ഇന്ത്യയിലെ തന്നെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ കേരളത്തിലെ രണ്ടാമത്തെ എക്‌സ്പീരിയൻസ് സെന്റർ, യുവി സ്‌പേസ് സ്റ്റേഷൻ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് തുറന്നു. ഇന്ത്യയിൽ വളർന്ന് വരുന്ന ഇലക്ട്രിക് മൊബിലിറ്റി വിപണികളിൽ ഉടനീളം ശക്തമായ സാന്നിധ്യമാകുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് പുതിയ യുവി സ്‌പേസ് സ്റ്റേഷൻ ആരംഭിച്ചതെന്നാണ് കമ്പനി മേധാവികൾ അറിയിച്ചിരിക്കുന്നത്.

To advertise here,

തിരുവനന്തപുരത്തെ എക്‌സ്പീരിയൻസ് സെന്ററിൽ അൾട്രാവയലറ്റിന്റെ സുപ്രധാന മോഡലുകളായ എക്‌സ് 47 ക്രോസ്ഓവർ, എഫ് 77 എന്നീ ബൈക്കുകളാണ് എത്തിച്ചിരിക്കുന്നത്. അൾട്രാവയലറ്റിന്റെ ഡീലർ പാർട്‌നർ പോപ്പുലർ റീട്ടെയിൽ കോർപ്പറേഷനുമായി സഹകരിച്ചാണ് തിരുവനന്തപുരത്തെ പുതിയ യുവി സ്‌പേസ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. ടെസ്റ്റ് റൈഡ്, വിൽപന, സർവീസ്, ആക്‌സസറികൾ തുടങ്ങിയ സേവനങ്ങളാണ് ഈ ഷോറൂമിൽ അൾട്രാവയലറ്റ് ഉറപ്പാക്കിയിരിക്കുന്നത്.

അൾട്രാവയലറ്റിന്റെ അഭിമാന മോഡലുകളായ എക്‌സ് 47, എഫ് 77 എന്നീ ഇലക്ട്രിക് മോഡലുകളായിരിക്കും പ്രധാനമായും ഈ ഷോറൂമിൽ അണിനിരക്കുക. രണ്ട് ശ്രേണികളിൽ വരുന്ന മോട്ടോർ സൈക്കിളുകളാണെങ്കിലും ഒരേ സാങ്കേതിക സംവിധാനങ്ങളുമായാണ് ഇവ എത്തിയിരിക്കുന്നത്. 40.2 എച്ച്പി പവറും 100 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും 10.3 കിലോവാട്ട് അവർ ബാറ്ററിയുമാണ് ഈ ബൈക്കുകളിൽ നൽകിയിട്ടുള്ളത്. ഒറ്റത്തവണ ചാർജിലൂടെ 323 കിലോമീറ്റർ സഞ്ചരിക്കാൻ ഇവയ്ക്ക് സാധിക്കും.

അൾട്രാവയലറ്റിന്റെ എൻജിനീയറിങ് മികവിലും നവീകരിച്ച പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയും നിർമിച്ചിട്ടുള്ള ബൈക്കാണ് എക്‌സ് 47 ക്രോസ്ഓവർ. അടിസ്ഥാന ഫീച്ചറായി റഡാർ നൽകുന്ന ലോകത്തിലെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളുമാണിത്. അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, മൂന്ന് റൈഡ് മോഡുകൾ, ലോങ് ട്രാവൽ സസ്‌പെൻഷൻ, സെഗ്മെന്റ് ഫസ്റ്റ് റേഡിയൽ ഓൾ ടെറൈൻ ടയറുകൾ എന്നിവയാണ് പ്രധാനമായും എക്‌സ് 47 ക്രോസ്ഓവർ ബൈക്കുകളിൽ ഒരുക്കിയിട്ടുള്ള സവിശേഷതകൾ.

ഇലക്ട്രിക് മൊബിലിറ്റി കൂടുതൽ ജനകീയമാക്കുന്നതിനായി ബാറ്ററി ഫ്‌ളെക്‌സ് (ബാസ്) സംവിധാനവും അൾട്രാവയലറ്റ് ഒരുക്കിയിട്ടുണ്ട്. ഇതുവഴി 1.49 ലക്ഷം രൂപയ്ക്ക് ഉപയോക്താക്കൾക്ക് അൾട്രാവയലറ്റ് എക്‌സ് 47 ബൈക്ക് സ്വന്തമാക്കാൻ സാധിക്കും. ബാറ്ററിയുടെ വാടകയായി പ്രതിമാസം 2499 രൂപയാണ് നൽകേണ്ടത്. പെർഫോമൻസ് ഇലക്ട്രിക് ബൈക്കുകൾ സ്വന്തമാക്കുന്നതിനുള്ള ചിലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാസ് നടപ്പാക്കുന്നതെന്നാണ് അൾട്രാവയലറ്റ് അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ സുപ്രധാന നാഴികക്കല്ലാണിതെന്നും ടെക്‌നോപാർക്ക് പോലെയുള്ള സ്ഥാപനങ്ങൾ, മോഡേൺ രീതികളെ ഉൾക്കൊള്ളുന്ന മോട്ടോർ സൈക്കിളിങ് കമ്മ്യൂണിറ്റി തുടങ്ങിയവയുടെ സാന്നിധ്യമാണ് കേരളത്തിലെ രണ്ടാമത്തെ യുവി സ്‌പേസ് സ്റ്റേഷൻ ആരംഭിക്കുന്നതിന് തിരുവനന്തപുരം നഗരത്തെ തിരഞ്ഞെടുത്തതെന്നാണ് അൾട്രാവയലറ്റ് സിഇഒ സഹസ്ഥാപകനുമായി നാരായൺ സുബ്രഹ്‌മണ്യം അറിയിച്ചത്.