തിരുവനന്തപുരം: ചെറിയൊരു പ്രതിസന്ധി സംഭവിക്കുമ്പോള്‍ തളര്‍ന്നെന്നു തോന്നുന്ന ആളുകള്‍ മാതൃകയാക്കേണ്ട ജീവിതമാണ് പശ്ചിമബംഗാള്‍ സ്വദേശി കൊറോക് ബിശ്വാസിന്റേത്. ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതകാവസ്ഥയുമായി പിറക്കുകയും ജീവിതത്തിലെ ഓരോ നിമിഷവും സന്ധിയില്ലാതെ പൊരുതുകയും ചെയ്യുന്ന കൊറോക് ബിശ്വാസ് ഇന്ന് രാജ്യമറിയുന്ന നര്‍ത്തകനാണ്. ഭൗതിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിഭാഗത്തില്‍ നാല് ദേശീയ പുരസ്‌കാരവും മൂന്ന് അന്തര്‍ദേശീയ പുരസ്‌കാരവും നേടിയിട്ടുള്ള കൊറോക് ബിശ്വാസ് ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹന്‍ 2025-ല്‍ അവതരിപ്പിച്ച നൃത്തം ആസ്വാദകര്‍ക്ക് നവ്യാനുഭവമായി.

To advertise here,

2014 മുതലാണ് കൊറോക് ബിശ്വാസ് നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയത്. ക്ലാസിക്കല്‍ രൂപങ്ങളായ ഭരതനാട്യം, ഗൗഡിയ എന്നിവയ്ക്ക് പുറമെ സെമി ക്ലാസിക്കല്‍, നാടന്‍ കലകള്‍, പരമ്പരാഗത ബംഗാള്‍ കലാരൂപങ്ങളായ രബീന്ദ്ര നൃത്തം, നസ്രുള്‍ നൃത്തം എന്നിവയിലും കൊറോക് ബിശ്വാസ് പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. പരിമിതികള്‍ക്കപ്പുറത്തേക്ക് തന്റെ സ്വതസിദ്ധമായ നൃത്തകലകള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രകടിപ്പിച്ചിട്ടുള്ള കൊറോക് ബിശ്വാസ്, പാരിസിലെ ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സില്‍ മുന്‍ അംഗമാണ്. പ്രതിസന്ധികള്‍ ഓരോന്നും തരണം ചെയ്ത് രാജ്യമെമ്പാടും നൃത്ത പരിപാടി നടത്തിയിട്ടുള്ള ഈ അതുല്യ കലാകാരന്‍, ജീവിതത്തില്‍ ഏതു സാഹചര്യത്തിലും പൊരുതി നില്‍ക്കേണ്ട മഹത്തായ പാഠമാണ് പകര്‍ന്നു നല്‍കുന്നത്.

ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് സമാപനം

കിന്‍ഫ്ര ഫിലിം പാര്‍ക്കിലെ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ രണ്ടുദിവസമായി നടന്ന കലാമേളയുടെ സമാപന സമ്മേളനം പ്രശസ്ത സിനിമ താരം അജയകുമാര്‍ (ഗിന്നസ് പക്രു) ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ആളുകളുടെ കഴിവുകള്‍ ആഘോഷിക്കുന്ന തരത്തിലുള്ള വേദിയാണ് സമ്മോഹനിലൂടെ ഒരുക്കി നല്‍കുന്നതെന്ന് അജയകുമാര്‍ പറഞ്ഞു. ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ സ്ഥാപകനും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാട് അധ്യക്ഷത വഹിച്ചു.

പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ, തമിഴ്നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഇരുന്നോറോളം ഭിന്നശേഷി കലാകാരന്മാരാണ് മേളയില്‍ പങ്കെടുത്തത്. ഡല്‍ഹിയിലെ ന്യൂറോഡൈവേഴ്‌സ് സംഗീത ബാന്‍ഡായ 'ചയനിത് ദ് ചോസണ്‍ വണ്‍' അവതരിപ്പിച്ച സംഗീതനിശയും കലാമേളയ്ക്ക് മാറ്റുകൂട്ടി.