രാജ്യ തലസ്ഥാനത്ത് ഇ-സൈക്കിളുകള്‍ വാങ്ങുന്നവര്‍ക്കായുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളും സബ്സിഡികളും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി സര്‍ക്കാര്‍ നഗരത്തില്‍ വില്‍ക്കുന്ന ആദ്യ 10,000 ഇ-സൈക്കിളുകള്‍ക്ക് 5,500 രൂപ വീതം സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു.

To advertise here,

പാസഞ്ചര്‍ ഇ-സൈക്കിളുകള്‍ ആദ്യം വാങ്ങുന്ന 1,000 പേര്‍ക്ക് 2,000 രൂപ അധിക സബ്സിഡി നല്‍കും. ഇ-കാര്‍ട്ടുകള്‍ വാങ്ങുന്ന കമ്പനിക്കോ കോര്‍പ്പറേറ്റ് സ്ഥാപനത്തിനോ 30,000 രൂപ സബ്‌സിഡി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ സബ്സിഡി സ്‌കീമിന് അര്‍ഹതയുള്ളൂ. നഗരത്തിലെ ഡെലിവറി സേവനങ്ങളില്‍ പ്രധാനമായും ഇ-സൈക്കിള്‍ കൊണ്ടുവരാനായാണ് ഇവയ്ക്ക് സബ്സിഡി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നഗരത്തിലെ മൂന്ന് ഡിസ്‌കോമുകളായ -ബി.ആര്‍.പി.എല്‍., ബി.വൈ.പി.എല്‍., ടി.പി.ഡി.ഡി.എല്‍, ഭവന സമുച്ചയങ്ങള്‍, മാളുകള്‍, ചന്തകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലായി 168 ഇ-വാഹന ചാര്‍ജറുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ നഗരത്തിലുടനീളം ചാര്‍ജിങ് സ്റ്റേഷനുകളും സര്‍ക്കാര്‍ സജ്ജീകരിക്കുന്നുണ്ട്. 

നിലവില്‍ 45,900 ഇ-വാഹനങ്ങള്‍ നഗരപാതകളില്‍ ഓടുന്നുണ്ടെന്നും ഇതില്‍ 36 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ചെയ്ത മൊത്തം വാഹനങ്ങളിലെ ഇ-വാഹനങ്ങളുടെ ശതമാനം 12 ശതമാനം കടന്നു. ഇരുചക്ര, മുച്ചക്രവാഹനങ്ങള്‍ക്ക് പരമാവധി 30,000 രൂപ വരെയും നാലുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ 1,50,000 രൂപ വരെയുമാണ് ഇ-വാഹനങ്ങളില്‍ ഇളവ് ലഭിക്കുക. 

ഇ-സൈക്കിളുകള്‍ക്ക് 25,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് വില. കാര്‍ഗോ ഇ-സൈക്കിളുകളുടെ വില ഏകദേശം 40,000-45,000 രൂപയുമാണ്. 90,000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെ വിലയുള്ള ഇ-കാര്‍ട്ടുകളുടെ വിവിധ മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്.