ഇന്ത്യക്കാർക്ക് അത്ര പരിചയമില്ലാത്ത ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്ക് സെഗ്മെന്റിനെ ജനപ്രിയമാക്കിയ മോഡൽ. അതെ, ഇസുസു ഡി-മാക്സ് വി-ക്രോസ്. ഇന്ത്യൻ കമ്പനികളായ ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും വരെ കാര്യമായ ചലനമുണ്ടാക്കാൻ കഴിയാതിരുന്ന ഈ സെഗ്മെന്റിൽ വെന്നിക്കൊടി പാറിച്ചത് ജാപ്പനീസ് വാഹന നിർമാതാക്കാളായ ഇസുസുവായിരുന്നു.

To advertise here,

അതിനായി ഡി-മാക്സ് വി-ക്രോസ് മുന്നിൽനിന്ന് പോരാടി. ഈ പോരാട്ടത്തിന് കരുത്തുപകരാൻ 2026 മോഡൽ വി-ക്രോസ് ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് കമ്പനി. ഡിസൈനിലും ഫീച്ചറുകൾക്കും പുറമെ, മെക്കാനിക്കൽ മാറ്റങ്ങളോടുംകൂടിയാണ് പുത്തൻ മോഡൽ എത്തിയിരിക്കുന്നത്.

എക്സ്റ്റീരിയർ

മൊത്തത്തിലുള്ള രൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഇല്ല. എന്നാൽ കൂടുതൽ ആകർഷകമായ രൂപഭംഗിക്ക് വേണ്ടി SUV-ക്ക് സൂക്ഷ്മമായ സ്റ്റൈലിങ് രീതികൾ ലഭിച്ചിട്ടുണ്ട്. മുൻ ഭാഗത്ത് ഇപ്പോൾ കറുത്ത ലിപ് ഉള്ള ബോൾഡ് ഗ്രിൽ നൽകി. ബമ്പറും റീവർക്ക് ചെയ്തിട്ടുണ്ട്.

വശങ്ങളിൽ, പുതിയ 18 ഇഞ്ച് അലോയ് വീലുകൾ കിടിലൻ ലുക്ക് നൽകുന്നു. കറുത്ത വീൽ ആർച്ചും സൈഡ് ക്ലാഡിങും നീക്കം ചെയ്തു.

ഇന്റീരിയർ, ഫീച്ചറുകൾ

മുൻ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്തിയിരിക്കുന്നുവെന്ന് നിസംശയം പറയാം. പഴയ 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് പകരം വലിയ 10.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ നൽകി. ഇത് ഇപ്പോൾ വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും സപോർട്ട് ചെയ്യുന്നുണ്ട്.

ഡാഷ്ബോർഡിലും ഡോറുകളിലും കോൺട്രാസ്റ്റ് ട്രിം ഇൻസേർട്ടുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പ്രീമിയം ലുക്ക് നൽകുന്നുണ്ട്. ടോപ്-സ്പെക് Z പ്രസ്റ്റീജ് വേരിയന്റിൽ എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റമാണുള്ളത്. 360-ഡിഗ്രി ക്യാമറയും ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റവും ഉണ്ട്. ഇത് ദൈനംദിന ഉപയോഗത്തിനും ഓഫ്-റോഡ് യാത്രകൾക്കും കൂടുതൽ കരുത്തേകും.

എൻജിൻ

1.9 ലിറ്റർ ഡീസൽ എൻജിൻ അതേപടി തുടരുന്നു. ഇത് 161 ബിഎച്ച്പിയും 360 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തിരഞ്ഞെടുക്കാം. അതേസമയം, ശ്രദ്ധേയമായ രണ്ട് പ്രധാന മെക്കാനിക്കൽ മാറ്റങ്ങൾ വന്നിട്ടുണ്ട്.

4x2 വേരിയന്റ് ഒഴിവാക്കി, എല്ലാ മോഡലുകളിലും 4 വീൽ ഡ്രൈവ് സ്റ്റാൻഡേർഡാക്കി. കൂടാതെ എല്ലാ ട്രിമ്മുകളിലും ഓട്ടോ-ലോക്കിങ് ഡിഫറൻഷ്യൽ കൂട്ടിച്ചേർത്തു. ഇത് ഓഫ്-റോഡ് കഴിവ് വർധിപ്പിക്കുന്നു.

വേരിയന്റുകളും വിലയും

V-Cross 4WD MT Z, V-Cross 4WD MT Z Prestige, V-Cross 4WD AT Z Prestige എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിൽ പുതിയ V-Cross ലഭ്യമാണ്. 25.50 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 30.28 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) വില.