മിഡ്-വെയിറ്റ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ കരുത്തന്‍ സാന്നിധ്യമായ ജാവ യെസ്ഡി മോട്ടോര്‍സൈക്കിളിന്റെ നിയോ ക്ലാസിക് ബൈക്ക് ശ്രേണിയിലേക്ക് പുതിയൊരു അവതാരം കൂടി എത്തിയിരിക്കുകയാണ്. ജാവ 42 എഫ്.ജെ. എന്ന പേരിലാണ് പുതിയ മോഡല്‍ നിര്‍മാതാക്കളായ ക്ലാസിക് ലെജന്‍ഡ്‌സ് എത്തിച്ചിരിക്കുന്നത്. ആറ് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ ബൈക്കിന് 1.99 ലക്ഷം രൂപ മുതല്‍ 2.20 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 

To advertise here,

ജാവ കമ്പനിയുടെ സ്ഥാപകനായ ഫ്രാന്റിസെക് യാനിചെകിനോടുള്ള ആദരസൂചകമായാണ് പുതുതായി എത്തിയ വാഹനത്തിന് അദ്ദേഹത്തിന്റെ പേരിന്റെ ചുരുക്കമായ എഫ്.ജെ. എന്ന വിശേഷണം നല്‍കിയിരിക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ എന്‍ജിനിയറിങ്ങില്‍ രൂപകല്പനയുടെ സവിശേഷതയാണ് പുതിയ 42 എഫ്.ജെ.യില്‍ പ്രതിഫലിക്കുന്നതെന്ന് ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ് സഹസ്ഥാപകന്‍ അനുപം തരേജ പറഞ്ഞു.

മോഡേണ്‍ റെട്രോ ഡിസൈനിലാണ് ഈ മോട്ടോര്‍ സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. ജാവ 350-യുടെ പ്ലാറ്റ്‌ഫോമില്‍ ജാവ 42-ന് സമാനമായ ഡിസൈനിലാണ് ജാവ 42 എഫ്.ജെ. നിര്‍മിച്ചിരിക്കുന്നത്. ബ്രഷ്ഡ് അലുമിനിയം ഫ്യുവല്‍ ടാങ്ക് ക്ലാഡിങ്ങ്, അലുമിനിയം ഹെഡ്‌ലാമ്പ് ഹോള്‍ഡറുകള്‍, ഗ്രാബ് ഹാന്‍ഡില്‍ എന്നിവയാണ് ഇതിലുള്ളത്. പ്രീമിയം സ്റ്റിച്ചിങ്ങുകള്‍ നല്‍കിയിട്ടുള്ള ഫ്‌ളാറ്റ് സീറ്റാണ് ഡിസൈന്‍ മികവിന്റെ മറ്റൊരു ഉദാഹരണം. 

എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പ്, ടെയ്ല്‍ലാമ്പ് തുടങ്ങിവയാണ് ഇതിലുള്ളത്. അപ്‌സെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, പൂര്‍ണമായും ഡിജിറ്റലില്‍ ഒരുങ്ങിയിട്ടുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, യു.എസ്.ബി. ചാര്‍ജിങ് പോര്‍ട്ട്, ഈ ബൈക്ക് ഉള്‍പ്പെടുന്ന ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന 178 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 1440 എം.എം. വീല്‍ബേസും ഈ ബൈക്കില്‍ നല്‍കുന്നുണ്ട്. മുന്നില്‍ 41 എം.എം. ടെലിസ്‌കോപിക് ഫോര്‍ക്കും ട്വിന്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സ് പിന്നിലും സസ്‌പെന്‍ഷന്‍ ഒരുക്കും. 

334 സി.സി. സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ആല്‍ഫ2 എന്‍ജിനാണ് ജാവ 42 എഫ്.ജെയില്‍ കരുത്തേകുന്നത്. ഇത് 21.45 ബി.എച്ച്.പി. പവറും 29.62 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പ് അസിസ്റ്റ് ക്ലെച്ച് സംവിധാനത്തിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി മുന്നിലും പിന്നിലും 320 എം.എം. വിലപ്പമുള്ള ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും സുരക്ഷ കാര്യക്ഷമമാക്കും.