മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് മേധാവിയുടെ ട്വിറ്റര്‍ വൈവിധ്യങ്ങളുടെ കലവറയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ആളുകളുടെ ക്രിയേറ്റിവിറ്റികള്‍ അവിടെ കാണാന്‍ സാധിക്കും. തകിട് ഉപയോഗിച്ച് ഉണ്ടാക്കിയ ഫോര്‍വീലര്‍, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കിയ ഓട്ടോ, ഹൈടെക് ഓട്ടോ, പാല്‍ കറക്കുന്ന ടാക്ടര്‍ തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങള്‍ പുറംലോകത്തെ അറിയിച്ചത് അദ്ദേഹമാണ്. ഇത്തരത്തിലുള്ള കുറച്ച് കളര്‍ഫുള്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

To advertise here,

പൂര്‍ണമായും മോഡിഫൈ ചെയ്ത നിലയിലുള്ള ബജാജ് ചേതക് സ്‌കൂട്ടറിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. ഈ സ്‌കൂട്ടര്‍ അലങ്കരിച്ചിരിക്കുന്ന രീതിയാണ് ഏറെ ആകര്‍ഷകം. എല്‍.ഇ.ഡി. ലൈറ്റുകളും പല തരത്തിലുള്ള ആഭരണങ്ങളും, പല വര്‍ഷങ്ങളിലുള്ള സ്റ്റിക്കറുകളും, തോരണങ്ങളും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്. പൂര്‍ണമായും പ്രകാശപൂരിതമായാണ് ഈ സ്‌കൂട്ടര്‍ റോഡിലൂടെ പോകുന്നത്. ഇതാണ് ആനന്ദ് മഹീന്ദ്രയേയും ആകര്‍ഷിച്ചിരിക്കുന്നത്. 

ജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കളര്‍ഫുള്ളും വിനോദപ്രദവുമാക്കാം, ഇത് ഇന്ത്യയില്‍ മാത്രം എന്ന കുറിപ്പോടെയാണ് സ്‌കൂട്ടറിന്റെ വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. സ്‌കൂട്ടറിന് മുന്നില്‍ നല്‍കിയിട്ടുള്ള വിന്‍ഡ് ഷീല്‍ഡില്‍ കാറുകളില്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് സമാനമായ സ്‌ക്രീന്‍ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം മ്യൂസിക് സിസ്റ്റവും നല്‍കിയാണ് ഈ ചേതക്കിനെ മോടിപിടിപ്പിച്ചിരിക്കുന്നത്. പല തരത്തിലുള്ള ചിത്രങ്ങളും സ്‌കൂട്ടറില്‍ കാണാം.

ബജാജ് ചേതക്കിന്റെ പഴയ പെട്രോള്‍ മോഡലാണ് ഇത്തരത്തില്‍ മാറ്റിയെടുത്തിരിക്കുന്നത്. ഒരു പെട്രോള്‍ പമ്പില്‍ നിന്നുള്ള വീഡിയോ ദൃശ്യമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ഒരു സംഗീതം കേള്‍ക്കുന്നതിനൊപ്പം സ്‌ക്രീനില്‍ ചില ദൃശ്യങ്ങളും തെളിയുന്നുണ്ട്. ബജാജ് മുമ്പ് പുറത്തിറക്കിയിരുന്ന ചേതക് പെട്രോള്‍ പതിപ്പ് ഉത്പാദനം അവസാനിപ്പിച്ചതിന് ശേഷം ഇപ്പോള്‍ ചേതക് ബ്രാന്റില്‍ ഇലക്ട്രിക് വാഹനമാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്.