ആദ്യ കാഴ്ചയില്‍ സൈക്കിള്‍ ആയി തോന്നുമെങ്കിലും ഇലക്ട്രിക് ബൈക്ക് വിഭാഗത്തിലാണ് ഇത് വരുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം മാധ്യമ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ചാണ്ടി ഉമ്മൻ. പ്രചരണത്തിനായി അദ്ദേഹം തിരഞ്ഞെടുത്ത രീതിയാണ് ഇതിന് പ്രധാന കാരണം. സൈക്കിളുമായി വീടുവീടാന്തരം കയറിയിറങ്ങിയായിരുന്നു അദ്ദേഹം ആളുകളോട് വോട്ട് അഭ്യർഥിച്ചത്. അദ്ദേഹത്തിന്റെ ഈ രീതിക്കൊപ്പം ചർച്ചയിൽ ഇടംനേടിയ ഒന്നാണ് വലിയ വീതിയുള്ള ടയറുകൾ ഘടിപ്പിച്ച ആ സൈക്കിളും.
പുതുപ്പള്ളി മണ്ഡലത്തിലെ വിജയത്തിന് ശേഷം വ്യാഴാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയതും ഇതേ സൈക്കിളിലായിരുന്നു. ഇതോടെ ഈ സൈക്കിളിനെ കുറിച്ച് അറിയാനുള്ള കൗതുകം ഒന്ന് കൂടി വർധിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ ട്രെന്റിങ്ങായിരിക്കുന്ന ഈ കാലത്ത് എത്തിയിട്ടുള്ള ഒരു ഹൈബ്രിഡ് ഇലക്ട്രിക് സൈക്കിളാണ് ചാണ്ടി ഉമ്മന്റെ സന്തതസഹചാരിയായ ഈ വാഹനം.
എൻഎഫ്ബിഐ (നാഷണൽ ഫൗണ്ടേഷൻ ഫോർ ബിസിനസ് ഇന്ത്യ) എന്ന കമ്പനിയുടെ ഐ ബൈക്ക് 3 എക്‌സ്9 എന്ന വാഹനമാണ് ചാണ്ടി ഉമ്മന്റെ കൈവശമുള്ളത്. ആദ്യ കാഴ്ചയിൽ സൈക്കിൾ ആയി തോന്നുമെങ്കിലും ഇലക്ട്രിക് ബൈക്ക് വിഭാഗത്തിലാണ് ഇത് വരുന്നത്. ഇലക്ട്രിക് ഫാറ്റ് ടയർ ബൈ സൈക്കിൾ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. സാധാരണ സൈക്കിൾ പോലെ പെഡൽ ചവിട്ടി ഓടിച്ച് പോകാനും ഇലക്ട്രിക് ബൈക്കുകൾ പോലെ സ്റ്റാർട്ട് ചെയ്ത ഓടിച്ച് പോകാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഹെവി ഡ്യൂട്ടി 250 വോട്ട് ബിഎൽഡിസി മോട്ടോറാണ് ഈ ഇലക്ട്രിക് ബൈക്കിൽ പ്രവർത്തിക്കുന്നത്. 36 വോൾട്ടിന്റെ ലിഥിയം അയേൺ ബാറ്ററിലാണ് ഐ ബൈക്ക് 3 എക്‌സ്9-ൽ നിർമാതാക്കൾ നൽകിയിരിക്കുന്നത്. ചാർജിങ് ചെയ്യാനുള്ള എളുപ്പത്തിനായി അഴിച്ച് എടുക്കാൻ സാധിക്കുന്ന ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. 21 സ്പീഡ് ഷിമാനോ ഗിയർ സംവിധാനമാണ് ഈ വാഹനത്തിൽ നിർമാതാക്കൾ നൽകിയിരിക്കുന്നത്.
റെഗുലർ യാത്രകൾക്കും ഓഫ് റോഡ് സൈക്കിളിങ്ങിനും ഇണങ്ങുന്ന തരത്തിലാണ് ഈ ഇലക്ട്രിക് ബൈക്കിന്റെ രൂപകൽപ്പന. 26 x 4 ഇഞ്ച് സൈസുള്ള ഫാറ്റ് ടയറുകൾ ഉപയോഗിക്കുന്നതിനാൽ മോശമായ പ്രതലങ്ങളിൽ പോലും സ്‌റ്റെബിലിറ്റി ഉറപ്പാക്കും, മുന്നിൽ സസ്‌പെൻഷനും ഹൈഡ്രോ കാർബൺ അലോയി ഹെവി ഡ്യൂട്ടി ഫ്രെയിമിലാണ് ഈ ഇലക്ട്രിക് ബൈക്ക് നിർമിച്ചിരിക്കുന്നത്.
ഫീച്ചറുകളുടെ കാര്യത്തിലും ഈ വാഹനം മുൻപന്തിയിലാണ്. ബാറ്ററി സ്റ്റാറ്റസ്, വേഗത തുടങ്ങി നിരവധി വിവരങ്ങൾ നൽകുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററാണ് ഇതിൽ പ്രവർത്തിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റ്, വാക്കിങ് അസിസ്റ്റ് മോഡ് എന്നീ ഫീച്ചറുകൾക്കൊപ്പം ഡ്യുവൽ ഡിസ്‌ക് ബ്രേക്കിന്റെ സുരക്ഷയും ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. കനേഡിയൻ ഡിസൈനിൽ ഇന്ത്യയിൽ നിർമിച്ചിട്ടുള്ള ഈ ഇലക്ട്രിക് ബൈക്കിന് 60,000 രൂപ മുതൽ 65,000 രൂപ വരെയാണ് വില വരുന്നത്.
Content Highlights: Features the i-Bike 3 X9 hybrid electric bicycle., Equipped with a 250W BLDC motor and 36V removable lithium-ion battery., Includes 21-speed Shimano gears and 26x4 inch fat tires for stability., Designed for both regular commuting and off-road cycling., Price ranges between 60,000 and 65,000 INR.
Published: 21 May 2026, 03:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented