ഇന്ത്യന്‍ നിരത്തുകളില്‍ മാത്രമല്ല ആഗോളതലത്തില്‍ ശ്രദ്ധനേടിയിട്ടുള്ള വാഹനമാണ് നിസാന്റെ മിഡ് സൈസ് എസ്‌യുവിയായ കിക്‌സ്. കരുത്തിലും സ്‌റ്റൈലിലും ഒരുപോലെ തിളങ്ങുന്ന ഈ വാഹനത്തില്‍ പുതിയ എന്‍ജിന്‍ സ്ഥാനം പിടിക്കുന്നു. ബിഎസ്-6 നിലവാരത്തിലുള്ള 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഇനി കിക്‌സിന് കുതിപ്പേകുന്നത്. 

To advertise here,

1.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരുന്ന ഈ വാഹനത്തില്‍ മുമ്പ് നല്‍കിയിരുന്നത്. ഇതില്‍ 1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ ഉത്പാദനം നിസാന്‍ പൂര്‍ണമായും അവസാനിപ്പിച്ചു. 1.5 പെട്രോള്‍ എന്‍ജിന് പകരം ബിഎസ്-6 നിലാവാരത്തിലുള്ള 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനമെത്തുന്നത്.

എച്ച്ആര്‍13ഡിഡിടി എന്ന വിശേഷണമുള്ള ഈ എന്‍ജിന്‍ റെനോ ഡസ്റ്റര്‍ ടര്‍ബോയിലും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 156 ബിഎച്ച്പി പവറും 245 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഈ എന്‍ജിന്‍ നല്‍കുന്നതോടെ മിഡ് സൈസ് എസ്‌യുവി ശ്രേണിയില്‍ ഏറ്റവും കരുത്തനായ വാഹനം എന്ന ഖ്യാതി കിക്‌സിന് സ്വന്തമാകും. 

ഡെയിംലര്‍-നിസാന്‍-റെനോ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ച ഈ പുതിയ എന്‍ജിനൊപ്പം ഈ വാഹനത്തിലെ ട്രാന്‍സ്മിഷനും കൂടുതല്‍ കാര്യക്ഷമമാകുന്നുണ്ട്. എട്ട് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിരിക്കും പുതിയ കിക്‌സില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ടര്‍ബോ എന്‍ജിനിലേക്ക് മാറുന്നതിനൊപ്പം ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, മള്‍ട്ടിപ്പിള്‍ എയര്‍ബാഗ്, എബിഎസ്-ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തില്‍ പുതുതായി സ്ഥാനം പിടിക്കുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന. 

വിദേശ നിരത്തുകളിലെ നിസാന്‍ കിക്‌സ് പുതിയ ഡിസൈന്‍ ശൈലിയിലേക്ക് മാറിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഡിസൈന്‍ ശൈലിയില്‍ കാര്യമായ മാറ്റം വരുത്താനിടയില്ല. ഇന്ത്യയിലെ എസ്‌യുവി ശ്രേണി വാഴുന്ന കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, തുടങ്ങിയ വാഹനങ്ങളുമായായിരിക്കും നിസാന്‍ കിക്‌സ് ഇന്ത്യയില്‍ ഏറ്റുമുട്ടുന്നത്.

Content Highlights: 2020 Nissan Kicks Gets 1.3 Liter Petrol Turbo Charged Engine