
തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ഇന്ത്യയില്‍ 'ഹീറോ'യ്ക്കുള്ളത്. 'ഹീറോ ഹോണ്ട'യില്‍നിന്ന് അടര്‍ന്നുമാറി തനി ഇന്ത്യനായി ഒറ്റയ്ക്ക് പോരാടി രാജ്യം വെട്ടിപ്പിടിച്ച് 'ഹീറോ'യായ ചരിത്രം. ഇരുചക്രവാഹന രംഗത്ത് പകരംവെക്കാനില്ലാത്ത പേര്. വരാന്‍ അല്പം വൈകിയെങ്കിലും വൈദ്യുതവാഹന രംഗത്തും വിജയക്കൊടി പാറിക്കാന്‍ വരുകയാണ് 'വിഡ'യുമായി 'ഹീറോ', ജീവിതം എന്നര്‍ഥംവരുന്ന 'വിഡ' പുതുജീവിതം തരുമെന്ന വിശ്വാസവുമായി.
'വിഡ'യെ അറിയാം
കാഴ്ചയ്ക്ക് ഒരു വൈദ്യുത സ്‌കൂട്ടറാണെന്ന് ഒറ്റനോട്ടത്തില്‍ പറയില്ല.കാരണം വലുപ്പമുണ്ട്, മുന്നിലെ ഗാര്‍ഡടക്കം കാണാന്‍ വീതിയുണ്ട്. ഓറഞ്ചും കറുപ്പും ചേര്‍ന്ന ഇരട്ടനിറം ഒറ്റനോട്ടത്തില്‍ത്തന്നെ കണ്ണിലുടക്കും. ഷാര്‍പ്പായുള്ള ബോഡിലൈനുകളാണ് മറ്റൊരു പ്രത്യേകത. അധികം കാണാത്ത എല്‍.ഇ.ഡി. ലൈറ്റുകള്‍, ഹെഡ്ലൈറ്റും ഡി.ആര്‍.എല്ലും ചെറിയ ഇന്‍ഡിക്കേറ്ററുകളുമെല്ലാംചേര്‍ന്ന് മുന്‍ഭാഗം കളര്‍ഫുളാകുന്നുണ്ട്. വലിയ ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേയും കളറാണ്. പിന്നിലും അതുപോലെ കൂളാണ് കാഴ്ചയില്‍. അധികം ഏച്ചുകെട്ടലുകളില്ല.
ഫീച്ചറുകളാല്‍ സമൃദ്ധം
ഇതില്‍ ഏഴ് ഇഞ്ചിന്റെ ടി.എഫ്.ടി. സ്‌ക്രീനാണ്. 'ഓവര്‍ ദ എയര്‍' സാങ്കേതികവിദ്യയുടെ പിന്‍ബലമാണ് ഇതില്‍ പ്രമുഖം. വാഹനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനും സോഫ്റ്റ്വേര്‍ അപ്‌ഡേഷനും മറ്റും കഴിയുന്ന 'വിഡ ക്ലൗഡ്' ആണിത്. റിവേഴ്‌സ്, യു.എസ്.ബി. ഫോണ്‍ കണക്ടിവിറ്റി എന്നിങ്ങനെ ഫീച്ചറുകള്‍ ഏറെ. 4ജി സപ്പോര്‍ട്ട് ചെയ്യും. ഡോക്യുമെന്റ്‌സ് സേവ് ചെയ്തു വയ്ക്കാം. നാവിഗേഷന്‍, ജിയോ ഫെന്‍സിങ്, ബൈക്ക് ട്രാക്കിങ്, പാര്‍ക്കിങ് അസിസ്റ്റ്, എമര്‍ജന്‍സി അലേര്‍ട്ട്, മൈ റൈഡ് എന്നിവയുമുണ്ട്. സ്‌കൂട്ടര്‍ എത്ര കിലോമീറ്റര്‍ ഓടി, എത്രതവണ ചാര്‍ജ് ചെയ്തു, ബാറ്ററി ഉപയോഗം, ചാര്‍ജ് ചെയ്യാനുള്ള തുക എന്നിവയെല്ലാം 'മൈ റൈഡി'ലൂടെ അറിയാം. മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ്.
താക്കോലിട്ട് തിരിക്കേണ്ട
കാറുകളില്‍ കാണുന്ന കീലെസ് എന്‍ട്രിയാണ് മറ്റൊരു സവിശേഷത. താക്കോല്‍ പോക്കറ്റിലിട്ട് സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി സ്റ്റാര്‍ട്ടാകാന്‍. കീ പാഡില്‍ ഫോളോ മീ ലൈറ്റ്, സീറ്റ് ഓപ്പണ്‍ തുടങ്ങിയവയെല്ലാം ചെയ്യാം.
പെര്‍ഫോമന്‍സ്
പ്രോ, പ്ലസ് എന്നിങ്ങനെ രണ്ടു വേരിയന്റുകളാണുള്ളത്. 3.9 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് രണ്ടിലും. ബാറ്ററിയിലാണ് വ്യത്യാസം. പ്ലസിന്റേത് 3.44 കിലോവാട്ടും പ്രോയില്‍ 3.94 കിലോവാട്ടുമാണ്. പ്ലസിന് 143 കിലോമീറ്ററും പ്രോയ്ക്ക് 165 കിലോമീറ്ററുമാണ് കമ്പനി പറയുന്ന റേഞ്ച്. എക്കോ, റൈഡ്, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്നു മോഡുകളുണ്ട്. ഇതിന് പുറമേ, ആദ്യമായി ക്രൂയിസ് കണ്‍ട്രോളും 'വിഡ'യ്ക്ക് കരുത്തേകുന്നു.
സൈ്വപ്പ് ബാറ്ററി
ഊരിമാറ്റാവുന്ന ബാറ്ററിയാണ് 'വിഡ'യെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. ഊരിമാറ്റിയും അല്ലാതെയും ചാര്‍ജ് ചെയ്യാം. ബാറ്ററി 80 ശതമാനം ചാര്‍ജാകാന്‍ പ്രോയ്ക്ക് അഞ്ച് മണിക്കൂര്‍ 55 മിനിറ്റും പ്ലസിന് അഞ്ച് മണിക്കൂര്‍ 15 മിനിറ്റുമാണ് കമ്പനി പറയുന്നത്. ഫാസ്റ്റ് ചാര്‍ജിങ്ങില്‍ 65 മിനിറ്റുകൊണ്ട് 80 ശതമാനം ചാര്‍ജ് ആകും.
ഡ്രൈവ്
വൈദ്യുതിയായതിനാല്‍ നിശ്ശബ്ദമാണ്. പിന്‍വീലിലാണ് മോട്ടോറുള്ളത്. ചലിപ്പിക്കാന്‍ ബെല്‍റ്റ് ഇല്ല. അതുകൊണ്ട് കരുത്ത് നേരേ വീലില്‍ തന്നെയാണ് വരുന്നത്. കൂടുതല്‍ സ്റ്റെബിലിറ്റി അനുഭവപ്പെടുന്നുണ്ട്. മടക്കിയെടുക്കാവുന്ന സീറ്റുകള്‍ സുഖപ്രദമാണ്. റൈഡിങ് പൊസിഷനും കൊള്ളാം. എതിരാളികള്‍ക്ക് വെല്ലുവിളിയാവാന്‍തന്നെയാണ് 'വിഡ'യുടെ വരവ്. പ്രോ വേരിയന്റിന് കേരളത്തില്‍ 1,45,000 രൂപയാണ് എക്‌സ്‌ഷോറൂം വിലവരുന്നത്.
Content Highlights: Hero first electric scooter Vida, Hero Vida Electric Scooter, Vida Electric Scooter Test Ride
Published: 15 Jun 2023, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented