ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണിയുടെ മേധാവിത്വം ഹോണ്ടയുടെ സ്വന്തമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഹീറോ, ടി.വി.എസ് തുടങ്ങി ഇന്ത്യയിലെ മറ്റ് ഇരുചക്ര വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിച്ചിട്ടും മാര്‍ക്കറ്റ് ലീഡറായ ഹോണ്ട ഇതുവരെയും ഈ നീക്കത്തിന് മുതിര്‍ന്നിരുന്നില്ല. എന്നാല്‍, ഇക്കഴിഞ്ഞ ടോക്കിയോ മോട്ടോര്‍ഷോയില്‍ ഹോണ്ടയും ഒരു ഇലക്ട്രിക് വാഹനത്തിന്റെ കണ്‍സെപ്റ്റുമായാണ് എത്തിയത്. 

To advertise here,

ഹോണ്ട എസ്.സി.ഇ എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റാണ് ഹോണ്ട പ്രദര്‍ശനത്തിനെത്തിച്ചത്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള വരവ് അല്‍പ്പം വൈകിയാണെങ്കിലും പുതിയ സംവിധാനങ്ങള്‍ ഉള്‍പ്പെടെയാണ് ഹോണ്ട എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. അഴിച്ചുമാറ്റാന്‍ സാധിക്കുന്ന രണ്ട് ഇലക്ട്രിക് ബാറ്ററിയുടെ കരുത്തിലാണ് ഇത് എത്തുന്നത്. മൊബൈല്‍ പവര്‍ പാക്ക് എന്ന വിശേഷണമാണ് ഈ സ്വാപ്പിങ്ങ് ബാറ്ററി സംവിധാനത്തിന് ഹോണ്ട നല്‍കിയിട്ടുള്ളത്. 

വിപണിയില്‍ എത്തിയിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സമാനമായി സീറ്റിനടിയില്‍ തന്നെയാണ് ഹോണ്ടയുടെ എസ്.സി.ഇ. സ്‌കൂട്ടറിന്റെയും ബാറ്ററി പാക്കിന്റെ സ്ഥാനം. ഉയര്‍ന്ന റേഞ്ചും കൂടിയ സ്പീഡും തന്നെയായിരിക്കും ഹോണ്ട ആദ്യമായി എത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെയും മുഖമുദ്രയെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, റേഞ്ച്, വേഗത, ബാറ്ററിയുടെ ശേഷി തുടങ്ങിയ വിവരങ്ങള്‍ സംബന്ധിച്ച സൂചനകളും ഹോണ്ട നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വലിയ ഡിസൈന്‍ സവിശേഷതകള്‍ ഒന്നുമില്ലാതെ ഹോണ്ടയുടെ പരമ്പരാഗത വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈനിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് ഒരുങ്ങിയിരിക്കുന്നത്. ഇതില്‍ തന്നെ എല്‍.ഇ.ഡി. ഡി.ആര്‍.എല്‍ വാഹനത്തിന് മോഡേണ്‍ ഭാവം നല്‍കുന്നുണ്ട്. ഇലക്ട്രിക് വാഹനമാണെന്ന സൂചന നല്‍കുന്ന നീല നിറത്തിലുള്ള ഡിസൈന്‍ ഹൈലൈറ്റുകള്‍ ഈ സ്‌കൂട്ടറില്‍ ഹാന്‍ഡിലില്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലായി നല്‍കിയിട്ടുണ്ട്. 

ഹോണ്ടയുടെ മറ്റ് സ്‌കൂട്ടറുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ വലിയ സീറ്റുകള്‍, മുന്നിലെ ഏപ്രണില്‍ നല്‍കിയിട്ടുള്ള വലിപ്പം കുറഞ്ഞ ഹെഡ്‌ലാമ്പ്, ടയറിന് സമീപത്ത് ഉള്‍പ്പെടെ നല്‍കിയിട്ടുള്ള നീല നിറത്തിലുള്ള ലൈറ്റ് സ്ട്രിപ്പ്, പുതുമയുള്ള ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന അലോയി വീല്‍ എന്നിവയും ഈ വാഹനത്തെ അലങ്കരിക്കുന്നുണ്ട്. വീല്‍ മൗണ്ടഡ് ആയിട്ടുള്ള ഇലക്ട്രിക് മോട്ടോറായിരിക്കും ഈ സ്‌കൂട്ടറിന് കരുത്തേകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഫീച്ചറുകളുടെ കാര്യത്തില്‍ ഹോണ്ടയുടെ പരമ്പരാഗത സ്‌കൂട്ടറുകളെക്കാള്‍ മുന്നിലായിരിക്കും ഇലക്ട്രിക് മോഡലെന്നാണ് പ്രതീക്ഷിക്കുന്നത്. കണക്ടഡ് സംവിധാനങ്ങളോടെയായിരിക്കും ഈ സ്‌കൂട്ടര്‍ ഒരുങ്ങുന്നത്. ഇതിനായി വലിപ്പമുള്ള ഒരു സ്‌ക്രീന്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയാണ് ഇതിലുള്ളത്. അര്‍ബണ്‍ സ്‌കൂട്ടറായി ഒരുങ്ങുന്ന ഈ വാഹനത്തിന്റെ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ സിംഗിള്‍ ഷോക്ക് അബ്‌സോര്‍ബറുമായിരിക്കും സസ്‌പെന്‍ഷന്‍ ഒരുക്കുക.

Image Source: Paultan