ഓടിക്കൊണ്ടിരിക്കുന്ന കാര്‍ ഭീമാകാരമായ റോബോട്ടായി മാറുന്നത് നമ്മള്‍ സിനിമകളില്‍ കണ്ടിട്ടുള്ള ഒരു സീനാണ്. ട്രാന്‍സ്‌ഫോമേഴ്സ് എന്ന സിനിമയിലായിരുന്നു ഈ രംഗം. എന്നാല്‍, ഇത് റിയല്‍ വേള്‍ഡിലും സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് തുര്‍ക്കിഷ് കമ്പനിയായ ലെറ്റ്‌വിഷന്‍ എന്ന റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്പനി. ബി.എം.ഡബ്ല്യുവിന്റെ കാര്‍ നില്‍ക്കുന്ന നില്‍പ്പില്‍ ട്രാന്‍സ്‌ഫോര്‍മര്‍ ആയി മാറുന്ന തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. 

To advertise here,

വീഡിയോ അല്‍പ്പം പഴക്കമുള്ളതാണെങ്കിലും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയില്‍ ഈ വീഡിയോ എത്തിയതോടെയാണ് ഇത് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധനേടിയത്. തുര്‍ക്കിയിലെ ഒരു കമ്പനി നിര്‍മിച്ച യഥാര്‍ഥ ട്രാന്‍സ്‌ഫോര്‍മര്‍, എന്തുകൊണ്ട് നമ്മുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിനും ഇത്തരം തമാശകള്‍ സൃഷ്ടിച്ചൂടാ എന്ന ചോദ്യത്തോടെയാണ് ആനന്ദ് മഹീന്ദ്ര ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 

മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ടെക്‌നോളജി വിഭാഗം പ്രസിഡന്റ് വേലുവിനെ ടാഗ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്റര്‍ കുറിപ്പ്. സാധാരണ ഒരു ബി.എം.ഡബ്ല്യു കാര്‍ നിമിഷനേരം കൊണ്ട് ട്രാന്‍സ്‌ഫോര്‍മറിലെ റോബോട്ടിന്റെ രൂപത്തിലേക്ക് മാറുന്നതാണ് വീഡിയോയിലുള്ളത്. 2016-ലാണ് തുര്‍ക്കിഷ് കമ്പനിയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗം ഈ ആശയം യാഥാര്‍ഥ്യമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 8.27 ലക്ഷം ആളുകളാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിട്ടുള്ള ഈ വീഡിയോ കണ്ടിരിക്കുന്നത്. 

ട്രാന്‍സ്‌ഫോര്‍മര്‍ രൂപത്തിലേക്ക് മാറുന്ന കാറിനെ ലെട്രോണ്‍സ് എന്നാണ് നിര്‍മാതാക്കളായ ലെറ്റ്‌വിഷന്‍ വിശേഷിപ്പിക്കുന്നത്. സാധാരണ രീതിയില്‍ ഓടിച്ചുപോകാന്‍ സാധിക്കുന്ന ബി.എം.ഡബ്ല്യു കാര്‍ ആണ് റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടെ ട്രാന്‍സ്‌ഫോര്‍മറായി മാറ്റാന്‍ സാധിക്കുന്നത്. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഡൈനാമിക് ഹൈഡ്രോളിക് കണ്‍ട്രോളുകള്‍ കൊണ്ടാണ് ഇതിലെ കൈകളും മറ്റും ചലിപ്പിക്കാന്‍ സാധിക്കുന്നതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. 

കാര്‍ മോഡില്‍ ഇലക്ട്രിക് കരുത്തിലാണ് ലെട്രോണിന്റെ പ്രവര്‍ത്തനം. എന്നാല്‍, ട്രാന്‍സ്‌ഫോര്‍മറായി മാറുമ്പോള്‍ ഇലക്ട്രിക് മോട്ടോറുകളുടെയും ഹൈഡ്രോളിക്‌സിന്റെയും സഹായത്തോടെയാണ് കാര്‍ റോബോട്ടാകുന്നത്. ഒരു മിനിറ്റ് കൊണ്ടാണ് രൂപമാറ്റം നടക്കുന്നത്. നില്‍ക്കുകയും ചുറ്റിലും നോക്കുകയും ചെയ്യുമെങ്കിലും ഈ ട്രാന്‍സ്‌ഫോര്‍മറിന് നടക്കാന്‍ സാധിക്കില്ലെന്നതാണ് ശ്രദ്ധേയം. തല തിരിക്കുകയും കൈകളും കൈ വിരലുകളും ചലിപ്പിക്കാനും ഈ റോബോട്ടിന് സാധിക്കും.