വാഹനങ്ങള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ സിനിമാ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാണ് രാഷ്ട്രീയ നേതാക്കളും. പുതുതായി വിപണിയിലെത്തുന്ന അത്യാഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്ന പല രാഷ്ട്രീയ നേതാക്കളും രാജ്യത്തുടനീളമുണ്ട്. എന്നാല്‍, ഇത്തരക്കാരില്‍ നിന്ന് വ്യത്യസ്തരായ നേതാക്കളുമുണ്ട്. ഇവരില്‍ ഒരാളാണ് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്. 13 വര്‍ഷം പഴക്കമുള്ള ടാറ്റ സഫാരി സ്‌റ്റോം എസ്‌യുവിയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. 

To advertise here,

ഇദ്ദേഹത്തിന്റെ വാഹനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ എക്‌സില്‍ വൈറലാണ്. തന്റെ സഫാരിയില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയ ഗഹലോത്തിനോട് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഈ വാഹനം മാറ്റി പകരം കറുത്ത നിറത്തിലുള്ള ഡിഫന്‍ഡര്‍ വാങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നതാണ് വീഡിയോയിലുള്ളത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് സിമ്പു ദയാല്‍ സായിനി എന്ന യുവാവ് വാഹനത്തിനടുത്തെത്തി അഭ്യര്‍ഥന നടത്തുന്നത്.

താങ്കളെ വര്‍ഷങ്ങളായി ഈ വാഹനത്തില്‍ മാത്രമാണ് കാണുന്നത്. മറ്റ് രാഷ്ട്രീയ നേതാക്കളെല്ലാം അടിക്കടി വാഹനങ്ങള്‍ മാറ്റുന്നുണ്ട്. താങ്കള്‍ കറുത്ത നിറത്തിലുള്ള ഒരു ഡിഫന്‍ഡര്‍ വാങ്ങണം. ഡിഫന്‍ഡര്‍ മികച്ച വാഹനമാണ്. നിരവധി ആളുകള്‍ ഈ വാഹനം സ്വന്തമാക്കുന്നുണ്ടെന്നുമാണ് സിമ്പു ദയാല്‍, അശോക് ഗഹലോത്തിനോട് അഭ്യര്‍ഥിക്കുന്നത്. 

അതേസമയം, ഡിഫന്‍ഡര്‍ എന്ത് വാഹനമാണെന്ന് ഗഹലോത്ത് അദ്ദേഹത്തോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഈ വാഹനം വളരെ നല്ലതാണെന്ന് അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. ഈ വാഹനം നിങ്ങള്‍ക്ക് നല്ലതായിരിക്കാം. എന്നാല്‍, ഞങ്ങള്‍ക്ക് ഇത് പഴയ വാഹനമായാണ് തോന്നുന്നതെന്നും സിമ്പു പറയുന്നുണ്ട്. തന്റെ വാഹനം മികച്ചതാണെന്ന് ഗഹലോത്ത്  ആവര്‍ത്തിക്കുമ്പോഴും വീണ്ടും ഡിഫന്‍ഡര്‍ വാങ്ങാന്‍ ഗഹലോത്തിനെ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ കാണാം.