പെരുമ്പാവൂര്‍: നികുതി വെട്ടിക്കുന്നതിനായി ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആഡംബര ബൈക്ക് പെരുമ്പാവൂരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടി.

To advertise here,

വാഹന പരിശോധനയ്ക്കിടെയാണ് 33 ലക്ഷം രൂപ വിലവരുന്ന ബൈക്ക് പിടികൂടിയത്. ആഡംബര നികുതി വെട്ടിക്കുന്നതിനായി വ്യാജ മേല്‍വിലാസത്തില്‍ ഹിമാചല്‍പ്രദേശിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. എറണാകുളത്താണ് ഉപയോഗിച്ചിരുന്നത്.

കൊച്ചി സ്വദേശി ദീപു പൗലോസ് എന്നയാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും മേല്‍വിലാസത്തിനായി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹിമാചല്‍പ്രദേശ് ആര്‍.ടി.ഒ. വാഹനത്തിന്റെ രജിസ്ട്രേഷന്‍ 2021-ല്‍ റദ്ദാക്കി. ഇതിനിടെ 2017 മോഡല്‍ 'ഇന്ത്യന്‍' എന്ന ബൈക്ക് പെരുമ്പാവൂര്‍ സ്വദേശിക്ക് കൈമാറി.

കഴിഞ്ഞ ദിവസം പെരുമ്പാവൂരിനു സമീപം ഒക്കലില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. ഏഴ് ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനം.