ആഡംബര എസ്.യു.വി. നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച മോഡലായ റേഞ്ച് റോവര്‍ സ്വന്തമാക്കി മാലയാളത്തിന്റെ യുവതാരം ജയസൂര്യ. റേഞ്ച് റോവര്‍ സ്‌പോര്‍ട് ഓട്ടോബയോഗ്രഫി പതിപ്പാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ള പുതിയ വാഹനം. റേഞ്ച് റോവര്‍ സ്‌പോര്‍ട് ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന പതിപ്പായ ഓട്ടോബയോഗ്രഫി മോഡലിന് 2.37 കോടി രൂപയാണ് ഇന്ത്യയിലെ ഓണ്‍റോഡ് വില. 

To advertise here,

കൊച്ചിയിലെ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെ.എല്‍.ആറില്‍ നിന്നാണ് അദ്ദേഹം പുതിയ ആഡംബര എസ്.യു.വി. സ്വന്തമാക്കിയിരിക്കുന്നത്. സാന്റോറിനി ബ്ലാക്ക് മെറ്റാലിക് ഫിനീഷിങ്ങിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനം എത്തുന്നുണ്ടെങ്കിലും ഡീസല്‍ പതിപ്പാണ് ജയസൂര്യ തിരഞ്ഞെടുത്തത്. 1.87 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

തലയെടുപ്പുള്ള എസ്.യു.വി. എന്ന വിശേഷണം ഏറെ ഇണങ്ങുന്ന വാഹനമാണ് റേഞ്ച് റോവര്‍ എസ്.യു.വികള്‍. ലാന്‍ഡ് റോവര്‍ സിഗ്‌നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ക്രോമിയം പാനല്‍ നല്‍കിയിട്ടുള്ള വലിയ എയര്‍ഡാം, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഏറെ പുതുമയോടെ ഒരുങ്ങിയിട്ടുള്ള റിയര്‍ പ്രൊഫൈല്‍, നേര്‍ത്ത എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവയാണ് എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്. 

നിരവധി ആഡംബര സംവിധാനങ്ങളാണ് അകത്തളത്തിലുള്ളത്. 13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ഉയര്‍ന്ന ലെഗ്റൂം തുടങ്ങിയ ഫീച്ചറുകള്‍ റേഞ്ച് റോവറില്‍ ഒരുങ്ങുന്നുണ്ട്. 

3.0 ലിറ്റര്‍ ഡീസല്‍-പെട്രോള്‍, 4.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളില്‍ ഈ വാഹനം നിരത്തുകളില്‍ എത്തിക്കുന്നുണ്ട്. ഇതില്‍ 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ജയസൂര്യയുടെ ഗ്യാരേജില്‍ എത്തിയത്. 346 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എന്‍ജിനൊപ്പം ചേര്‍ത്തിട്ടുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.