മേബാക്ക് മോഡല്‍ എത്തിയിരിക്കുന്നത്. മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ മേബാക്ക് ഗ്രില്ലാണ് ഈ മോഡലിലും നല്‍കിയിട്ടുള്ളത്. ക്രോം വെന്റുകള്‍ നല്‍കിയിട്ടുള്ള ബമ്പറും ബേസ്പോക്ക് അലോയി വീലുകളുമാണ് മെയ്ബ ഭാവം നല്‍കുന്നത്. എമറാള്‍ഡ് ഗ്രീന്‍ നിരത്തിലുള്ള മെയ്ബ എസ് 580 ആണ് അനില്‍ കപൂര്‍ സ്വന്തമാക്കിയിരിക്കുന്നത്. 

ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ ക്ലെസ്റ്റര്‍ തുടങ്ങി അഞ്ച് സ്‌ക്രീനുകളാണ് ഈ വാഹനത്തിന്റെ ക്യാബിനില്‍ ഒരുങ്ങിയിട്ടുള്ളത്. 12.3 ഇഞ്ച് വലിപ്പമാണ് മുന്നിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുള്ളത്. 12.8 ഇഞ്ച് വലിപ്പത്തിലാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്. നാപ്പ ലെതറിലാണ് അകത്തളം പൂര്‍ണമായും ഒരുക്കിയിരിക്കുന്നത്. 10 ലിറ്റര്‍ കപ്പാസിറ്റിയുള്ള റെഫ്രിജറേറ്റര്‍ ഉള്‍പ്പെടെയുള്ള ആഡംബര സംവിധാനവും ഈ മേബാക്ക് മോഡലിന്റെ അകത്തളത്തെ സമ്പന്നമാക്കും.

4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് മേബാക്ക് എസ്580-ന്റെ ഹൃദയം. ഇതിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും നല്‍കിയിട്ടുണ്ട്. 496 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. സ്റ്റിയറിങ് അസിസ്റ്റ് ബ്രേക്ക് അസിസ്റ്റ് വിത്ത് ക്രോസ് ട്രാഫിക് ഫങ്ഷന്‍ എന്നിവ നല്‍കിയിട്ടുള്ള ലെവല്‍ ടു ഓട്ടോണമസ് സംവിധാനവും ഇതില്‍ സുരക്ഷ കാര്യക്ഷമമാക്കും.